കോഴിക്കോട്: പ്രമാദമായ കൂടത്തായി കൊലപാതക പരന്പര കേസിൽ പ്രാഥമിക വാദം ഇന്ന് തുടങ്ങും. ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് വിചാരണ.
കൂടത്തായി പൊന്നാമറ്റം വീട്ടിൽ ടോം തോമസ്, ഭാര്യ അന്നമ്മ, മകൻ റോയ് തോമസ്, അന്നമ്മയുടെ സഹോദരൻ മഞ്ചാടി മാത്യു, ബന്ധുവായ സിലി, സിലിയുടെ മകൾ ആൽഫൈൻ എന്നിവരെ കൊന്നതായാണ് കേസ്.
റോയ് തോമസ്, സിലി വധക്കേസുകളിലാണ് ഇന്ന് പ്രാഥമികവാദം കേൾക്കുക. കൊല്ലപ്പെട്ട റോയ് തോമസിന്റെ ഭാര്യയായിരുന്ന ജോളി, എം.എസ്. മാത്യു, പ്രജികുമാർ എന്നിവരാണ് കേസിലെ പ്രതികൾ.
റോയ് വധക്കേസിൽ മനോജ്, നോട്ടറി അഭിഭാഷകൻ സി. വിജയകുമാർ എന്നിവരും പ്രതികളാണ്. ടോം തോമസിന്റെ വ്യാജ ഒസ്യത്ത് തയാറാക്കാൻ സഹായിച്ചെന്നതാണ് നോട്ടറി അഭിഭാഷകന് എതിരായ കുറ്റം.
കോടതിയുടെ അനുമതിപ്രകാരം ഇയാളെ പ്രതിചേർത്ത് കഴിഞ്ഞ ദിവസം അനുബന്ധ കുറ്റപത്രം നൽകിയിരുന്നു. വിജയകുമാറിന് സമൻസ് നൽകി വിളിച്ചുവരുത്തിയ ശേഷമാകും കോടതി വാദം കേൾക്കലിലേക്ക് കടക്കുക.