സ്വന്തംലേഖകന്‍
കോഴിക്കോട്: കൂടത്തായ് കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു. മെഡിക്കല്‍ കോളജിലെ കമ്മ്യൂണിറ്റി മെഡിസിന് വിഭാഗത്തിലെ പ്രഫസര്‍മാരെയും ഫോറന്‍സിക്ക് മെഡിസിന് വിഭാഗം മേധാവിയേയും മറ്റ് വിദഗ്ധരേയും ഉള്‍പ്പെടുത്തിയാണ് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചത്. ഡിജിപി ലോക്നാഥ് ബഹ്റയുടെ നിര്‍ദേശപ്രകാരമാണ് കുറ്റപത്രം തയാറാക്കുന്നതിന് മുന്നോടിയായി ബോര്‍ഡ് രൂപീകരിച്ചത്. മെഡിക്കല്‍ ബോര്‍ഡിന്റെ ആദ്യ യോഗം ഇന്നലെ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആര്. ഹരിദാസന്റെ നേതൃത്യത്തില്‍ മെഡിക്കല്‍ കോളജില്‍ ചേര്‍ന്നു. ഡോക്ടര്‍മാരും അന്വേഷണ ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.
കൂടത്തായി കൊലപാതക പരമ്പരയില്‍ റോയ് തോമസിന്റെ മരണം മാത്രമാണ് സയനൈഡ് ഉള്ളില്‍ ചെന്നതാണെന്നതിന് തെളിവുള്ളത്. മറ്റുള്ള മരണങ്ങളിലെല്ലാം കുറ്റസമ്മത മൊഴി മാത്രമാണുള്ളത്. മരിക്കുന്നതിന് തൊട്ടുമുമ്പുണ്ടായ പെരുമാറ്റം കണ്ടവരുടെ മൊഴി കൂടി അടിസ്ഥാനമാക്കിയാണ് നാലുപേരുടെ മരണവും കൊലപാതകമാണെന്ന് അന്വേഷണസംഘം ഉറപ്പിക്കുന്നത്. എന്നാല്‍ ശാസ്ത്രീയമായി ഇത് തെളിയിക്കുന്നതിനുള്ള തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല.
പ്രതിഭാഗം ഈ വാദത്തെ കോടതിയില്‍ തള്ളും. മറ്റെന്തിങ്കിലും അസുഖം ഉള്ളതിനാലുള്ള മരണമാണിതെന്ന് വാദിക്കും. മരണം സയനൈഡ് ഉള്ളിലെത്തിയിട്ടാണെന്ന് ഉറപ്പിക്കാന്‍ ശവകല്ലറയില്‍ നിന്ന് ശേഖരിച്ച മൃതദേഹാവശിഷ്ടങ്ങളുടെ പരിശോധനാ ഫലവും ഇതുവരെയും ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചത്. മരിച്ചവരുടെ വീടുകളില്‍ നിന്ന് ചികിത്സാ സംബന്ധമായ പല രേഖകളും അന്വേഷണ സംഘം ശേഖരിച്ചിരുന്നു. സിലി ഉള്‍പ്പെടെയുള്ളവരെ പല തവണകളിലായി ജോളി വധിക്കാന്‍ ശ്രമിച്ചുവെന്നാണ് കണ്ടെത്തിയത്.
ഇത് തെളിയിക്കുന്നതിനായി പോലിസ് ശേഖരിച്ച ചികിത്സാ രേഖകള്‍ മെഡിക്കല്‍ സംഘം വിശദമായി പരിശോധിക്കും. വിഷം ഉള്ളില്‍ കടന്നതിനുള്ള ചികിത്സ മരിച്ചവരിലാരെങ്കിലും മുന്‍പ് തേടിയിരുന്നോ എന്ന് ഇതുവഴി തെളിയിക്കാം. കൂടാതെ സയനൈഡ് ശരീരത്തിനുള്ളില്‍ എത്തിയാലുണ്ടാവുന്ന ലക്ഷ്ണങ്ങളാണോ ഓരോരുത്തരും മരണത്തിന് തൊട്ടുമുമ്പ് പ്രകടിപ്പിച്ചിരുന്നതെന്നും ബോര്‍ഡ് പരിശോധിക്കും.
സാക്ഷി മൊഴികള്‍ അടിസ്ഥാനമാക്കിയാണ് ബോര്‍ഡ് ഈ ലക്ഷണങ്ങള്‍ സ്ഥിരീകരിക്കുക. ഇപ്രകാരം പരിശോധിച്ച ശേഷം മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് കൂടി കുറ്റപത്രത്തിനൊപ്പം സമര്‍പ്പിക്കും. ഇത് വഴി സാക്ഷി മൊഴികള്‍ ആധികാരികമാണെന്ന് കോടതി മുമ്പാകെ തെളിയിക്കാനാവും. പ്രതിയുടെ മാനസികാവസ്ഥയെ കുറിച്ചറിയുന്നതിനാണ് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാറുള്ളത്.
ഈ കേസില്‍ ജോളി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നില്ല. ഒരിക്കല്‍ പോലും ജോളിക്ക് മാനസിക രോഗം ഉള്ളതായി ആരും അന്വേഷണ സംഘത്തോട് സംശയം പ്രകടിപ്പിച്ചിരുന്നില്ല .അതിനാല്‍ ജോളിയെ കുറിച്ച് മെഡിക്കല്‍ ബോര്‍ഡിന് പ്രത്യേകം അന്വേഷിക്കേണ്ട സാഹചര്യം നിലവിലില്ലന്നാണ് പോലീസ് പറയുന്നത്.