പത്തനംതിട്ട:കൂടത്തായ് കേസുമായി ബന്ധപ്പെട്ട് നല്ലനിലയിലാണ് അന്വേഷണം പൂര്‍ത്തീകരിച്ചിട്ടുള്ളതെന്നും ഇതുമായി ബന്ധപ്പെട്ട് ഒരു വിവാദവും തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും മുമ്പ് കേസ് അന്വേഷണസംഘത്തിന്റെ തലവനും നിലവില്‍ പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുമായ കെ.ജി. സൈമണ്‍ ‘രാഷ്ട്രദീപിക’യോടു പ്രതികരിച്ചു.
കേസില്‍ ആരെയൊക്കെ പ്രതികളാക്കണമെന്നും സാക്ഷികളാക്കണമെന്നുമൊക്കെ തീരുമാനിക്കാനുള്ള അധികാരം അന്വേഷണസംഘത്തിനുണ്ട്. നല്ലനിലയില്‍ അന്വേഷണം നടത്തിയ കേസാണ് കൂടത്തായ്. ഇതുമായി ബന്ധപ്പെട്ട് ഒരുകൂട്ടം ഉദ്യോഗസ്ഥര്‍ രാപകല്‍ കഷ്ടപ്പെട്ടിട്ടുണ്ട്.
കൊലപാതകങ്ങളിലേക്കു വെളിച്ചം വീശുന്ന യാതൊന്നും ഇല്ലാതിരുന്ന സ്ഥാനത്തുനിന്നാണ് അന്വേഷണത്തിലൂടെ ഇത്രമാത്രം തെളിവുകളും സാക്ഷികളുമായി കേസ് കോടതിയിലെത്തിയത്. അത്തരം ഒരു കേസ് ഇല്ലാതാക്കാന്‍ ഒരു പോലീസ് ഉദ്യോഗസ്ഥനും ശ്രമിക്കില്ല.
തെളിവുകളുടെ പിന്‍ബലത്തിലാണ് ഓരോ കേസിലും പ്രതികളെ കണ്ടെത്തുന്നത്. ഇതില്‍ ചിലര്‍ക്ക് കുറ്റകൃത്യവുമായി നേരിട്ടു ബന്ധമില്ലെന്നു കണ്ടെത്തിയേക്കാം. ഇവരെ സാക്ഷിപ്പട്ടികയിലേക്കു മാറ്റണമോയെന്നു തീരുമാനിക്കുന്നതും അന്വേഷണസംഘമാണ്.
കൂടത്തായ് കേസില്‍ അനാവശ്യമായി പേരെടുക്കാനോ കൈയടി വാങ്ങാനോ ആരും ശ്രമിച്ചതായി തനിക്കു തോന്നിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. കൃത്യമായി അന്വേഷണമാണ് നടന്നത്. ആരെങ്കിലും പറയുന്നതു കേട്ട് ആരെയെങ്കിലും പ്രതി ചേര്‍ക്കാനാകില്ല.
കോടതിയില്‍ നിലനില്‍ക്കുന്ന കേസില്‍ കൂടുതല്‍ അഭിപ്രായപ്രകടനത്തിനില്ലെന്ന് എസ്പി കൂട്ടിച്ചേർത്തു. കേസുമായി ബന്ധപ്പെട്ട് പല കത്തുകളും വകുപ്പുതലത്തില്‍ കൈമാറിയിട്ടുണ്ടാകാം. ഇതെല്ലാം പുറത്തുപറയാനാകില്ലെന്നും കെ.ജി. സൈമണ്‍ അഭിപ്രായപ്പെട്ടു. ജോളിയുടെ മകനില്‍ നിന്നു നിര്‍ണായകമായ വെളിപ്പെടുത്തലുണ്ടായിട്ടുണ്ട്.
ഇത്തരത്തില്‍ നിര്‍ണായകമായ സാക്ഷിമൊഴികള്‍ കേസിന് ബലം നല്‍കുന്നുണ്ട്. രണ്ടാം ഭര്‍ത്താവ് ഷാജു ഉള്‍പ്പെടെയുള്ളവരെ സംബന്ധിച്ചും വ്യക്തമായ ധാരണയുണ്ട്.
ഇവരില്‍ ആരൊക്കെയാണ് പ്രതികളെന്നും സാക്ഷികളെന്നുമൊക്ക അന്വേഷണസംഘം തീരുമാനിക്കേണ്ട വിഷയങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.