ഇരിങ്ങാലക്കുട: കൂടൽമാണിക്യം ദേവസ്വത്തിന്റെ കീഴിലുള്ള പോട്ട വില്ലേജിലെ ഭൂമികളിൽ വ്യാപകമായി കൈയേറ്റം നടന്നതായി കണ്ടെത്തി. വെള്ളിയാഴ്ച ദേവസ്വം അധികൃതരുടെ സാന്നിധ്യത്തിൽ വില്ലേജ് അസിസ്റ്റന്റ്, സർവേയർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണു കൈയേറ്റങ്ങൾ കണ്ടെത്തിയത്.
പോട്ട വില്ലേജിലെ കാളഞ്ചിറയിൽ 68 സെന്റ്, വ്യാസ വിദ്യാനികേതനു സമീപം 37 സെന്റ്, പോട്ട കച്ചേരിപ്പറന്പിൽ ഒരേക്കർ 34 സെന്റ്, പോട്ട പള്ളിക്ക് എതിർവശം 13 സെന്റിലും ഭൂമി കൈയേറ്റം നടന്നതായി ഉദ്യോഗസ്ഥരും ദേവസ്വവും കണ്ടെത്തി.
തുടർ നടപടികൾക്കായി വില്ലേജ് ഉദ്യോഗസ്ഥന്റെയും എംഎൽഎയുടെയും നിർദേശപ്രകാരം കളക്ടർക്കും തഹസിൽദാർക്കും രേഖാമൂലം പരാതി നൽകുവാൻ ദേവസ്വം തീരുമാനിച്ചു. രണ്ടു ദിവസത്തിനകം ഈ സ്ഥലങ്ങളിലെല്ലാം കൂടൽമാണിക്യം ദേവസ്വത്തിന്റെ ഉടമസ്ഥതാവകാശ ബോർഡ് സ്ഥാപിക്കുവാനും അന്യാധീനപ്പെട്ട ഭൂമി എത്രയും പെട്ടെന്ന് തിരിച്ചുപിടിക്കുവാനും തീരുമാനിച്ചിട്ടുണ്ട്.
കൂടപ്പുഴ ആറാട്ടുകടവിലെ വികസനപ്രവർത്തനങ്ങൾക്കായി ബി.ഡി. ദേവസി എംഎൽഎ, ചാലക്കുടി നഗരസഭാ ചെയർപേഴ്സണ്‍ ജയന്തി പ്രവീണ്‍കുമാർ എന്നിവരുമായി ദേവസ്വം ചർച്ച നടത്തിയിരുന്നു. ഈ യോഗത്തിൽ വെച്ചാണ് ദേവസ്വം ഭൂമികൾ അളന്ന് തിട്ടപ്പെടുത്താൻ തീരുമാനിച്ചത്.
ദേവസ്വം ചെയർമാൻ യു. പ്രദീപ് മേനോൻ, ഭരണസമിതി അംഗങ്ങൾ, ഉദ്യോഗസ്ഥർ എന്നിവരും ഭൂമി അളക്കുന്നതിന്റെ ഭാഗമായി സ്ഥലത്തെത്തിയിരുന്നു.