കോഴിക്കോട്: ഒരു കുടുംബത്തിലെ റിട്ട.സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ ദന്പതികളടക്കം ആറ് പേരുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് എക്സ്ഹ്യുമേഷന്‍ (മൃതദേഹാവശിഷ്ടം പുറത്തെടുക്കല്‍) നടപടികള്‍ തുടങ്ങി. സിലിയുടെയും മകൾ ആൽഫെനിന്റെയും മൃതദേഹങ്ങൾ അടക്കം ചെയ്ത കോടഞ്ചേരി പള്ളിയിലെ പൊന്നാമറ്റത്തിൽ കുടുംബക്കല്ലറയാണ് ആദ്യം തുറന്നത്. കോഴിക്കോട് മെഡിക്കല്‍കോളജ് ഫോറന്‍സിക് മെഡിസിന് വിഭാഗം മേധാവി ഡോ.പ്രസന്നന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്.
16 വര്‍ഷങ്ങള്‍ക്കു മുമ്പുള്ളതും പിന്നാലെ ഏതാനും വര്‍ഷങ്ങളുടെ ഇടവേളകളിലുമുണ്ടായ ബന്ധുക്കളുടെ മരണങ്ങള് ആസൂത്രിതമായ കൊലപാതകമാണെന്ന പരാതിയെ തുടര്‍ന്നാണ് കോടതി അനുമതിയോടെ ക്രൈംബ്രാഞ്ച് മൃതദേഹങ്ങള്‍ പുറത്തെടുക്കാന്‍ തീരുമാനിച്ചത്. മരിച്ച ആറില്‍ നാലുപേരെ സംസ്കരിച്ചത് കൂടത്തായി സെമിത്തേരിയിലും രണ്ടുപേരെ കോടഞ്ചേരി പള്ളി സെമിത്തേരിയിലുമാണ്. ഇതില്‍ കൂടത്തായി പള്ളിയില്‍ സംസ്കരിച്ച നാലുപേരുടെ മൃതദേഹങ്ങളും ഇന്നുതന്നെ പുറത്തെടുത്തേക്കും.
രാവിലെ റൂറല്‍ എസ്പി കെ.ജി. സൈമണിന്റെ നേതൃത്വലുള്ള പോലീസ് സംഘം സെമിത്തേരിയില്‍ പ്രത്യേക സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്തി. അസി.കളക്ടര്‍ വിഘ്നേശ്വരിയുടെ നേതൃത്വത്തിലുള്ള സംഘവും സ്ഥലത്തുണ്ട്. തുടര്‍ന്നാണ് രണ്ടു മൃതദേഹാവശിഷ്ടങ്ങള്‍ പുറത്തെടുക്കുന്നതിനായുള്ള നടപടികള്‍ ആരംഭിച്ചത്. മണ്ണില്‍ ദ്രവിക്കാതെയുള്ള പല്ല്, എല്ലിന് കഷണങ്ങള്‍ എന്നിവയാണ് ശേഖരിക്കുന്നത്.
കോഴിക്കോട് ക്രൈംബ്രാഞ്ച് യൂണിറ്റ് ഡിവൈഎസ്പി ഹരിദാസിന്റെ നേതൃത്വത്തിലുള്ള പതിനഞ്ചംഗ ക്രൈംബ്രാഞ്ച് സംഘമാണ് കേസ് അന്വേഷിക്കുന്നത്.സംഭവത്തിന് പിന്നില്‍ മരിച്ചവരുമായി അടുത്ത ബന്ധമുള്ള യുവതിയാണെന്ന സംശയത്തിലാണ് ക്രൈംബ്രാഞ്ച് . സാഹചര്യതെളിവുകളെല്ലാം യുവതിക്കെതിരാണ്. ഇവരെ ടോം തോമസിന്റെ ഒരു ഉറ്റബന്ധു സഹായിച്ചതായും ക്രൈംബ്രാഞ്ച് സംശയിക്കുന്നു. ഇതിനു പുറമേ ശാസ്ത്രീയ തെളിവുകള്‍ കൂടി ശേഖരിക്കുന്നതിന് മുന്നോടിയായാണ് ഫോറന്‍സിക് പരിശോധന നടത്തുന്നത്.
യുവതിയുടെ ബ്രെയിന്‍മാപ്പിംഗ് പരിശോധന നടത്താനുള്ള നടപടികള്‍ ക്രൈംബ്രാഞ്ച് സ്വീകരിച്ചുവരികയാണ്. നുണപരിശോധന നടത്തുന്നതുമായി ബന്ധപ്പെട്ട് അന്വേഷണസംഘം യുവതിയുടെ അനുവാദം ആവശ്യപ്പെട്ടെങ്കിലും അത് നിരസിക്കുകയായിരുന്നു. തുടര്‍ന്നാണ് മറ്റു ശാസ്ത്രീയ പരിശോധനയുടെ നടപടികള്‍ സ്വീകരിക്കുന്നത്.
റോയി തോമസിന്റെ മരണം ഒതുക്കിയത് ലോക്കൽ പോലീസ്
കോഴിക്കോട്: റോയി തോമസിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് അന്നു തന്നെ ചിലര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സയനൈഡിന്റെ അംശമുണ്ടെന്ന് സ്ഥിരീകരിച്ചിട്ടും ബന്ധുക്കള്‍ മാനഹാനി ഭയന്ന് ഇക്കാര്യം പുറത്തു പറഞ്ഞിരുന്നില്ല. അന്ന് സംശയം പ്രകടിപ്പിക്കുകയാണെങ്കില്‍ അതിന് ശേഷം മരിച്ചവരെയെങ്കിലും രക്ഷിക്കാനാവുമായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.
പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ട് കോടഞ്ചേരി പോലീസിനാണ് മെഡിക്കല്‍കോളജ് ഫോറന്‍സിക് വിഭാഗം കൈമാറിയത്. എന്നാല്‍ പോലീസ് ഇക്കാര്യം ബന്ധുക്കളെ അറിയിക്കുകയും കേസെടുക്കാതെ ഒതുക്കുകയുമായിരുന്നെന്നാണ് വിവരം . കേസൊതുക്കുന്നതിന് അന്നത്തെ പോലീസുകാര്‍ വന്‍ തുക കൈക്കൂലി വാങ്ങിയതായാണ് ആരോപണമുയരുന്നത്. മരിച്ചവരുടെ സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ വ്യാജ ഒസ്യത്തുണ്ടാക്കിയതിനെ തുടര്‍ന്നാണ് യുവതിക്ക് ദുരൂഹമരണവുമായി ബന്ധമുണ്ടെന്ന നിഗമനത്തില്‍ ക്രൈംബ്രാഞ്ച് ആദ്യമെത്തിയത്.
കൂടാതെ ദമ്പതികളും മകനും മരിച്ചിട്ടും സംശയമുനയിലുള്ള യുവതി ഭർത്താവ് റോയി തോമസിന്റെ പിതൃസഹോദര പുത്രനെ വിവാഹം ചെയ്തിരുന്നു. എന്നാല്‍ പുന:ര്വിവാഹിതയായിട്ടും ഇവര്‍ ഭര്‍ത്താവിനൊപ്പം താമസിക്കാതെ റോയിയുടെ വീട്ടില്‍ തന്നെ കഴിഞ്ഞത് സ്വത്തുക്കള്‍ തട്ടിയെടുക്കാനാണെന്നാണ് ക്രൈംബ്രാഞ്ച് സംശയിക്കുന്നത്. രണ്ടാം വിവാഹത്തിനുശേഷവും യുവതി ടോം തോമസിന്റെ കോടികൾ വിലമതിക്കുന്ന വീട്ടിൽ തന്നെ താമസിക്കുന്നതിനെ ഇളയമകൻ റോജോ എതിർത്തിരുന്നു.
അമേരിക്കയിൽ നിന്ന് നാട്ടിലെത്തിയപ്പോൾ റോജോയും യുവതിയുടെ രണ്ടാം ഭർത്താവുമായി ഇതേച്ചൊല്ലി കലഹം നടന്നതായും ക്രൈംബ്രാഞ്ചിനു വിവരം ലഭിച്ചിട്ടുണ്ട്. മരിച്ച റോയിയുടെ മൂത്ത മകൻ ഇപ്പോൾ ജീവിച്ചിരിക്കുന്നതുപോലും സ്വത്തിൽ കണ്ണുവച്ചുള്ള ചിലരുടെ ഗൂഢാലോചനയുടെ ഭാഗമായാണെന്നുപോലും പോലീസ് സംശയിക്കുന്നുണ്ട്.
കൂടാതെ താന്‍ കോഴിക്കോട് എന്‍ഐടിയില്‍ ലക്ചററാണെന്നാണ് യുവതി നാട്ടില്‍ പ്രചരിപ്പിച്ചിരുന്നത്. ജോലിക്കായി എല്ലാ ദിവസവും വീട്ടില്‍ നിന്ന് പുറത്തുപോയിരുന്നതായി ക്രൈംബ്രാഞ്ച് തെളിവുശേഖരിച്ചിരുന്നു. പിന്നീട് ചോദ്യം ചെയ്യലിനിടെ ഇതും വ്യാജമാണെന്ന് കണ്ടെത്തി. മരിച്ച ടോം തോമസ് -അന്നമ്മ ദമ്പതികളുടെ മകനും അമേരിക്കയില്‍ ജോലിയുമുള്ള റോജോയാണ് പോലീസില്‍ ആദ്യം പരാതി നല്‍കിയത്.
പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് യുവതി നിരന്തരം റോജോയുടെ എറണാകുളത്തുള്ള സഹോദരിയെ ബന്ധപ്പെട്ടിരുന്നതായും ക്രൈംബ്രാഞ്ച് കണ്ടെത്തി. ഇക്കാരണങ്ങളെല്ലാം സംശയം ഒരാളിലേക്ക് നീളാന്‍ കാരണമായതായി ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ പറഞ്ഞു. ടോം തോമസിന്റെ മക്കളില്‍ നാട്ടിലുള്ള ഏകമകള്‍ രഞ്ജി തോമസ് എറണകുളത്തുനിന്ന് ഇന്ന് കൂടത്തായിയില്‍ പോലീസ് നടപടിക്ക് ദൃക്സാക്ഷിയായി എത്തുന്നുണ്ട്.
സംശയത്തിലുള്ള യുവതിയുടെ ബാങ്ക് അക്കൗണ്ടുകളും ഫോണ്‍കോളുകളും അന്വേഷണസംഘം പരിശോധിച്ചുവരികയാണ്. സംശയാസ്പദമായ പല തെളിവുകളും ഇതില്‍ നിന്നും ക്രൈംബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്. പല ബിസിനസുകാരുമായും ഫോണില്‍ ബന്ധപ്പെട്ടതിന്റെ വിശദാംശങ്ങളും ക്രൈംബ്രാഞ്ച് ശേഖരിച്ചതായി അറിയുന്നു. ടോം തോമസിന്റെ മകന് റോയി തോമസിന്റെ മരണവുമായി ബന്ധപ്പെട്ട് ഏതാനും ഗുരുതര തെളിവുകള്‍ ക്രൈംബ്രാഞ്ചിനു ലഭിച്ചതായും വിവരമുണ്ട്.
ടോം തോമസിന്റെ ഒരു ഉറ്റബന്ധു, യുവതിയെ സഹായിച്ചതായി ക്രൈംബ്രാഞ്ച് സംശയിക്കുന്നു. റിട്ട.വിദ്യഭ്യാസവകുപ്പ് ഉദ്യോഗസ്ഥനായ കൂടത്തായി പൊന്നാമറ്റം ടോം തോമസ്, ഭാര്യയും റിട്ട.അധ്യാപികയുമായ അന്നമ്മ, മകന് റോയ്, അന്നമ്മയുടെ സഹോദരനും വിമുക്ത ഭടനുമായ മാത്യു മഞ്ചാടിയില്‍, ടോം തോമസിന്റെ സഹോദരന് പുലിക്കയം സ്വദേശി റിട്ട. അധ്യാപകനായ പൊന്നാമറ്റം സക്കറിയയുടെ മകന് ഷാജുവിന്റെ ഭാര്യ സിലി , ഇവരുടെ പത്തുമാസം പ്രായമുള്ള കുഞ്ഞ് ആന്‍ഫൈന്‍, എന്നിവരാണ് ദുരൂഹ സാഹചര്യത്തില്‍ പല കാലയളവിലായി മരിച്ചത്. 2002 ഓഗസ്റ്റ് 22 നാണ് കേസിനാസ്പദമായ ആദ്യ മരണം നടക്കുന്നത്.