കോഴിക്കോട്: കൂടത്തായിയിലെ കൂട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ പേരെ ചോദ്യം ചെയ്യാനൊരുങ്ങി പോലീസ്. മുഖ്യപ്രതി ജോളിയുടെ ഫോണ്‍ രേഖകൾ പരിശോധിച്ച പോലീസ് ചോദ്യം ചെയ്യേണ്ടവരുടെ പട്ടികയില്‍ ഇവരെയെല്ലാം ഉള്‍പ്പെടുത്തിയതായാണ് വിവരം.
ജോളിയുടെ ബന്ധുക്കളിലേക്കും അന്വേഷണം നീങ്ങുന്നുണ്ട്. കട്ടപ്പന, കൂടത്തായി സ്വദേശികളാണ് ഇവർ. അതേസമയം, അന്വേഷണത്തിനിടെ ജോളി ഏറ്റവുമധികം വിളിച്ചത് ബിഎസ്എൻഎൽ ജീവനക്കാരനെയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ജോളിയുമായി സൗഹൃദം പുലര്‍ത്തുന്ന സിപിഎം, മുസ്ലീംലീഗ് നേതാക്കളേയും തഹസില്‍ദാരേയും പലതവണ വിളിച്ചിട്ടുണ്ട്.
കൊലപാതക പരമ്പരയില്‍ അറസ്റ്റിലായ ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിനെ ചോദ്യം ചെയ്യലിനു ശേഷം കഴിഞ്ഞ ദിവസം വിട്ടയച്ചിരുന്നു. കൊലപാതകങ്ങളുമായി ഷാജുവിനെ ബന്ധിപ്പിക്കാനുള്ള ശക്തമായ തെളിവ് ഇപ്പോൾ ഇല്ലാത്തതിനാലാണ് വിട്ടയച്ചതെന്ന് പോലീസ് പറയുന്നു.