കോഴിക്കോട്: കൂടത്തായി കൊലപാതകപരമ്പരയുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് ശാഖാ പ്രസിഡനന്റും ജോളിയുമായുള്ള ബന്ധത്തക്കുറിച്ച് വിശദമായി പരിശോധിക്കുന്നു. ജോളിയുടെ അയല്ക്കാരനായ ഇമ്പിച്ചി മൊയ്തീന്റെ കൈവശം റേഷന് കാര്ഡ്, ആധാര് കാര്ഡ് അടക്കമുള്ള രേഖകള് ജോളി ഏല്പ്പിച്ചിരുന്നു.
വെറുമൊരു അയല്ക്കാരനായതിനാലോ അല്ലെങ്കില് മറ്റെന്തിലും സഹായത്തിന് വേണ്ടിയാണോ ലീഗ് നേതാവിനെ ബന്ധപ്പെട്ടതെന്നാണ് ക്രൈംബ്രാഞ്ച് പരിശോധിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ഇന്നലെ വീട്ടിലും കൂടത്തായിയിലുള്ള മകന്റെ കടയിലും പോലീസ് പരിശോധന നടത്തി. ജോളിയുടെ റേഷന് കാര്ഡ് ഈ കടയില് നിന്നും കണ്ടെടുത്തു. അറസ്റ്റിന് തൊട്ടുമുമ്പാണ് റേഷന് കാര്ഡും മറ്റും ജോളി ഏല്പിച്ചിരുന്നതെന്നാണ് മൊഴി.
അന്വേഷണസംഘം അറസ്റ്റ് ചെയ്യുന്നതിനു മുമ്പ് ജോളി ഇമ്പിച്ചിമൊയ്തീനെ നിരവധി തവണ വിളിച്ചിരുന്നതായുള്ള ഫോണ് രേഖകള് പോലീസിന് ലഭിച്ചിരുന്നു. എന്നാല് തനിക്ക് വേണ്ടി വക്കീലിനെ ഏര്പ്പാടാക്കി തരണമെന്നാവശ്യപ്പെട്ടാണ് ജോളി വിളിച്ചതെന്നാണ് ഇമ്പിച്ചിമൊയ്തീന് പോലീസിന് മൊഴി നല്കിയത്.
ജോളി അദ്ദേഹത്തെ നേരില് ചെന്ന് കാണുകയും ചെയ്തിരുന്നു. വക്കീലിനെ ഏര്പ്പാടാക്കിത്തരണമെന്ന് ജോളി ആവശ്യപ്പെട്ടിരുന്നതായും കാര്യമെന്താണെന്ന് പറഞ്ഞിരുന്നില്ലെന്നും ഇമ്പിച്ചിമൊയ്തീന് പോലീസിന് മൊഴിനല്കി.ഒരു വക്കീലുമായി താന് ജോളിയെ സമീപിച്ചിരുന്നു. എന്നാല് , അപ്പോഴേക്കും കോഴിക്കോട്ടുള്ള ബന്ധു വഴി വക്കീലിനെ ഏര്പ്പാടാക്കിയിട്ടുണ്ടെന്ന് ജോളി അറിയിച്ചതായും ഇമ്പിച്ചിമൊയ്തീന് പോലീസിനോട് പറഞ്ഞു.
രണ്ടരക്കൊല്ലം മുമ്പ് ജോളിയില് നിന്ന് അരലക്ഷം രൂപ കടം വാങ്ങിയിരുന്നതായും ഇമ്പിച്ചിമൊയ്തീന് സമ്മതിക്കുന്നുണ്ട്. എന്നാല് കൊലപാതകങ്ങളെക്കുറിച്ചൊന്നും തനിക്ക് ഒരറിവുമില്ലെന്നും ഇമ്പിച്ചി മൊയ്തീന് പറയുന്നു.