ഇരിങ്ങാലക്കുട: കൂടൽമാണിക്യം ക്ഷേത്രത്തിലെ തിടന്പേറ്റുന്ന അഞ്ച് വലിയ ആനകളും രണ്ട് ഉള്ളാനകളും ഉൾപ്പെടെ ഏഴ് ആനകൾക്ക് തനി തങ്കത്തിൽ തീർത്ത നെറ്റിപ്പട്ടങ്ങളാണ് ഉപയോഗിക്കുക. കൂടാതെ തിടന്പെഴുന്നള്ളിക്കുന്ന ആനയുടെ കോലവും, കുടയുടെ അലകും, മകുടവും, വെണ്ചാമരത്തിന്റെ പിടിയും സ്വർണനിർമിതമാണ്. മറ്റ് പത്ത് ആനകൾക്ക് മേൽത്തരം വെള്ളിചമയങ്ങളാണ് ഉപയോഗിക്കുന്നത്.
സ്വന്തം സാധനങ്ങൾ മാത്രമേ ഉപയോഗിക്കൂ എന്ന ചിട്ടയുള്ള കൂടൽമാണിക്യത്തിൽ ഇവയെല്ലാം ദേവസ്വത്തിന് സ്വന്തമായിട്ടുണ്ട്.ഭഗവാനെ എഴുന്നള്ളിക്കുന്ന ആനക്ക് പച്ചക്കുടയാണ് ഒരുക്കിയിട്ടുള്ളത്. കോലത്തിൽ ഭഗവാന്റെ രൂപമുള്ള ഗോളികയും തിടന്പ് വെക്കുന്നതിനുള്ള സ്ഥലവും കഴിഞ്ഞാൽ ബാക്കി ഭാഗം സ്വർണ പൂക്കൾ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്.
സ്വർണത്തിന്റെയോ വെള്ളിയുടെയോ നെറ്റിപ്പട്ടങ്ങളിലുള്ള ഗോളികകൾ, വട്ടക്കിണ്ണം, കൂന്പൻ കിണ്ണം, എടക്കിണ്ണം, ചന്ദ്രക്കല, നാഗപടം, അരുക്കവടികൾ, വിവിധ വലുപ്പത്തിലുള്ള ഏഴുതരം ചുണ്ടങ്ങകൾ എന്നിവയെല്ലാം തന്നെ തനി സ്വർണത്തിലോ വെള്ളിയിലോ തീർത്തതാണ്. തിടന്പേറ്റുന്ന ആനയുടെ കുട, അലക്കുകൾ, വെഞ്ചാമരത്തിന്റെ പിടി എന്നിവയും സ്വർണനിർമിതമാണ്. കോലത്തിന് മുകളിൽ സ്വർണമകുടവുമുണ്ട്. നെറ്റിപ്പട്ടങ്ങൾ പുതിയ പട്ടുനൂലും പട്ടും ഉപയോഗിച്ച് പൊടിയും കച്ചയും തുന്നിച്ചേർത്ത് ഭംഗിയാക്കി.
ഗജവീരന്മാരുടെ കഴുത്തിലണിയാനുള്ള മണികൾ കോർക്കുന്നതിനുള്ള വട്ടകയറും എഴുന്നള്ളിക്കുന്ന ആനക്കായി വിവിധ വർണത്തിലുള്ള കുടകളാണ് തയ്യാറാക്കിയിട്ടുള്ളത്. കീഴേടമായ അയ്യങ്കാവിലേക്കല്ലാതെ ചമയങ്ങൾ നൽകുകയോ വാങ്ങുകയോ ഇവിടെ പതിവില്ല. അരിന്പൂർ കുന്നത്തങ്ങാടി പുഷ്ക്കരനും സംഘവുമാണ് ഉത്സവത്തിനായുള്ള ചമയങ്ങളൊരുക്കിയത്.
ആനച്ചമയങ്ങളുടെ പണി പൂർത്തിയായി
ഇരിങ്ങാലക്കുട: ഉൽസവത്തിനോടനുബന്ധിച്ചുള്ള പകൽ ശീവലിയും രാത്രി വിളക്കെഴുന്നള്ളിപ്പും അവിസ്മരണീയമാക്കുവാൻ ആനച്ചമയങ്ങളുടെ പണികൾ പൂർത്തിയായി. ഗജവീരൻമാർക്ക് അണിയാൻ സ്വർണകോലവും, വെള്ളിപിടികളോടു കൂടിയുള്ള വെണ്ചാമരങ്ങളും, തനി തങ്ക നെറ്റിപ്പട്ടങ്ങളും,ആലവട്ടങ്ങളും, കഴുത്തിലും കൈകളിലും അണിയുന്ന മണികളുമാണ് തയാറായിട്ടുള്ളത്. എഴുന്നള്ളിപ്പിനുള്ള വർണകുടകൾ, ആലവട്ടം, അലക്ക്, മകുടം, കോലം, തുടങ്ങിയ ചമയങ്ങളുടെയും പണികൾ പൂർത്തിയായിട്ടുണ്ട്.