വടക്കാഞ്ചേരി: വള്ളുവനാടൻ ഗ്രാമപ്രദേശങ്ങളിൽ മലയാള സിനിമകളുടെ ചിത്രീകരണങ്ങൾ സജീവമായതോടെ എം.ടി. വാസുദേവൻ നായരും ഹരിഹരനും ചേർന്നു ഹിറ്റാക്കിയ പൈങ്കുളത്തെ കോന്നനാത്ത് തറവാടുതേടി വീണ്ടും സിനിമാക്കാർ എത്തിത്തുടങ്ങി.
മോഹൻലാൽ ഏറെ ഇഷ്ടപ്പെടുന്ന ലൊക്കേഷൻ കൂടിയായ പൈങ്കുളവും കോന്നനാത്ത് തറവാടും പ്രദേശവും അദ്ദേഹം നായകനായി അഭിനയിക്കുന്ന ആറാട്ടിന്റെ ചിതീകരണത്തിനും തെരഞ്ഞെടുത്തിരുന്നു.
എന്നാൽ, കാലപ്പഴക്കമുള്ള തറവാട് ഷൂട്ടിംഗിനായി കൊടുത്താൽ കേടു സംഭവിക്കുമെന്നു കരുതിയാണു വിട്ടുകൊടുക്കാത്തതെന്നു താമസക്കാരായ സന്ദീപ് പൈങ്കുളം പറഞ്ഞു.
ആധാരം, ആകാശത്തിലെ പറവകൾ, ഈ പുഴയും കടന്ന്, വധു ഡോക്ടറാണ്, യാത്രമൊഴി, പഞ്ചാഗ്നി, തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ ചിത്രീകരണം നടന്നതു കോന്നനാത്ത് തറവാട്ടിലും പരിസര പ്രദേശങ്ങളിലുമാണ്. നിളാതീരവും നെൽവയലുകളും കാവുകളും എല്ലാം ഉൾപ്പെട്ട പ്രദേശത്താണു തറവാടു സ്ഥിതി ചെയ്യുന്നത്.
അടൂർ ഗോപാലകൃഷ്ണൻ അടക്കമുള്ളവർ ചിത്രീകരണത്തിനായി തറവാട് ആവശ്യപ്പെട്ടിരുന്നതായി വീട്ടുടമ പറഞ്ഞു. ഏട്ടു കെട്ടുകളിൽ അവശേഷിക്കുന്ന ഒരു തറവാടു കൂടിയാണ് കോന്നനാത്ത് തറവാട്.