കോഴിക്കോട്: കൂടത്തായി കൊലപാതക പരന്പരയിലെ പ്രതി ജോളി മൂന്നാമതൊരു വിവാഹത്തിനായി രണ്ടാം ഭർത്താവ് പൊന്നാമറ്റത്തിൽ ഷാജു സക്കറിയയെ അപായപ്പെടുത്താൻ പദ്ധതിയിട്ടതായി പോലീസ്. പോലീസിന്റെ സംശയ ലിസ്റ്റിലുള്ള കക്കയം സ്വദേശിയായ ബിഎസ്എൻഎൽ ജീവനക്കാരൻ ജോണ്‍സനെ സ്വന്തമാക്കാനായാണു ഷാജുവിനെ അപായപ്പെടുത്താൻ ആഗ്രഹിച്ചതെന്നാണ് ജോളിയുടെ മൊഴി. ശാസ്ത്രീയ തെളിവുകൾ നിരത്തിയുള്ള അന്വേഷണസംഘത്തിന്റെ ചോദ്യം ചെയ്യലിലാണിക്കാര്യം ജോളി വെളിപ്പെടുത്തിയത്.
ഷാജുവിനെ അപായപ്പെടുത്താൻ തീരുമാനിച്ചതിന് പിന്നിൽ ആശ്രിത നിയമനവും മുന്നിൽ കണ്ടിരുന്നതായും ജോളി സമ്മതിച്ചു. ഇതിനായി ബിഎസ്എൻഎൽ ജീവനക്കാരന്റെ ഭാര്യയായ അധ്യാപികയേയും കൊലപ്പെടുത്താൻ ശ്രമം നടത്തി. ഭാഗ്യംകൊണ്ടാണ് ഇവർ രക്ഷപ്പെട്ടതെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങൾ പറഞ്ഞു.
മുക്കം ആനയാംകുന്ന് സ്കൂളിലെ അധ്യാപകനായ ഷാജു മരിച്ചാൽ തനിക്ക് സർക്കാർ സർവീസിൽ ജോലി ലഭിക്കുമെന്നതിനാലാണ് അപായപ്പെടുത്താൻ തീരുമാനിച്ചതെന്നാണ് ജോളിയുടെ മൊഴി. അതേസമയം ഗൂഢാലോചനയിൽ ആർക്കെല്ലാം പങ്കുണ്ടെന്നത് സംബന്ധിച്ച് ജോളി കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.
ഷാജുവിനെ അപായപ്പെടുത്താനും മൂന്നാമത് വിവാഹം ചെയ്യാനും തീരുമാനിച്ചതിനെ സാധൂകരിക്കുന്ന നിരവധി തെളിവുകൾ അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്. ബിഎസ്എൻഎൽ ജീവനക്കാരനായ അന്പത്തഞ്ചുകാരനൊപ്പം ജോളി ബംഗളൂരു, കോയന്പത്തൂർ, തിരുപ്പുർ തുടങ്ങി പലയിടങ്ങളിലേക്കും യാത്ര നടത്തിയതായും ഒരുമിച്ച് താമസിച്ചതായും ക്രൈംബ്രാഞ്ച് കണ്ടെത്തി. ശാസ്ത്രീയമായ ടവർ ഡംപ് പരിശോധനയിലാണ് ജോളിയും ഇയാളും തമ്മിൽ പലസ്ഥലങ്ങളിലും ഒരുമിച്ച് യാത്രചെയ്തതിന്റെ വിശദാംശം ക്രൈംബ്രാഞ്ചിനു ശേഖരിച്ചത്.
ഇരുവരും കുടംബാംഗങ്ങളൊത്ത് പലതവണ വിനോദസഞ്ചാരത്തിനും സിനിമയ്ക്കും പോയി. പിന്നീട് ജോളിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ബിഎസ്എൻഎൽ ജീവനക്കാരന്റെ ഭാര്യ ജോളിയുമായുള്ള സൗഹൃദം ഒഴിവാക്കുകയും ഭർത്താവിനെ താക്കീത് ചെയ്യുകയും ചെയ്തു. തൃക്കരിപ്പൂരിൽ ജോലിയുണ്ടായിരുന്ന ബിഎസ്എൻഎൽ ജീവനക്കാരൻ ഒന്നരവർഷം മുൻപ് കോയന്പത്തൂരിന് സ്ഥലം മാറിപ്പോയശേഷം ഇരുവരും തമ്മിൽ കൂടുതൽ അടുക്കുകയായിരുന്നു.
പരപുരുഷബന്ധം ചോദ്യം ചെയ്തതിനാണ് ആദ്യ ഭർത്താവ് പൊന്നാമറ്റത്തിൽ റോയ് തോമസിനെ ജോളി സയനൈഡ് നൽകി കൊലപ്പെടുത്തിയതെന്നാണു പോലീസിന്റെ കണ്ടെത്തൽ. സ്ഥിര വരുമാനമുള്ള ആൾക്കൊപ്പം ജീവിക്കുന്നതിനാണ് സ്കൂൾ അധ്യാപകനും ആദ്യ ഭർത്താവിന്റെ പിതൃസഹോദരപുത്രനുമായ ഷാജു സക്കറിയാസിനെ ജോളി പുനർവിവാഹം ചെയ്തത്. എന്നിട്ടും ആദ്യ ഭർത്താവിന്റെ വീട്ടിൽതന്നെ താമസം തുടർന്ന ജോളി വല്ലപ്പോഴുമെ ഷാജുവിന്റെ പുലിക്കയത്തെ വീട്ടിൽ താമസിച്ചിരുന്നുള്ളൂ.
അസമയങ്ങളിലുള്ള ജോളിയുടെ ഫോണ്‍വിളി മൂലം ഇവരുടെ ദാന്പത്യം ഉലഞ്ഞു. ബെഡ്റൂമിൽ നിന്ന് രാത്രി വൈകി ഫോണ്‍ ചെയ്യുന്നതിനെ ഷാജു ചോദ്യം ചെയ്തതോടെ ജോളി ഡ്രോയിംഗ് മുറിയിലെ സോഫയിലാണ് അന്തിയുറങ്ങിയിരുന്നത്.
ജോളിയുമായുള്ള ബന്ധം ബിഎസ്എൻഎൽ ജീവനക്കാരന്റെ കുടുംബത്തിലും അസ്വാരസ്യങ്ങൾ ഉണ്ടാക്കിയതായി അന്വേഷണസംഘം കണ്ടെത്തി. ഇയാളുടെ ഭാര്യയുടെ ബന്ധുക്കൾ ഇക്കാര്യത്തിൽ പലപ്പോഴും താക്കീത് ചെയ്തിരുന്നതായും ക്രൈംബ്രാഞ്ചിനു വിവരം ലഭിച്ചു. ബന്ധം ഒഴിവാക്കണമെന്ന് പലരും ആവശ്യപ്പെട്ടെങ്കിലും അത് തുടർന്നു. ഇക്കാര്യങ്ങളെല്ലാം അറിയാവുന്നതിനാലാണ് ഷാജു ഇപ്പോൾ ജോളിയെ തള്ളിപ്പറയുന്നതെന്നും ക്രൈംബ്രാഞ്ച് കരുതുന്നു.
ബാബു ചെറിയാൻ