കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസില്‍ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കും. ഇത് സംബന്ധിച്ച് വരും ദിവസം സര്‍ക്കാര്‍ ഉത്തരവിറക്കും. കൂടത്തായി കേസില്‍ ഇതുവരെ മൂന്നുപേരെയാണ് അറസ്റ്റ് ചെയ്തത്. ഇടുക്കി വാഴവര സ്വദേശിയും പൊന്നാമറ്റത്ത് ഷാജുവിന്റെ ഭാര്യയുമായ ജോളി ജോസഫ് (47), ജ്വല്ലറി ജീവനക്കാരനും റോയിയുടെ മാതൃസഹോദരപുത്രനുമായ മഞ്ചാടിയില്‍ എം.എസ്.മാത്യു എന്ന ഷാജു(44), സ്വര്ണപ്പണിക്കാരന് താമരശേരി തച്ചംപൊയില്‍ സ്വദേശി മുല്ലംവളത്തില് പ്രജുകുമാര്‍ (48) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഷാജുവിനും പിതാവ് സക്കറിയാസിനും ജോളിയുടെ സുഹൃത്തായ ജോണ്‍സണും കൊലപാതക പരമ്പരയുമായി നേരിട്ടും അല്ലാതേയും പലരീതിയിലുള്ള ബന്ധങ്ങളുള്ളതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചിരുന്നു. എന്നാല്‍ ഒരാളുടേത് ഒഴികെ അറസ്റ്റ് ഇപ്പോഴുണ്ടാവില്ല. സ്പഷല് പബ്ലിക് പ്രോസിക്യൂട്ടറും റൂറല്‍ എസ്പിയും ഉള്‍പ്പെടെയുള്ളവര്‍ കേസിനെ കുറിച്ച് വിശദമായി ചര്‍ച്ച നടത്തുകയും ആവശ്യമെങ്കില്‍ അറസ്റ്റ് ചെയ്യാനുമാണ് തീരുമാനിച്ചിരിക്കുന്നത്. അഞ്ചു കൊലപാതക കേസുകളില്‍ ഏതെല്ലാം കേസില്‍ ഇവരുടെ പങ്ക് വ്യക്തമായുണ്ടെന്നും മറ്റും വിശദമായി പരിശോധിച്ച ശേഷം അറസ്റ്റ് രേഖപ്പെടുത്താനാണ് തീരുമാനം.
കൊലപാതക പരമ്പരയില്‍ ആദ്യം രജിസ്റ്റര്‍ ചെയ്ത റോയ്തോമസ് കേസില്‍ ജനുവരി മൂന്നിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കും വിധത്തിലുള്ള നടപടികളാണ് സ്വീകരിച്ചുവരുന്നത്. കേസ് രജിസ്റ്റര്‍ ചെയ്ത് 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ പ്രതിയ്ക്ക് ജാമ്യം അനുവദിക്കാമെന്നാണ് നിയമം. എന്നാല്‍ ഒരു കേസില്‍ കുറ്റപത്രം വൈകിയാലും മറ്റ് അഞ്ചു കൊലപാതക കേസുകളില്‍കൂടി പ്രതിയായതിനാല്‍ ജോളിക്ക് ജാമ്യം ലഭിക്കാന്‍ സാധ്യതയില്ലെന്ന് നിയമവൃത്തങ്ങള്‍ പറയുന്നു.
എങ്കിലും ആദ്യകേസില്‍ തന്നെ കുറ്റപത്രം കൃത്യസമയത്തിന് നല്‍കാനാണ് അന്വേഷണസംഘം പരിശ്രമിക്കുന്നത്.അത് മറ്റു കേസുകളെ ബലപ്പെടുത്തുമെന്നാണ് പോലീസിന് ലഭിച്ച നിയമോപദേശം. ഇതിന്റെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആർ.ഹരിദാസിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം റോയ് തോമസ് വധക്കേസിലെ കുറ്റപത്രത്തിന്റെ പണിപ്പുരയിലാണ്. ഊണും ഉറക്കവും ഒഴിവാക്കിയാണ് പോലീസുകാർ കടലാസ് ജോലികൾ പൂർത്തിയാക്കിവരുന്നത്.
90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കണമെങ്കില്‍ അന്വേഷണസംഘം 60 ദിവസത്തിനുള്ളില്‍ എല്ലാ ജോലികളും പൂര്‍ത്തിയാക്കി കുറ്റപത്രം തയാറാക്കണം. തുടര്‍ന്ന് ഇത് വിദഗ്ധ ഉപദേശത്തിനായി എസ്പി, ഐജി, എഡിജിപി, ഡിജിപി തലത്തില്‍ പരിശോധിക്കണം. ഇത് ഒരു മാസത്തിനുള്ളില്‍ പൂര്‍ത്തീകരിച്ച് വേണ്ട മാറ്റങ്ങള്‍ വരുത്തണം. ഓരോ വിഭാഗവും പരിശോധിക്കുമ്പോള്‍ കൂട്ടിചേര്ക്കണ്ടതായുള്ളതും ഒഴിവാക്കേണ്ടതായുള്ളതുമായ കാര്യങ്ങള്‍ അന്വേഷണസംഘത്തിന് റിപ്പോര്‍ട്ടായി നല്‍കും. ഇത് പ്രകാരം വീണ്ടും കുറ്റപത്രം തയാറാക്കണം. അതിന് ശേഷമേ കോടതിയില്‍ സമര്‍പ്പിക്കാനുള്ള അനുമതി ലഭിക്കുകയുള്ളൂ.