പത്തനംതിട്ട: കോന്നിയിലെ എൽഡിഎഫ് സ്ഥാനാർഥി കെ.യു. ജനീഷ് കുമാറിന് ബാങ്ക് നിക്ഷേപങ്ങളിലും കൈവശവുമായി 8,41,281 രൂപയും ഭാര്യയുടെ വശം 11,82,074 രൂപയുമുള്ളതായി സത്യവാങ്മൂലം. ഇന്നലെ നാമനിർദേശപത്രികയ്ക്കൊപ്പമാണ് സ്വത്തുക്കളെ സംബന്ധിച്ച സത്യവാങ്മൂലം നൽകിയത്. ജനീഷിന് 7.86 ലക്ഷത്തിന്റെയും ഭാര്യക്ക് 3,05,851 രൂപയുടെയും ബാധ്യതയുണ്ട്. വിവിധ സമരങ്ങളിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ട കേസുകൾ മാത്രമാണ് നിലവിലുള്ളതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
മോഹൻരാജിന് സന്പാദ്യം 90,702 രൂപയുടേത്, ഭാര്യയ്ക് 48.29 ലക്ഷത്തിന്റേത്
പത്തനംതിട്ട: കോന്നിയിലെ യുഡിഎഫ് സ്ഥാനാർഥി പി. മോഹൻരാജിന് കൈവശവും ബാങ്കിലുമായുള്ളത് 90,702 രൂപയും ഭാര്യയ്ക്ക് 48,29,229 രൂപയുടെയും ആസ്തി ഉള്ളതായി സത്യവാങ്മൂലം. മോഹൻരാജിന്റെ പേരിൽ 15ലക്ഷം രൂപയുടെയും ഭാര്യയുടെ പേരിൽ 25 ലക്ഷം രൂപയുടെയും വസ്തുവകകളും മറ്റുമുണ്ട്. മോഹൻരാജിന് മൂന്നുലക്ഷം രൂപയുടെയും ഭാര്യക്ക് 27,38,268 രൂപയുടെയും ആസ്തി ബാധ്യതകളുമുണ്ട്. വഴിതടഞ്ഞുകൊണ്ടുള്ള സമരങ്ങളിലടക്കം പങ്കെടുത്തതിനാണ് കേസുകൾ നിലവിലുള്ളതെന്ന് മോഹൻരാജ് സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.
സുരേന്ദ്രന്റെ പേരിൽ 240 കേസുകളെന്ന് സത്യവാങ്മൂലം
പത്തനംതിട്ട: കോന്നിയിലെ എൻഡിഎ സ്ഥാനാർഥി കെ. സുരേന്ദ്രൻ സമർപ്പിച്ച സത്യവാങ്മൂലത്തിൽ തനിക്കെതിരെ സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലും കോടതികളിലുമായി 240 കേസുകൾ ഉള്ളതായി പറയുന്നു. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ടു നടന്നിട്ടുള്ള സമരങ്ങളിൽ പങ്കെടുത്തതടക്കമുള്ള കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച സുരേന്ദ്രൻ ആദ്യം സമർപ്പിച്ച സത്യവാങ്മൂലത്തിൽ കേസുകളുടെ എണ്ണം കുറച്ചുകാട്ടിയെന്ന പേരിൽ പരാതികളുണ്ടായിരുന്നു. സുരേന്ദ്രന് 3,99,280 രൂപയുടെയും ഭാര്യയ്ക്ക് 1,10,764 രൂപയുമാണ് കൈവശവും ബാങ്ക് നിക്ഷേപവുമായുള്ളത്. വീടും വസ്തുവകകളുമായി 32 ലക്ഷം രൂപയുടെയും സ്വത്തുക്കളുമാണുള്ളത്. 12,89,377 രൂപയുടേതാണ് ആസ്തി ബാധ്യതകൾ.