താമരശേരി: കൂടത്തായി ദുരൂഹമരണം കേസിലെ അന്വേഷണത്തിൽ നിർണായകമായ സാഹചര്യതെളിവുകൾ പോലീസിന് ലഭിച്ചു. സംഭവം കൊലപാതകമാണെന്നു സ്ഥിരീകരിക്കുന്ന തെളിവുകളാണ് കണ്ടെത്തിയിരിക്കുന്നത്. മരിച്ച റോയിയുടെ ഭാര്യ ജോളി കുറ്റസമ്മതം നടത്തിയതായും സൂചനയുണ്ട്. സംഭവം കൊലപാതകമാണെന്ന സ്ഥിരീകരണത്തിലേക്ക് എത്തിയതോടെ പോലീസ് അറസ്റ്റ് നടപടികളിലേക്ക് നീങ്ങിയിരിക്കുകയാണ്. ജോളി ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്.
ആറുപേരുടെ മരണവും വിഷാംശം ഉള്ളിൽ ചെന്നാണ് സംഭവിച്ചത്. ഫോറൻസിക് പരിശോധനയിൽ ഇവരുടെ ശരീരത്തിൽനിന്നും ചെറിയ അളവിൽ സയനൈഡിന്റെ അംശം കണ്ടെത്തിയതായും വടകര റൂറൽ എസ്പി പറഞ്ഞു. മരണകാരണം സയനൈഡടക്കമുള്ള വിഷവസ്തുക്കളാണെന്ന് സ്ഥിരീകരിക്കുന്ന മൊഴി ലഭിച്ചതായുമാണ് വിവരം. സയനൈഡ് എവിടെ നിന്നു കിട്ടിയെന്ന കാര്യവും ഉദ്യോഗസ്ഥർ അന്വേഷിക്കുന്നുണ്ട്.
ആറു പേരുടെ മരണത്തിന്റെ കാരണം കണ്ടെത്താന്‍ കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിലെ കല്ലറ തുറന്ന് ഫോറന്‍സിക് വിദഗ്ധർ പരിശോധന നടത്തിയിരുന്നു. റിട്ട.വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥനായ കൂടത്തായി പൊന്നാമറ്റം ടോം തോമസ്, ഭാര്യയും റിട്ട. അധ്യാപികയുമായ അന്നമ്മ തോമസ്, മകന് റോയ് തോമസ്, അന്നമ്മയുടെ സഹോദരനും വിമുക്ത ഭടനുമായ മാത്യു മഞ്ചാടിയില്‍ എന്നിവരുടെ മൃതദേഹങ്ങളാണ് പുറത്തെടുത്ത് പരിശോധിച്ചത്.