കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസ് തെളിയിക്കുക എന്നതു വെല്ലുവിളിയെന്നു ഡിജിപി ലോക്നാഥ് ബെഹ്റ. കൊലപാതകങ്ങൾ നടന്ന കൂടത്തായിയിലെ വീട് സന്ദർശിച്ചശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ഡിജിപി.
പ്രധാനപ്പെട്ട കേസായതുകൊണ്ടാണു താൻ നേരിട്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട ആറു കേസുകളുണ്ട്. ഈ ആറു കേസുകളും പ്രത്യേകം അന്വേഷിച്ച് തെളിവുകൾ കണ്ടെത്തും. 17 വർഷം മുന്പു നടന്ന മരണത്തിന്റെ തെളിവുകൾ കണ്ടെത്തുക ദുഷ്കരമാണ്. സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളെയും അടിസ്ഥാനമാക്കിയാകും കേസ് മുന്നോട്ടുപോകുകയെന്നും ഡിജിപി പറഞ്ഞു.
കേസ് അന്വേഷണവും തെളിവുകൾ കണ്ടെത്തലും ചിന്തിച്ചതുപോലെ അത്ര എളുപ്പമല്ല. എന്നാൽ അന്വേഷണത്തിൽ ഒന്നും അസാധ്യമല്ല. കോടതിയിൽ തെളിവുകളാണു പ്രധാനം. ഇതുവരെയുള്ള അന്വേഷണത്തിൽ തൃപ്തനാണ്.
ഒരു പരാതിയുടെ അടിസ്ഥാനത്തിൽ കുറ്റകൃത്യത്തിന്റെ വ്യാപ്തി കണ്ടെത്തിയ എസ്പി അഭിനന്ദനം അർഹിക്കുന്നെന്നും ബെഹ്റ പറഞ്ഞു. ജോളി ഉൾപ്പെടെയുള്ള പ്രതികളെ ഡിജിപി നേരിട്ടു ചോദ്യം ചെയ്യുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, അക്കാര്യം വെളിപ്പെടുത്താനാകില്ല എന്നായിരുന്നു ഡിജിപിയുടെ മറുപടി.
കൊലപാതക കേസിന്റെ അന്വേഷണ പുരോഗതി വിലയിരുത്തുന്നതിനാണ് ലോക്നാഥ് ബെഹ്റ ശനിയാഴ്ച രാവിലെ കോഴിക്കോട്ട് എത്തിയത്. ദേശീയ അന്വേഷണ ഏജൻസിയിൽ (എൻഐഎ) അടക്കം സേവനം അനുഷ്ഠിച്ച ബെഹ്റ, സംസ്ഥാന പോലീസ് മേധാവിയായ ശേഷം പെരുന്പാവൂരിലെ നിയമവിദ്യാർഥിനിയുടെ കൊലക്കേസിൽ അടക്കം നേരിട്ട് ഇടപെട്ടു ചോദ്യം ചെയ്തിട്ടുണ്ട്.
കേസിൽ വിദഗ്ധ സഹായത്തിന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ മുൻ ഡയറക്ടറും ഫോറൻസിക് വിഭാഗം മേധാവിയുമായ ഡോ. തിരത്ദാസ് ഡോഗ്ര അടക്കമുള്ളവരുമായും കഴിഞ്ഞ ദിവസം ഡിജിപി ആശയ വിനിമയം നടത്തിയിരുന്നു. കേസുകൾ കോടതിയിൽ തെളിയിക്കുന്നതിനായി മൃതദേഹാവശിഷ്ടങ്ങൾ ആവശ്യമെങ്കിൽ വിദേശ രാജ്യങ്ങളിലടക്കം രാസ പരിശോധനകൾക്കായി അയയ്ക്കാനും കഴിഞ്ഞ ദിവസം നടന്ന ചർച്ചയിൽ ധാരണയായിരുന്നു.