കോഴിക്കോട് : പിഞ്ചു കുഞ്ഞിനെ അടക്കം പൈശാചികമായി കൊലപ്പെടുത്തിയ കൂടത്തായി കേസിലെ പ്രതി ജോളിയ്ക്ക് വേണ്ടി കോടതിയില്‍ ഹാജരാകുന്ന അഭിഭാഷന് ആളൂരിനെതിരേ ജനരോഷം ശക്തം. സൗമ്യ കൊലക്കേസിലും ജിഷ കൊലക്കേസിലും പ്രതികള്‍ക്ക് വേണ്ടി ഹാജരായിരുന്നയാളാണ് ആളൂര്‍. സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിക്കുവേണ്ടി ഹാജരാവുകയും സുപ്രീംകോടതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ ഏഴുവര്‍ഷം തടവാക്കി ചുരുക്കുകയും ചെയ്തിരുന്നു.
ഇതിനു തൊട്ടുപിന്നാലെ പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥി നിയെ പീഡിപ്പിച്ചു കൊന്ന കേസില്‍ പ്രതി അമീറുള്‍ ഇസ്ലാമിനു വേണ്ടിയും ആളൂര്‍ ഹാജരായിരുന്നു. സമൂഹമനാക്ഷിയെ ഞെട്ടിപ്പിക്കും വിധത്തിലുള്ള ഈ രണ്ടു കേസുകളിലേയും പ്രതികളെ സഹായിക്കാൻ ആളൂര്‍ എത്തിയത് ഏറെ ചര്‍ച്ചയായിരുന്നു. ആ കേസുകള്‍ക്ക് ശേഷമാണ് പൈശാചികവും നിഷ്ഠൂരവുമായ കൂടത്തായി കൂട്ടക്കൊലകേസിലെ പ്രതിയ്ക്ക് വേണ്ടി എത്തിയത്.
മറ്റു കേസുകളില്‍ ഹാജരായിരുന്നപ്പോഴൊന്നുമില്ലാത്ത പ്രതിഷേധമാണ് ആളൂരിനെതിരേ ഇപ്പോള്‍ ഉയരുന്നത്. പ്രശസ്തിക്കുവേണ്ടിയാണ് ഇത്തരം കേസുകളിൽ ഇയാൾ രംഗത്തെ ത്തുന്നതെന്നാണ് പൊതുവെയുള്ള വിലയി രുത്തൽ. സോഷ്യല്‍ മീഡിയകള്‍ വഴിയും പ്രതിഷേധം ശക്തമായുണ്ട്. ഈ സാഹചര്യത്തില്‍ താമരശേരി കോടതിയില്‍ ആളൂര്‍ ഹാജരാവുമ്പോള്‍ അനിഷ്ടസംഭവങ്ങളുണ്ടാവാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല. ഇന്റലിജൻസ് വിഭാഗം ഇത് സംബന്ധിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്നാണറിയുന്നത്.
ആളൂരിനെതിരേ പരസ്യമായി വരെ ആളുകള്‍ രംഗത്തെത്തിയതും മറ്റും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. ജോളിയുടെ വക്കാലത്ത് ഏറ്റെടുക്കാൻ തന്നെ ചില ബന്ധുക്കൾ നിർബന്ധിച്ചതായി ആളൂർ വാർത്താസമ്മേളനം നടത്തി പറഞ്ഞിട്ടുണ്ടെങ്കിലും ആരും ആളൂരിനെ പോയി കണ്ട് ആവശ്യപ്പെട്ടിട്ടില്ലെന്നാണറിവ് . ജോളിയ്ക്ക് വേണ്ടി തങ്ങളാരും ബന്ധപ്പെട്ടിട്ടില്ലെന്ന് ബന്ധുക്കള്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
അറസ്റ്റ് ചെയ്യുമ്പോള്‍ ധരിച്ചിരുന്ന വസ്ത്രം പോലും ദിവസങ്ങള്‍ക്ക് ജോളി ശേഷമാണ് മാറ്റിയത്.സഹോദരനോട് സഹായം അഭ്യർഥിച്ചിട്ടും ആരും വസ്ത്രങ്ങൾ എത്തിച്ചുനൽകിയില്ല. പിന്നീട് പോലീസ് പുതിയ വസ്ത്രം നല്‍കുകയായിരുന്നു.ജോളിയുടെ കട്ടപ്പനയിലെ ബന്ധുക്കളാരും നിയമജ്ഞരെ ബന്ധപ്പെട്ടിട്ടില്ലെന്നാണ് സഹോദരന് നോബി പറഞ്ഞത്. ആളൂരിന്റ ജൂനിയര്‍ എന്നു പരിചയപ്പെടുത്തി ഒരാള്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നു.
എന്നാല്‍ താത്പര്യമില്ലെന്നായിരുന്നു ഇയാളോടു പറഞ്ഞത്. മറ്റു സഹോദരങ്ങള്‍ക്കും ഇതേ അഭിപ്രായമായിരുന്നു.
‘കൊന്നത് മനുഷ്യരെയല്ലേ, കൊല്ലപ്പെട്ടവരെല്ലാം ഞങ്ങള്‍ക്ക് വേണ്ടപ്പെട്ടവരും. അതുകൊണ്ടു തന്നെ മരിച്ചാലും ഞങ്ങളുടെ തീരുമാനത്തിനു മാറ്റമില്ലെന്നായിരുന്നു നോബി പറഞ്ഞത്. ബന്ധുക്കള്‍ക്കു പോലും വേണ്ടാത്ത സ്ത്രീയ്ക്ക് വേണ്ടി ആളൂര്‍ എത്തുന്നതിലെ ധാര്‍മികതയെ കുറിച്ചാണ് പലരും പറയുന്നത്.