താമരശേരി: കൂടത്തായി കൊലപാതകങ്ങളിലെ മുഖ്യപ്രതി ജോളി ഉൾപ്പെടെ മൂന്നു പേരെ താമരശേരി കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടു. ജോളി, മാത്യു, പ്രജികുമാർ എന്നിവരെയാണ് ആറു ദിവസത്തെ കസ്റ്റഡിയിൽ വിട്ടത്. പതിനൊന്ന് ദിവസം കസ്റ്റഡിയിൽ വിട്ടുനൽകണമെന്നാണ് അന്വേഷണസംഘം ആവശ്യപ്പെട്ടിരുന്നത്.
കൊലപാതക പരമ്പരക്ക് പിന്നില് വന് ആസൂത്രണമുണ്ടെന്നും കസ്റ്റഡിയിൽ ലഭിക്കുന്നതോടെ വിശദമായ ചോദ്യം ചെയ്യലും തെളിവെടുപ്പും ആരംഭിക്കുമെന്നും ക്രൈംബ്രാഞ്ച് വൃത്തങ്ങൾ അറിയിച്ചു. പ്രതികളെ കാണാൻ വൻ ജനക്കൂട്ടമാണ് താമരശേരി കോടതിക്കു സമീപമെത്തിയത്. ജോളിയെ ജനക്കൂട്ടം കൂകി വിളിക്കുകയും ചെയ്തു.
ജോളിയെ കോടതിയില് എത്തിച്ചത് കനത്ത സുരക്ഷയിൽ
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് റിമാന്ഡിലുള്ള മുഖ്യപ്രതി ജോളിയെ കോടതിയില് ഹാജരാക്കി. ജില്ലാ ജയിലില് റിമാന്ഡിലുള്ള ജോളിയെ ഇന്ന് രാവിലെ 10 ഓടെയാണ് പുറത്തിറിക്കിയത്. ജോളിക്ക് പുറമേ പ്രജികുമാറിനേയും മാത്യുവിനേയും കോടതിയിലേക്ക് കൊണ്ടുപോയി. കനത്ത സുരക്ഷയിലാണ് പ്രതിയെ കൊണ്ടുപോയത്.
പ്രതികളെ ഹാജരാക്കണമെന്ന് ഇന്നലെ താമരശേരി കോടതി ഉത്തരവിട്ടിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണസംഘം ഇന്നലെയാണ് ജോളി ഉള്പ്പെടെയുള്ള പ്രതികളെ കസ്റ്റഡിയില് വിട്ടു നല്കണമെന്നാവശ്യപ്പെട്ട് കോടതി മുമ്പാകെ അപേക്ഷ നല്കിയത്. ജോളിക്ക് സയനൈഡ് നല്കിയതിന് അറസ്റ്റിലായ എം.എസ്. മാത്യു ജാമ്യാപേക്ഷയും ഇന്നലെ നല്കിയിരുന്നു. ഇതും ഇന്ന് പരിഗണിക്കും.
നിരവധി സ്ഥലങ്ങളില് തെളിവെടുപ്പ് നടത്തേണ്ടതിനാലും മറ്റു മരണങ്ങളിലും കൊലപാതക ശ്രമങ്ങളിലും ജോളിക്കു പങ്കുണ്ടോയെന്ന് വിശദമായി ചോദ്യം ചെയ്യുന്നതിനുമാണ് അന്വേഷണസംഘം പ്രതികളെ കസ്റ്റഡിയില് വാങ്ങുന്നത്. കേസില് നൂറിലധികം പേരെ ഇനി ചോദ്യം ചെയ്യാനുണ്ട്. അവരില്നിന്ന് ആവശ്യമുള്ളവരെ ഉള്പ്പെടുത്തി ലിസ്റ്റ് തായാറാക്കും. ഇവരെ ജോളിയുടെ സാന്നിധ്യത്തില് ചോദ്യം ചെയ്യാനാണ് തീരുമാനം.
കൂടത്തായിയില് മരിച്ച ആറു പേര്ക്കു പുറമേ നാലുപേരുടെ മരണത്തില് കൂടി ബന്ധമുണ്ടെന്ന് ഇന്നലെ ബന്ധുക്കള് സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. മരിച്ച പൊന്നാമറ്റം ടോം തോമസിന്റെ സഹോദരങ്ങളായ അഗസ്റ്റിന്, ഡൊമനിക് എന്നിവരുടെ മക്കളായ വിന്സന്റ്, സുനീഷ്, എന്നിവരും പൊന്നാമറ്റം വീടിന് സമീപത്ത് താമസിക്കുന്ന അമ്പലക്കുന്ന് ഇമ്പിച്ചുണ്ണി, ചാത്തമംഗലം സ്വദേശി രാമകൃഷ്ണന്, എന്നിവരുമാണ് ദുരൂഹ സാഹചര്യത്തില് മരിച്ചവര്.
ഇവര്ക്കെല്ലാം ജോളിയുമായി നേരിട്ട് ബന്ധമുള്ളവരാണ്. ഇക്കാര്യവും ജോളിയെ കസ്റ്റഡിയില് ലഭിച്ചാല് അന്വേഷണസംഘം വിശദമായി പരിശോധിക്കും.