കാറിന്റെ ഡ്രൈവർ സീറ്റിന് ഇടതു ഭാഗത്തായി ഡാഷ് ബോർഡിന് സമീപം രഹസ്യ അറയുണ്ടാക്കിയാണ് ജോളി വിഷം സൂക്ഷിച്ചിരുന്നത്. പ്രത്യേകം കവറുകളാക്കിയ നിലയിലാണ് വിഷം കണ്ടെത്തിയത്. കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലിലാണ് കാറിനുള്ളിൽ സയനൈഡ് സൂക്ഷിച്ചിട്ടുണ്ടെന്ന് ജോളി പോലീസിനോട് പറഞ്ഞത്. പിന്നാലെ ഇന്ന് രാവിലെ എത്തി അന്വേഷണ സംഘം കാർ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കഴിഞ്ഞ അഞ്ച് വർഷമായി ജോളി ഈ കാറാണ് ഉപയോഗിച്ചിരുന്നത്. കേസിൽ അറസ്റ്റുണ്ടായതിന് പിന്നാലെ പൊന്നാമറ്റം വീട്ടിൽ നിന്നും മാറ്റിയ കാർ സമീപത്തെ വീടിന്റെ പരിസരത്താണ് പാർക്ക് ചെയ്തിരുന്നത്. ഇവിടെയെത്തിയാണ് പോലീസ് കാർ കസ്റ്റഡിയിലെടുത്തത്. കാറിനുള്ളിൽ നിന്നും ലഭിച്ച മുഴുവൻ വസ്തുക്കളും ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.