കോഴിക്കോട് : രാജ്യത്തിനകത്തും പുറത്തും വരെ സംസ്ഥാന പോലീസിന്റെ യശസുയര്‍ത്തിയ കൂടത്തായി കൊലപാതക പരമ്പര കേസില്‍ പ്രാഥമിക വിചാരണ നടപടികള്‍ക്ക് തുടക്കം. കോഴിക്കോട് സെഷന്‍സ് കോടതിയിലാണ് വിചാരണ നടക്കുക.
കേസിലെ മുഖ്യപ്രതിയായ ജോളി ജോസഫിന്റെ രണ്ടാം ഭര്‍ത്താവിന്റെ ഭാര്യയായിരുന്ന സിലിയെ കൊലപ്പെടുത്തിയ കേസാണ് ആദ്യം പരിഗണിക്കുക. പ്രാഥമിക വാദം കേട്ട ശേഷമാകും തുടര്‍ വിചാരണ നടപടികള്‍ എന്നു തുടങ്ങണമെന്ന് കോടതി തീരുമാനിക്കുക.
സിലി 2016 ജനുവരി 11നാണു മരിച്ചത്. ക്യാപ്സൂളില് സയനൈഡ് നിറച്ചു നല്കി ജോളി ജോസഫ് ഇവരെ കൊലപ്പെടുത്തിയെന്നാണു കേസ്.
ജോളിക്കു സയനൈഡ് എത്തിച്ചു നല്കിയ ജൂവലറി ജീവനക്കാരനും റോയിയുടെ അമ്മാവന്റെ മകനുമായ കക്കാവയല്‍ മഞ്ചാടി വീട്ടില്‍ എം.എസ്.മാത്യു എന്ന ഷാജി(44), മാത്യുവിന് സയനൈഡ് നല്കിയ സ്വര്ണപ്പണിക്കാരന് താമരശേരി തച്ചംപൊയിലിലെ മുള്ളമ്പലത്തില്‍ പ്രജികുമാര്‍ (48) എന്നിവരാണ് കേസിലെ രണ്ടും മൂന്നും കൂട്ടുപ്രതികള്‍.
വടകര തീരദേശപോലീസ് സ്റ്റേഷന് ഇന്‍സ്പക്ടര്‍ ബി.കെ.സിജുവായിരുന്നു കേസ് അന്വേഷിച്ചത്. ജനുവരി 17 നാണ് അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചത്. 1020 പേജുള്ളതാണ് കുറ്റപത്രം. ഇതില്‍ 165 സാക്ഷികളുണ്ട്.
കേസില്‍ നിര്‍ണായക മൊഴി നല്കിയ സിലിയുടെ സഹോദരന് സിജോ സെബാസ്റ്റ്യന്‍ ആണ് ഒന്നാം സാക്ഷി. സിലിയുടെ സഹോദരി ഷാലു ഫ്രാന്‍സിസ്, സിലിയുടെ ഭര്‍ത്താവ് ഷാജു സക്കറിയ എന്നിവര്‍ രണ്ടും മൂന്നും സാക്ഷികളാണ്.
സിലിയെ അപസ്മാര രോഗമുണ്ടെന്ന് പറഞ്ഞ് ഓമശ്ശേരിയിലെ ആശുപത്രിയില്‍ എത്തിക്കുകയും മഷ്റൂം ഗുളികയില്‍ സയനൈഡ് കലര്‍ത്തി കൊലപ്പെടുത്തുകയും ചെയ്യുകയായിരുന്നു. ഒപ്പം കുടിക്കാന്‍ നല്കിയ വെള്ളത്തിലും സയനൈഡ് കലര്‍ത്തിയതായാണ് കണ്ടെത്തിയത്. ജോളി ജോസഫ് ഇപ്പോള്‍ കോഴിക്കോട് ജില്ലാ ജയിലിലാണുള്ളത്.
ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ് തോമസ്, റോയിയുടെ മാതാപിതാക്കളായ പൊന്നാമറ്റം അന്നമ്മ, ടോം തോമസ്, അന്നമ്മയുടെ സഹോദരന് മാത്യു മഞ്ചാടിയില്‍, ജോളിയുടെ രണ്ടാം ഭര്‍ത്താവായ ഷാജുവിന്റെ ഭാര്യ സിലി, മകള്‍ ആല്ഫൈന് എന്നിവരെ ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയും സയനൈഡ് നല്‍കിയും കൊലപ്പെടുത്തിയെന്നാണു കേസ്.
ആറു കേസുകളിലും പോലീസ് കുറ്റപത്രം ഇതിനകം സമര്‍പ്പിച്ചിരുന്നു. അഡ്വ. എന്‍.കെ. ഉണ്ണിക്കൃഷ്ണനാണ് കൊലപാതകപരമ്പരയിലെ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍.