തിരുവനന്തപുരം: കൂടത്തായി കൊലപാതകപരമ്പരയുമായി ബന്ധപ്പെട്ട് തഹസിൽദാർ ജയശ്രീയുടെ മൊഴി രേഖപ്പെടുത്തി. ഡെപ്യൂട്ടി കളക്ടർ സി.ബിജുവാണ് മൊഴിരേഖപ്പെടുത്തിയത്. കേസിലെ മുഖ്യപ്രതിയുമായ ജോളിയുടെ സുഹൃത്താണു ജയശ്രീ.
ടോം തോമസിന്റെ പേരില്‍ വ്യാജ ഒസ്യത്ത് ചമച്ച സംഭവത്തിലാണ് ജയശ്രീയുടെ മൊഴി രേഖപ്പെടുത്തിയത്. അന്തിമ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ ജയശ്രീക്കെതിരേ നടപടിയെടുക്കാനാണു നീക്കം.
ജയശ്രീ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥര്‍ ജോളിയെ സഹായിച്ചെന്നാണു റവന്യൂ മന്ത്രിക്കു ലഭിച്ച പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ടോം തോമസിന്റെ 38.5 സെന്റ് സ്ഥലവും ഇരുനില വീടും തട്ടിയെടുക്കാന്‍ ജയശ്രീയുടെ സഹായത്തോടെ ജോളി വ്യാജ ഒസ്യത്ത് ചമച്ചെന്നാണ് ആരോപണം. ജയശ്രീക്കു കൈമാറാനെന്ന പേരില്‍ ജോളി സയനൈഡ് വാങ്ങിയതായും പോലീസിനു വിവരം ലഭിച്ചിരുന്നു. വ്യാജ ഒസ്യത്ത് നിര്‍മിച്ച കാലയളവില്‍ കൂടത്തായി വില്ലേജ് ഓഫീസറുടെ ചുമതലയുള്ള ഡെപ്യൂട്ടി തഹസില്‍ദാറായിരുന്നു ജയശ്രീ.