മുക്കം: കൂടത്തായി കൊലപാതകക്കേസിലെ മുഖ്യ പ്രതി ജോളിയുമായി വിവിധ പാർട്ടി നേതാക്കളുടെ ബന്ധം സംബന്ധിച്ച് മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളിലും ആശങ്ക. വിവിധ പാർട്ടികളികളിലെ പ്രാദേശിക നേതാക്കൾക്കുള്ള ബന്ധം പുറത്തു വന്നതിന് പിന്നാലെ ഒരു ഡിസിസി ഭാരവാഹിയുടെ പേരും സജീവ ചർച്ചയാണ്.
വ്യാജ ഒസ്യത്ത് നിര്‍മാണം, ഭൂമി കൈമാറ്റം, രജിസ്ട്രേഷന്, മറ്റ് സാമ്പത്തിക ഇടപാടുകൾ എന്നിവയുമായി ബന്ധപ്പെട്ട് പാര്‍ട്ടി നേതാക്കളുടെ വഴിവിട്ട ബന്ധം അണികളെ ചൊടിപ്പിച്ചിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ടു കട്ടാങ്ങല്‍ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പുറത്താകലും പ്രധാന ചര്‍ച്ചയാവുന്നുണ്ട്. മറ്റൊരു നേതാവിന്റെ പേരും കേസുമായി ബന്ധപ്പെട്ട് പറഞ്ഞ് കേൾക്കുന്നുണ്ട്.
മരിച്ച റോയിയുയടെ സഹോദരന് റോജോ ഓമശ്ശേരി ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ നല്കിയ വിവരാവകാശ അപേക്ഷയില്‍ വിവരം നല്‍കുന്നത് തടയാന്‍ ചില രാഷ്ട്രീയ പ്രവര്‍ത്തകര്‍ ഇടപെട്ടതായി ബന്ധുക്കള്‍ ആരോപിച്ചിരുന്നു. മറുപടി ലഭിക്കാതായപ്പോള്‍ പഞ്ചായത്ത് അധികൃതര്‍ക്കെതിരെ ഉന്നതങ്ങളില്‍ പരാതി നല്കാന് ഒരുങ്ങിയതോടെയാണ് വിവരാവകാശ രേഖ ലഭിച്ചത്.
അതുപോലെ കൂടത്തായി വില്ലേജ് ഓഫീസില്‍നിന്നും മറ്റ് റവന്യു അധികൃതരില്‍നിന്നും അനധികൃതമായും നിയമവിരുദ്ധമായും രേഖകള്‍ നിര്‍മിക്കുന്നതിന് ചില രാഷ്ട്രീയ കേന്ദ്രങ്ങളില്‍നിന്ന് ഇടപെടലുണ്ടായതായും അറിയുന്നു. തേക്കുറിച്ചും അന്വേഷണ ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. ഇത്തരം ആസൂത്രിതമായ തട്ടിപ്പുകള്‍ ജോളിക്കുമാത്രം ചെയ്യാന്‍ സാധിക്കില്ലെന്നും തീര്‍ച്ചയായും ഉദ്യോഗസ്ഥ- രാഷ്ട്രീയ- നിയമ മേഖലകളില്‍ നിന്നുള്ളവരുടെ ഒത്താശ നന്നായി ലഭിച്ചിട്ടുണ്ടെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം.
നേതാക്കളെ കുറിച്ചുള്ള പ്രചാരണങ്ങള്‍ അണികളില്‍ കടുത്ത ആശങ്കയും അമര്‍ഷവും ഉടലെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം കൂടത്തായിയില്‍ സര്‍വകക്ഷിയോഗം ചേര്‍ന്നിരുന്നു. കുറ്റവാളികള്‍ ഒരു നിലയ്ക്കും രക്ഷപ്പെടരുതെന്നും നാടിനു കളങ്കമുണ്ടാക്കിയ നേതാക്കളെയും മറ്റും ഒറ്റപ്പെടുത്തണമെന്നും യോഗത്തില്‍ ചര്‍ച്ചയായി.അന്വേഷണ ഉദ്യോഗസ്ഥരുമായി പരമാവധി സഹകരിക്കണമെന്നാവശ്യവും യോഗത്തില്‍ ഉയര്‍ന്നുവന്നു.