കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി ജോസഫിനെ റവന്യൂ ഉദ്യോഗസ്ഥര്‍ സഹായിച്ചതായി അന്വേഷണ റിപ്പോര്‍ട്ട്. രേഖകള്‍ കൃത്യമായി പരിശോധിക്കാതെയാണ് ഉദ്യോഗസ്ഥര്‍ ജോളിക്ക് സഹായകമാം വിധത്തിൽ പ്രവര്‍ത്തിച്ചതെന്നാണ് കണ്ടെത്തല്‍. ഇത് ഗുരുതരവീഴ്ചയാണെന്നും ഡെപ്യൂട്ടി കളക്ടര്‍ സി.ബിജു ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്.
റവന്യൂമന്ത്രിയുടെ നിര്‍ദേശ പ്രകാരം നടത്തിയ വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായുള്ള റിപ്പോര്‍ട്ട് ജില്ലാകളക്ടര്‍ ഈ ആഴ്ച തന്നെ മന്ത്രിയ്ക്ക് സമര്‍പ്പിക്കും. ഡപ്യൂട്ടി കളക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിശോധിച്ച് ഉദ്യോഗസ്ഥര്ക്കെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് ജില്ലാകളക്ടര്‍ റിപ്പോര്‍ട്ട് മന്ത്രിക്ക് സമര്‍പ്പിക്കുക. ഡെപ്യൂട്ടി കളക്ടറുടെ റിപ്പോര്‍ട്ടിനെ കുറിച്ച് റവന്യൂമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ട്. തിങ്കളാഴ്ചയാണ് റിപ്പോര്‍ട്ട് ഡെപ്യൂട്ടി കളക്ടര്‍ ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിച്ചത്.
കേസിൽ മൂന്ന് റവന്യൂ ഉദ്യോഗസ്ഥർക്ക് കളക്ടര്കാരണം കാണിക്കൽ നോട്ടീസ് നല്‍കിയിട്ടുണ്ട്. തഹസിൽദാർ ജയശ്രീ വാര്യർ, കടത്തായി മുൻ വില്ലേജ് ഓഫീസർമാരായ കിഷോർ ഖാൻ, മധുസൂദനൻ നായർ എന്നിവർക്കാണ് കാരണം ബോധിപ്പിക്കാൻ നോട്ടീസ് നൽകിയത്. ഏഴ് ദിവസത്തിനുള്ളിൽ കാരണം ബോധിപ്പിക്കാനാണ് നിർദേശം. റവന്യൂ അന്വേഷണം നടത്തിയ ഡെപ്യൂട്ടി കളക്ടർ റവന്യൂ നടപടികളിൽ വീഴ്ച ഉണ്ടായതായി കണ്ടെത്തിയിരുന്നു. ഈ റിപ്പോർട്ട് പരിശോധിച്ചാണ് കളക്ടർ മൂന്ന് പേർക്കും കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.
38.58 സെന്റ് സ്ഥലത്തിനാണ് ജോളിയുടെ പേരില്‍ നികുതിയടച്ചത്. രേഖകള്‍ പരിശോധിക്കാതെ കരമടച്ചതില് കൂടത്തായി വില്ലേജ് ഓഫീസര്‍ക്കും സെക്ഷന്‍ ക്ലര്‍ക്കിനും ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ട്. താമരശേരി ഡെപ്യൂട്ടി കളക്ടറായിരുന്ന ജയശ്രീ എസ് വാരിയര്‍ ഫോണിലൂടെ കരം സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. ഇക്കാര്യം ജയശ്രീ അന്വേഷണത്തിനിടെ സമ്മതിച്ചിട്ടുണ്ട്.
ഫോണിലൂടെ നിര്‍ദേശം നല്കാന് മേലുദ്യോഗസ്ഥര്‍ക്ക് അധികാരമുണ്ടെങ്കിലും അതിന്റെ നിജസ്ഥിതി കീഴുദ്യോഗസ്ഥര്‍ പരിശോധിക്കേണ്ടതാണ്. ഇക്കാര്യങ്ങളില്‍ കൃത്രിമം നടന്നതായി അറിഞ്ഞിട്ടും നടപടി സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ തയാറാകാത്തത് ഗുരുതര വീഴ്ചയാണെന്നും ഇതിനു പിന്നില്‍ രാഷ്ട്രീയ നേതാക്കളുടെ സ്വാധീനവുമുണ്ടെന്നുമാണ് ഡെപ്യൂട്ടി കളക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുള്ളത്.