കോഴിക്കോട്: കൂടത്തായ് കൊലപാതകപരമ്പരയില്‍ ആദ്യം രജിസ്റ്റര്‍ചെയ്ത റോയ് തോമസ് വധക്കേസില്‍ കുറ്റപത്രം നാളെ കോടതിയില്‍ സമര്‍പ്പിക്കും. താമരശേരി ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയില്‍ അന്വേഷണ ഉദ്യോഗസ്ഥനായ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആര് . ഹരിദാസാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്.
പ്രമാദമായ കേസായതിനാല്‍ കുറ്റപത്രത്തിന്റെ പകര്‍പ്പ് അഡീഷണല്‍ എസ്പി, എസ്പി, ഡിഐജി, ഐജി, ഡിജിപി എന്നിവര്‍ക്ക് സമര്‍പ്പിച്ചിരുന്നു. ഇവരുടെ അനുമതിയോടെയാണ് നാളെ കുറ്റപത്രം സമര്‍പ്പിക്കുന്നത്. കേസില്‍ 250 ഓളം സാക്ഷികളാണുള്ളത്. കൂടാതെ സംസ്ഥാന ഡ്രഗ് കണ്ട്രോളര് നല്കിയ റിപ്പോര്‍ട്ട് കേസിന് ബലമാകും.
ജോളിയുടെ കാറില്‍നിന്ന് പോലീസ് പിടിച്ചെടുത്തപൊടി സയനൈഡാണെന്ന് സ്ഥിരീകരണം കണ്ണൂരിലെ ഫോറന്‍സിക് ലാബില്‍നിന്ന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ രേഖാമൂലമുള്ള റിപ്പോര്‍ട്ടും കുറ്റപത്രത്തിനൊപ്പം സമര്‍പ്പിക്കും. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കാളിയായ ജോളിയെയാണ് ഒന്നാംപ്രതിയാക്കിയത്. എം.എസ്.മാത്യു, പ്രജികുമാര്‍ , മനോജ് എന്നിവരാണ് മറ്റു പ്രതികള്‍ .