കൂടരഞ്ഞി: കുളിരാമുട്ടി പൂവാറൻതോടിൽ പിക്കപ്പ് ജീപ്പ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി രണ്ടു പേർ മരിച്ചു. കുളിരാമുട്ടി പുലിക്കുന്നത്ത് സുന്ദരൻ (65), കവുങ്ങുംതോട്ടത്തിൽ തങ്കൻ എന്ന ജോണ് (65) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ 9.45നായിരുന്നു അപകടം.
ഇറക്കം ഇറങ്ങിവരികയായിരുന്നു പിക്കപ്പ് ജീപ്പാണ് അപകടത്തിൽപ്പെട്ടത്. ജോമോൻ എന്നയാളുടെ കടയിലേക്കാണ് ജീപ്പ് ഇടിച്ചു കയറിയത്. കടയിൽ ചായ കുടിച്ചുകൊണ്ടിരിക്കുകയായിരുന്നു സുന്ദരനും ജോണും. ജോമോൻ ഉൾപ്പെടെ മറ്റ് അഞ്ചുപേർക്കും പരിക്കുണ്ട്.
ഇടിയുടെ ആഘാതത്തിൽ കട ഏറെക്കുറെ തകർന്നു. ജെസിബി ഉപയോഗിച്ചാണ് പിക്കപ്പ് ജീപ്പ് പുറത്തെടുത്തത്. പരിക്കേറ്റ രണ്ടുപേരെയും ഉടൻതന്നെ മണാശേരിയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. പലചരക്കുകടയും ചായക്കടയും പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലേക്കാണ് ജീപ്പ് ഇടിച്ചുകയറിയത്.