കൊച്ചി: ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ കോന്തുരുത്തി പുഴയുടെ വീതി 42 മീറ്ററാക്കേണ്ടിവരുന്പോൾ തീരത്ത് താമസിക്കുന്ന കുടുംബങ്ങളെ കുടിയൊഴിപ്പിക്കേണ്ടിവരുമെന്ന് മേയർ സൗമിനി ജെയിൻ കൗണ്‍സിലിനെ അറിയിച്ചു.
കോന്തുരുത്തി പുഴയുമായി ബന്ധപ്പെട്ട കേസിൽ വീതി 16 മീറ്ററാക്കാനായിരുന്നു കോർപറേഷന്റെ തീരുമാനം. അങ്ങനെയെങ്കിൽ കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിൽ കുറവുണ്ടാകുമായിരുന്നു. എന്നാൽ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ 42 മീറ്ററായി ഉയർത്തുന്പോൾ കൂടുതൽ കുടുംബങ്ങളെ കുടിയൊഴിപ്പിക്കേണ്ടിവരുന്ന സാഹചര്യമുണ്ടാകും.
ഇവരെ പുനരധിവസിപ്പിക്കുന്നതിനായി ലൈഫ് പദ്ധതിയിൽപ്പെടുത്തി ഫ്ലാറ്റ് നിർമിക്കുന്നതിനെക്കുറിച്ച് ആലോചനയുണ്ട്. ഇതിനുള്ള സാന്പത്തിക സഹായം സർക്കാരിനോട് ആവശ്യപ്പെടുമെന്നും മേയർ കൗണ്‍സിലിനെ അറിയിച്ചു.
അനധികൃത കച്ചടങ്ങൾ നിയന്ത്രിക്കുന്നതിനായി ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിരുന്നതാണ്. എന്നാൽ ചിലർ ഇപ്പോഴും അക്കാര്യത്തിൽ വീഴ്ച വരുത്തുന്നതായി ബോധ്യപ്പെട്ടിട്ടുണ്ട്. ഇവർക്ക് അനുകൂലമായി ചില കൗണ്‍സിലർമാർ രംഗത്തുവരുന്നുണ്ട്. അത് കച്ചവടങ്ങളെ നിയന്ത്രിക്കുന്നതിന് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും മേയർ ചൂണ്ടിക്കാട്ടി.
കോർപറേഷനിലെ നാലു കമ്മിറ്റികൾക്ക് ചെയർമാൻമാർ ഇല്ലാത്തതിനാൽ ഭരണം അവതാളത്തിലാണെന്ന് പ്രതിപക്ഷ കൗണ്‍സിലർമാർ ചൂണ്ടിക്കാട്ടി. മഹാകവി ജി.ശങ്കരപ്പിള്ളയുടെ സ്മരണാർത്ഥം നിർമിക്കാൻ നിശ്ചയിച്ച ജി സ്മാരകത്തിന്റെ പണി ഇതുവരെ ആരംഭിച്ചിട്ടില്ല. സി.എം. ദിനേശ്മണി മേയർ ആയിരുന്ന കാലത്ത് ഒരേക്കർ ഭൂമിയാണ് ജി. സ്മാരകത്തിനായി അനുവദിച്ചത്.
സ്ഥലം ഇപ്പോൾ 25 സെന്റായി ചുരുങ്ങിയെന്നും പ്രതിപക്ഷം ആരോപിച്ചു. 25 സെന്റ് സ്ഥലം സർക്കാർ നൽകാമെന്ന് പറഞ്ഞെങ്കിലും ഇതുവരെ അളന്നു തിരിച്ചു കിട്ടിയിട്ടില്ലെന്ന് മേയർ ചൂണ്ടിക്കാട്ടി. സ്ഥലം ലഭിക്കുന്നമുറയ്ക്ക് സ്മാരകത്തിന്റെ നിർമാണം ആരംഭിക്കുമെന്നും അവർ പറഞ്ഞു.
പനന്പിള്ളിനഗർ വാക്ക്വേ അനധികൃതമായി പലരും കൈവശം വച്ചിരിക്കുകയാണെന്നും സമീപത്തുള്ള പാർക്കിംഗ് സ്ഥലത്തെ ഫീസ് പിരിക്കുന്നത് ആരാണെന്നും പോലും അറിയില്ലെന്നും ഭരണ- പ്രതിപക്ഷ വ്യത്യാസമില്ലാതെ കൗണ്‍സിലർമാർ ആരോപിച്ചു.
അനധികൃതമായി പച്ചക്കറി കടയും വാക്വേ സംരക്ഷണ സമിതിയുടെ ഓഫീസും അവിടെ പ്രവർത്തിക്കുന്നുണ്ട്. മോശമായ രീതിയിലാണ് വാക്വേ സംരക്ഷിക്കപ്പെടുന്നത്.
വാക്വേ സംരക്ഷണത്തിനായി ജിസിഡിഎയും കെഎംആർഎലും കൊച്ചി കോർപറേഷനും ഉൾപ്പെടുന്ന സമിതി നിലവിൽ ഉണ്ടെങ്കിലും യോഗം ചേരാറില്ലെന്നും കൗണ്‍സിലർമാർ പറഞ്ഞു. പ്രതിപക്ഷത്തിന്റെ എതിർപ്പിനെ തുടർന്ന് സപ്ലിമെന്ററി അജണ്ടകൾ അടുത്ത കൗണ്‍സിലിലേക്ക് മാറ്റിവച്ചു.