കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യ പ്രതി ജോളിയുടെ രണ്ടാം ഭര്‍ത്താവ് കോടഞ്ചരി പുലിക്കയം പൊന്നാമറ്റത്തില്‍ ഷാജുവിന്റെ ആദ്യ ഭാര്യ സിലി സെബാസ്റ്റ്യന്‍ (43) വധിക്കപ്പെട്ട കേസില്‍ മുഖ്യപ്രതി ജോളി(47) യെ അന്വേഷണസംഘം ഇന്ന് കസ്റ്റഡിയില്‍ വാങ്ങിയേക്കും. വെള്ളിയാഴ്ച ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്തി അവരെ പോലീസ് കസ്റ്റഡിയില്‍ വിട്ടുകിട്ടാനുള്ള അപേക്ഷ അന്വേഷണസംഘം ശനിയാഴ്ച താമശേരി ജുഡീഷല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി(ഒന്ന്)യില്‍ സമര്‍പ്പിച്ചിരുന്നു.
പ്രൊഡക്ഷന്‍ വാറണ്ട് കഴിഞ്ഞ ദിവസം ലഭിച്ചിരുന്നുവെങ്കിലും ഇന്നലെ അവധിദിനമായതിനാല്‍ ഇന്ന് കസ്റ്റഡിയില്‍ വാങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. സിലി വധക്കേസ് അന്വേഷിക്കുന്ന വടകര തീരദേശപോലീസ് സ്റ്റേഷന് ഇന്‍സ്പക്ടര്‍ ബി.കെ. സിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അസി.പബ്ലിക് പ്രോസിക്യൂട്ടര്‍ രഞ്ജിന് ബേബി മുഖേന കസ്റ്റഡി അപേക്ഷ സമര്‍പ്പിച്ചത്. ജോളിയെ കസ്റ്റഡിയില്‍ ലഭിക്കുമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ. ജോളിയെ കസ്റ്റഡിയില്‍ ലഭിച്ചാല്വിശദമായി ചോദ്യംചെയ്തതിനുശേഷം സിലി വധക്കേസില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന.
ജോളി തന്നെ കഠിനമായി ദ്രോഹിച്ചിട്ടുണ്ടെന്ന സിലിയുടെ മൂത്തമകന്റെ മൊഴി തുടര്‍ അന്വേഷണത്തിന് ഏറെ സഹായകമാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്. സിലിയുടെ ബന്ധുവീട്ടിലെത്തി മൊഴി എടുത്തപ്പോഴാണ് രണ്ടാനമ്മയുടെ ക്രൂരതകളെ കുറിച്ച് പത്താം ക്ലാസ് വിദ്യാര്‍ഥിയായ ബാലന് തുറന്നു പറഞ്ഞത്. ഈ ഒരു സാഹചര്യത്തില്‍ സിലി വധക്കേസില്‍ കൂടുതല്‍ ബന്ധുക്കള്‍ ജോളിക്കെതിരേ മൊഴി നല്‍കാനുള്ള സാധ്യതയുണ്ട്.
നിലവില്‍ മുന്‍ഭര്‍ത്താവ് റോയിതോമസിനെ കൊലപ്പെടുത്തിയ കേസില്‍ ജോളിക്കെതിരേ പരമാവധി തെളിവുകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ദൃക്സാക്ഷിമൊഴികളും സാഹചര്യതെളിവുകളുമാണ് ഇതില്‍ ഏറെയും. ഈ ഒരു സാഹചര്യത്തില്‍ കൊലപാതക പരമ്പരയില്‍ ഏറ്റവും അവസാനം കൊല്ലപ്പെട്ട സിലിയുടെ കേസില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനാകുമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ.
ഇതിനായുള്ള ശ്രമങ്ങളായിരിക്കും തുടര്‍ ദിവസങ്ങളില്‍ അന്വേഷണസംഘത്തില്‍ നിന്നുണ്ടാകുക. സിലിയുടെ ബന്ധുക്കളില്‍ നിന്നുതന്നെ ഇതു ലഭ്യമാകുമെന്നാണ് അന്വേഷണസംഘം പറയുന്നത്. അതേസമയം കേസിലെ രണ്ടാം പ്രതി ഈങ്ങാപ്പുഴക്കടുത്ത കക്കാവയല്‍ മഞ്ചാടി വീട്ടില്‍ എം.എസ്.മാത്യുവിന്റെ അറസ്റ്റും പോലീസ് ഉടന്‍ രേഖപ്പെടുത്തും.