കോഴിക്കോട്: വിരമിച്ച സര്ക്കാരുദ്യോഗസ്ഥരായ ദമ്പതികളുള്പ്പെടെ ആറു പേരുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് ശവക്കല്ലറ തുറന്നുള്ള ഫോറന്സിക് പരിശോധന സങ്കീര്ണം. കൂടത്തായിയിലെ രണ്ടു കുടുംബക്കല്ലറകളിലായി 30 പേരുടെ അസ്ഥികളാണുള്ളത്. ഇതില് ഒരുകല്ലറയില് മാത്രം 25 പേരുടെ അസ്ഥികളുണ്ടെന്നാണ് ഫോറന്സിക് മെഡിസിന് വിഭാഗത്തിന് ലഭിച്ച സ്ഥിരീകരിച്ച കണക്കുകള് .
അതിനാല് കല്ലറയിലുള്ള മുഴുവന് അസ്ഥികളും പുറത്തെടുക്കേണ്ടതായുണ്ടെന്നാണ് കോഴിക്കോട് മെഡിക്കല്കോളജിലെ ഫോറന്സിക് മെഡിസിന് വിഭാഗം മേധാവികള് പറയുന്നത്. ഇത്തരത്തില് എക്സ്ഹ്യുമേഷന് നടത്തി കിട്ടുന്ന അസ്ഥികളെല്ലാം ഡിഎന്എ പരിശോധനയ്ക്ക് വിധേയമാക്കും. അതിന് ശേഷമാണ് കെമിക്കല് അനാലിസിസ് നടത്തുന്നത്.
പലരുടേയും അസ്ഥികള് ശവക്കല്ലറയില് ഉള്ളതിനാല് ആരുടെതാണെന്ന് തിരിച്ചറിയുകയാണ് ആദ്യം വേണ്ടത്. ഇതില് ദുരൂഹസാഹചര്യത്തില് മരിച്ചവരുടെ അസ്ഥികള് തിരിച്ചറിയണം. തുടര്ന്നാണ് ഈ അസ്ഥികളില് കെമിക്കല് അനാലിസിസ് നടത്തുക. കെമിക്കല് അനാലിസിസ് പരിശോധനയിലൂടെ ശരീരത്തില് ഏതെങ്കിലും വിഷാംശം എത്തിയിട്ടുണ്ടെങ്കില് അക്കാര്യം കണ്ടെത്താനാവും.
വര്ഷങ്ങള് കഴിഞ്ഞാലും എല്ലില് അതിന്റെ അംശങ്ങള് ഉണ്ടാവുമെന്നാണ് ഫോറന്സിക് വിദഗ്ധര് പറയുന്നത്. പരിശോധന പൂര്ത്തീകരിച്ച് ഫലം ലഭിക്കുന്നതിന് ഒരുമാസം കാലതാമസമുണ്ടാവുമെന്നാണറിയുന്നത്.അതേസമയം ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ ഭാഗമായി രണ്ട് ടീമായാണ് എക്സ്ഹ്യുമേഷന് നടത്തുന്നത്.
കോഴിക്കോട് മെഡിക്കല്കോളജ് ഫോറന്സിക് മെഡിസിന് വിഭാഗം മേധാവി ഡോ. പ്രസന്നന്, അഡീഷണല് പ്രഫസര് സുജിത് ശ്രീനിവാസന് എന്നിവരാണ് മേല്നോട്ടം വഹിക്കുന്നത്. ഇവരെ സഹായിക്കുന്നതിനായി അസി. പ്രഫസര്മാരായ ഡോ.കൃഷ്ണകുമാര്, ഡോ.പി.ടി.രതീഷ് എന്നിവരുമുണ്ട്. കൂടാതെ രണ്ടു ടീമിലുമായി പരിശീലനത്തിനായുള്ള ഡോക്ടര്മാര്മാരുമുണ്ട്.