കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയില്‍ പൊന്നാമറ്റത്തില്‍ റോയ് തോമസിന്റെ മരണവുമായി ബന്ധപ്പെട്ട് കേസ്ഫയല്‍ ആര്‍ഡിഒ മുക്കിയത് ആര്‍ക്കുവേണ്ടിയെന്ന ചോദ്യത്തിന് ഉത്തരം തേടി അന്വേഷണസംഘം. ഇത്രയും പ്രമാദമായ കേസിലെ രേഖകള്‍ സമര്‍പ്പിക്കുന്നതിലെ കാലതാമസം ഗൗരവമായി ‘കൈകാര്യം’ ചെയ്യാനാണ് ക്രൈംബ്രാഞ്ച് തീരുമാനം. കൊലപാതകങ്ങളുടെ ചുരുളഴിക്കുമ്പോള്‍ തന്നെ ഈ ചോദ്യങ്ങള്‍ക്കും ഉത്തരം കണ്ടെത്താനാകുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്.
രേഖകള്‍ സമര്‍പ്പിക്കുന്നതിലെ കാലതാമസം വിവാദമമായതോടെ എഫ്ഐആര്‍ ഉള്‍പ്പെടെയുള്ള അസ്സല് കേസ് രേഖകള്‍ ശനിയാഴ്ച വൈകിട്ട് കോടതി സമയം അവസാനിക്കുന്നതിന് തൊട്ടുമുന്‍പാണ് ആർഡിഒ കോടതിയില്‍ നിന്ന് താമരശേരി കോടതിയില്‍ ഒരു ഉദ്യോഗസ്ഥന് വഴി നേരിട്ട് നല്‍കിയത്. ഇത്രയും ദിവസമായിട്ടും അസ്സല് രേഖകള്‍ ഹാജരാക്കാത്ത കാര്യം കഴിഞ്ഞ വെള്ളിയാഴ്ച പ്രതികളെ കോടതിയില്‍ ഹാജരാക്കവേ പ്രതിഭാഗം അഭിഭാഷകര്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.
തുടര്‍ന്ന് രേഖകള്‍ കൈമാറാന്‍ ഉടന്‍ നടപടികള്‍ സ്വീകരിക്കാമെന്ന് അന്വേഷണ ഉദ്യോഗസ്ഥ തലവന്‍ കോടതിയെ അറിയിച്ചു. എന്നാല്‍ വീണ്ടും കാലതാമസം വരുത്തിയതോടെ രേഖകള്‍ പെട്ടെന്നു തന്നെ ഹാജരാക്കാന്‍ സബ് കളക്ടര്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് കാണിച്ച് റൂറല്‍ ജി്ല്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ആര് .ഹരിദാസ് താമരശ്ശേരി കോടതിയില്‍ അഡിഷണല്‍ റിപ്പോര്‍ട്ട് ഫയല്‍ചെയ്തു. സബ് ഡിവിഷണൽ മജിസ്ട്രേട്ടായ ആർഡിഒവിന്റെ ചുമതലയുള്ള സബ് കളക്ടറോട് ജില്ലാകളക്ടറും നേരത്തെ അടിയന്തര നടപടി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് രേഖകള്‍ കഴിഞ്ഞ ദിവസം കോടതിയില്‍ എത്തിച്ചത്.
കാലതാമസം വരുത്തിയതില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കാനാണ് തീരുമാനം. കോടഞ്ചേരി പോലീസ് 189/11 ക്രൈം നമ്പറായി 174 സിആര്‍പിസി പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസ് വിശദമായി അന്വേഷിക്കാത്ത സംഭവത്തില്‍ അന്നത്തെ കോടഞ്ചരി എസ്ഐ രാമനുണ്ണിക്കുപുറമെ മുന്‍ ആര്‍ഡിഒ, താമരശേരി മുന്‍ ഡിവൈഎസ്പി , മുന്‍ സിഐ എന്നിവര്‍ക്കെതിരേ ശക്തമായ നടപടിയുണ്ടാകുമെന്നാണ് അറിയുന്നത്.
സയനൈഡ് ഉള്ളില്‍ചെന്നാണ് 2011 സെപ്റ്റംബര്‍ 30ന് റോയ് തോമസ് മരിച്ചതെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചിട്ടും തുടരന്വേഷണം നടത്താതിരുന്നതില്‍ ദുരൂഹതയുണ്ടെന്ന് ഉന്നത പോലീസ് വൃത്തങ്ങള്‍ പറയുന്നു. അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും ആരുടേയോ ശക്തമായ ഇടപെടല്‍മൂലം തുടരന്വേഷണം ഒഴിവാക്കി കേസ് അവസാനിപ്പിക്കുകയായിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്തതിനാല്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷം മൃതദേഹത്തിന്റെ വിസറ പരിശോധന നടത്തേണ്ടതാണ്. അതുണ്ടായില്ല.
റോയിയുടെ മരണകാരണം സയനൈഡ് ഉള്ളില്‍ ചെന്നാണെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.മരണംനടന്ന് ഒരാഴ്ചക്കുള്ളില്‍ കോടഞ്ചേരി സ്റ്റേഷന് ഹൗസ് ഓഫീസര്‍ (എസ്എച്ച്ഒ) രാമനുണ്ണിക്ക് കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് മേധാവി കൈമാറിയതിന്റെ രേഖകള്‍ ഇന്റലിജന്‍സ് കസ്റ്റഡിയിലെടുത്തിരുന്നു. കേസ് അവസാനിപ്പിച്ച് ഫൈനല്‍ റിപ്പോര്‍ട്ട് ബന്ധപ്പെട്ട സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്കും, അദ്ദേഹത്തിന്റെ0 ഒപ്പുസഹിതം സബ് ഡിവിഷണല്‍ ഓഫീസറായ ഡിവൈഎസ്പിയ്ക്കും അദ്ദേഹം വീണ്ടും ഒപ്പിട്ട് ആര്‍ഡിഒ കോടതിയിലേക്കും അയക്കണമെന്നാണ് നിയമം.
മരണകാരണം സയനൈഡ് തുടങ്ങി വിഷം ആണെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഉള്ളപക്ഷം, സിഐയോ, ഡിവൈഎസ്പിയോ തുടരന്വേഷണം നടത്തണമെന്നാണ് നിയമം. റിപ്പോര്‍ട്ട് ലഭിച്ചാല്‍ ആര്‍ഡിഒ അത് വിശദമായി പഠിച്ച് അന്വേഷണത്തിന് ഉത്തരവിടണമെന്നും നിയമമുണ്ട്. എന്നാല്‍ റോയിയുടെ കാര്യത്തില്‍ ഒന്നുമുണ്ടായില്ല. ഉന്നതതലത്തില്‍ സ്വാധീനം നടന്നതായാണ് ക്രൈംബ്രാഞ്ച് ഇപ്പോള്‍ സംശയിക്കുന്നത്.