കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ അന്വേഷണം.കോടഞ്ചേരി പുലിക്കയം സ്വദേശി ഷാജുവിന്റെ മകള്‍ ആല്‍ഫൈന്റെ മരണവുമായി ബന്ധപ്പെട്ടാണ് മിംസ് ആശുപത്രിയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചത്. താമരശേരി ഡിവൈഎസ്പി കെ.പി.അബ്ദുള്‍റസാഖിന്റെ നിര്‍ദേശപ്രകാരം അന്വേഷണസംഘം നേരത്തെ തന്നെ ഇവിടെയെത്തി അന്വേഷണം നടത്തിയിരുന്നു.
ഇന്നലെ ആല്‍ഫൈന്റെ മരണം സ്ഥിരീകരിച്ച ഡോക്ടറുടേയും മറ്റു ജീവനക്കാരുടെയും മൊഴി രേഖപ്പെടുത്തുന്നതിനാണ് അന്വേഷണസംഘം എത്തിയത്. 2014 മേയ് മൂന്നിനാണ് ആല്ഫൈന് മരിക്കുന്നത്. സിലി-ഷാജു ദമ്പതികളുടെ മൂത്തമകന്റെ ആദ്യ കുര്‍ബാന ദിവസമാണ് ആല്‍ഫൈനെ ജോളി കൊലപ്പെടുത്തിയത്. ബ്രഡ് കഴിച്ചയുടന്‍ ആല്‍ഫൈന്റെ വായില്‍ നിന്ന് നുരയും പതയും വരികയും കുഴഞ്ഞുവീഴുകയായിരുന്നു.
ഈ സമയം തൊട്ടടുത്തുണ്ടായിരുന്ന ജോളി കുഞ്ഞിനെയെടുത്ത് ഭക്ഷണം നെറുകയില്‍ കയറിയതാവുമെന്ന് പറഞ്ഞു. അമ്മ സിലി വാവിട്ട് നിലവിളിച്ചപ്പോള്‍ ഷാജു ആല്‍ഫൈനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ തയാറായി. ഓമശേരി ശാന്തി ആശുപത്രിയിലേക്ക് മാതാപിതാക്കള്‍ക്കൊപ്പം ജോളിയും പോയി. കുഞ്ഞിന് അപസ്മാരമാണെന്നാണ് ഷാജു ആശുപത്രിയില്‍ അറിയിച്ചത്.
വിവരമറിഞ്ഞെത്തിയ സിലിയുടെ ബന്ധുക്കള്‍ നിര്‍ബന്ധം പിടിച്ചപ്പോഴാണ് ആല്‍ഫൈനെ കോഴിക്കോട് മിംസ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ശാന്തി ആശുപത്രിയില്‍ തന്നെ ചികിത്സ മതിയെന്ന് ഷാജുവും ജോളിയും നിര്‍ബന്ധം പിടിച്ചെങ്കിലും സിലിയും ബന്ധുക്കളും സമ്മതിച്ചില്ല. തുടര്‍ന്ന് മിംസ് ആശുംത്രിയില് പ്രവേശിപ്പിച്ച ആല്ഫൈന് മൂന്നാം ദിവസം മരിച്ചു. ദുരൂഹ മരണമായിട്ടും മിംസ് അധികൃതര്‍ പോലീസില്‍ അറിയിച്ചിരുന്നില്ല.
അതേസമയം ജോളിയെ ഇന്നലേയും വിശദമായി ചോദ്യം ചെയ്തു. പയ്യോളി ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തിച്ചാണ് ചോദ്യം ചെയ്തത്. എന്‍ഐടി പ്രഫസറാണെന്നായിരുന്നു ജോളി എല്ലാവരേയും വിശ്വസിപ്പിച്ചത്. വീട്ടില്‍ നിന്ന് എന്‍ഐടിയില്‍ എത്തിയ ജോളിക്ക് അവിടേയും സുഹൃത്തുക്കളുണ്ടായിരുന്നു.
എന്‍ഐടി പരിസരത്ത് തയ്യല്‍കട നടത്തുകയായിരുന്ന യുവതിയുമായി ജോളിയ്ക്ക് അടുത്ത ബന്ധമുണ്ടായിരുന്നുവെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്. ജോളിയുടെ ഫോണ്‍ കോള്‍ രേഖകളില്‍ നിന്ന് ഇക്കാര്യം വ്യക്തമായിട്ടുണ്ട്. കൂടാതെ ജോളിയുടെ ഫോണില്‍ നിന്ന് ഈ യുവതിയോടൊപ്പമുള്ള ഫോട്ടോകളും അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ ജോളി നടത്തിയ കൊലപാതകങ്ങളെ കുറിച്ച് യുവതിക്ക് അറിയുമോയെന്ന സംശയമാണ് അന്വേഷണസംഘത്തിനുള്ളത്. ഇതേതുടര്‍ന്ന് യുവതിയെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. യുവതിയിപ്പോള്‍ ചെന്നൈയിലാണുള്ളതെന്നാണ് വിവരം. യുവതിയെ അന്വേഷണസംഘം വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. ശേഖരിച്ചു