കോഴിക്കോട്: കൂടത്തായി കൊലപാതകപരന്പരകേസിലെ പിഞ്ചുകുഞ്ഞ് പൊന്നാമറ്റം ആൽഫൈനെ സയനൈഡ് നൽകി കൊലപ്പെടുത്തിയ കേസിൽ രണ്ടാം പ്രതി മഞ്ചാടിയിൽ സാമൂവൽ മാത്യു എന്ന ഷാജിയെ അറസ്റ്റുചെയ്തു. ആൽഫൈൻ വധകേസ് അന്വേഷിക്കുന്ന തിരുവന്പാടി ഇൻസ്പെക്ടർ ഷജു ജോസഫിന്റെ നേതൃത്വത്തിലാണ് ഇന്നലെ വൈകിട്ട് ജില്ലാ ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്.
പ്രതി വിവധ കേസുകളിൽ ഒരു മാസത്തിലധികമായി റിമാൻഡിലാണ്. തനിക്ക് സയനെഡ് നൽകിയത് ഭർത്താവ് റോയിയുടെ അമ്മാവനായ സാമൂവലിന്റെ മകൻ മാത്യുവാണെന്ന് മുഖ്യപ്രതി ജോളി നേരത്തെ മൊഴിനൽകിയിരുന്നു. കോഴിക്കോട്ടെ ജ്വല്ലറിയിൽ ജീവനക്കാരനായിരുന്ന മാത്യുവുമായി റോയിയുടെ മരണത്തിനുമുൻപുതന്നെ ഉറ്റബന്ധമുള്ളതായും ജോളി മൊഴി നൽകിയിരുന്നു.
ആൽഫൈൻ കേസിലെ അറസ്റ്റിനുശേഷം മാത്യുവിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് അന്വേഷണസംഘം ഉടൻ കോടതിയിൽ അപേക്ഷ നൽകും . മൂന്നാം പ്രതിയായ പ്രജികുമാർ മാത്യുവിന് സയനൈഡ് കൈമാറിയത് താമരശേരിയിലെ പ്രജികുമാർ ജോലിചെയ്യുന്ന സ്ഥാപനത്തിൽവച്ചാണ്. പ്രജികുമാറിന്റെ ഭാര്യ ഇവിടെ ജോലിചെയ്യുന്നുണ്ട്.
കസ്റ്റഡിയിൽ വാങ്ങിയശേഷം മഹസർ തയാറാക്കുന്നതിനായി മാത്യുവിനെ താമരശേരിയിലെ പ്രജികുമാറിന്റെ സ്ഥാപനത്തിലെത്തിച്ച് തെളിവെടുക്കും. കൂടത്തായിയിലെ വീട്ടിൽ മാത്യു സ്ഥിരം സന്ദർശകനായിരുന്നെന്ന ജോളിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇയാളെ കൂടത്തായ് പൊന്നാമറ്റം വീട്ടിലെത്തിച്ചും തെളിവെടുക്കും.
റോയ് തോമസ്, സിലി വധകേസുകളിൽ മാത്യുവിനെ നേരത്തെ അറസ്റ്റ്ചെയ്തിരുന്നു. മാത്യുവിന്റെ കസ്റ്റഡി അവസാനിച്ചശേഷം ആൽഫൈൻ വധകേസിൽ മൂന്നാം പ്രതി പ്രജികുമാറിനേയും അറസ്റ്റുചെയ്യും.