പത്തനംതിട്ട: ഭാര്യയെയും അയല്‍വാസിയെയും യുവാവ് വെട്ടിക്കൊലപ്പെടുത്തിയ സംഭവം അന്വേഷിക്കാന്‍ പോലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു. കോന്നി ഡിവൈഎസ്പി ടി. രാജപ്പന്റെ മേല്‍നോട്ടത്തില്‍, കൂടല്‍ പോലീസ് ഇന്‍സ്പെക്ടര്‍ സി. എല്‍. സുധീറിനാണ് അന്വേഷണച്ചുമതല. എസ്ഐ അനില്‍കുമാര്‍, എസ് സിപിഒമാരായ സജികുമാര്‍, സുനില്‍ കുമാര്‍,സുബിന്, സിപിഒമാരായ രാജേഷ്, ബാബുക്കുട്ടന് എന്നിവരാണ് സംഘത്തിലുള്ളത്. കൂടല്‍ പാടം പടയണിപ്പാറ ബൈജു ഭവനത്തില്‍ വൈഷ്ണ (30), പാടം കുറിഞ്ഞി സതിഭവനം വിഷ്ണു (30) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് വൈഷ്ണയുടെ ഭര്‍ത്താവ് ബൈജുവാണ് (34) അറസ്റ്റിലായത്.
ഭാര്യയും അയല്‍വാസിയായ വിഷ്ണുവും തമ്മിലുള്ള രഹസ്യബന്ധത്തിന്റെ പേരിലാണ് കൊലപാതകമെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ഇതനുസരിച്ചുള്ള മൊഴിയാണ് ബൈജുവില്‍ നിന്നും ബന്ധുക്കളില്‍ നിന്നും പോലീസിനു ലഭിച്ചത്. ഞായറാഴ്ച രാത്രി വൈഷ്ണ ഉപയോഗിച്ചുവന്നിരുന്ന രഹസ്യ ഫോണ്‍ ബൈജുവിന്റെ ശ്രദ്ധയില്‍പ്പെട്ടതാണ് പ്രകോപന കാരണം. ഇതേത്തുടര്‍ന്നു വഴക്കുണ്ടായി. ആക്രമണം ഭയന്ന് ഓടിയ വൈഷ്ണയെ പിന്നാലെ എത്തിയ ബൈജു വിഷ്ണുവിന്റെ വീട്ടില്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. വടിവാള്‍ ഉപയോഗിച്ചാണ് വെട്ടിക്കൊലപ്പെടുത്തിയത്.
പാടം സ്വദേശിയായ വിഷ്ണുവും അമ്മ സതിയും ഒന്നര വര്‍ഷമായി ബൈജുവിന്റെ വീടിനുസമീപം വാടകയ്ക്ക് താമസിക്കുകയാണ്. സതിയുടെ ഭര്‍ത്താവ് 10 വര്‍ഷം മുമ്പ് ഉപേക്ഷിച്ചു പോയതാണ്. വിഷ്ണുവിന് തടിപ്പണിയാണ്. രാത്രി ജോലികഴിഞ്ഞ് എത്തിയ വിഷ്ണു എട്ടോടെ ഉറങ്ങാന്‍ കിടന്നതായി സതി കൂടല്‍ പോലീസില്‍ നല്കിയ മൊഴിയില്‍ പറയുന്നു.
രാത്രി പതിനൊന്നോടെ വീടിന്റെ സിറ്റൗട്ടില്‍ നിലവിളി കേട്ട് പുറത്തിറങ്ങി നോക്കുമ്പോള്‍ മകന് ചോരയില്‍ കുളിച്ചുകിടക്കുന്നതായും, ബൈജു കൊടുവാള് കൊണ്ട് വെട്ടിയതായും പിടിച്ചു മാറ്റാന്‍ ശ്രമിച്ചപ്പോള്‍ തന്നെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും സതി പോലീസിനു നല്കിയ മൊഴിയില്‍ പറയുന്നു.
വിഷ്ണുവിന്റെ അരികിലായി വൈഷ്ണയും വെട്ടേറ്റു കിടക്കുകയായിരുന്നു. സതി സമീപവാസിയുടെ വീട്ടിലെത്തി വിവരം അറിയിക്കുകയായിരുന്നു. ബൈജുവും ഇക്കാര്യം സുഹൃത്തിനെ വിളിച്ച് അറിയിച്ചിരുന്നു. കൊല്ലപ്പെട്ട വിഷ്ണുവും ബൈജുവും സംഭവദിവസവും ഒന്നിച്ചു തടിപ്പണിക്കു പോയിരുന്നവരാണെന്ന് പറയുന്നു.