കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ റോയ് തോമസ് വധക്കേസിൽ അനായാസേന ജാമ്യം നേടിയ മൂന്നാംപ്രതി പ്രജികുമാറിന്, സിലി വധക്കേസിൽ ഹൈക്കോടതി ജാമ്യം നിഷേധിച്ചു. അറസ്റ്റിനു തൊട്ടുമുൻപ് രണ്ടാംപ്രതി മഞ്ചാടിയിൽ സാമുവൽ മാത്യു എന്ന ഷാജിയുമായി ഫോണിൽ ബന്ധപ്പെട്ടില്ല എന്ന നുണ പ്രോസിക്യൂഷന് ഖണ്ഡിക്കാനായതും പ്രതിയെ നുണപരിശോധനയ്ക്ക് വിധേയനാക്കണമെന്ന ആവശ്യവും പരിഗണിച്ചാണ് ഹൈക്കോടതി ജസ്റ്റിസ് അലക്സാണ്ടർ തോമസ് പ്രജികുമാറിന്റെ ജാമ്യാപേക്ഷ തള്ളിയത്.
തനിക്കും ഭാര്യക്കും മകനും ഗുരുതരരോഗമാണെന്ന പ്രജികുമാറിന്റെ വാദവും കോടതി പരിഗണിച്ചില്ല. രോഗവിവരം ചൂണ്ടിക്കാണിച്ചായിരുന്നു റോയ് തോമസ് വധക്കേസിൽ ഇയാൾ നിഷ്പ്രയാസം ജാമ്യം സമ്പാദിച്ചത്. അന്ന് ഹാജരാക്കാതിരുന്ന നിരവധി സുപ്രധാന തെളിവുകൾ ഇന്നലെ ഗവ. പ്ലീഡർ കോടതിയിൽ ഹാജരാക്കി. കോടഞ്ചേരിയിലെയും കൂടത്തായിയിലെയും കല്ലറകൾ പൊളിക്കുന്നതിനു തലേന്ന് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആർ. ഹരിദാസ് പ്രജി കുമാറിനെ ചോദ്യം ചെയ്തിരുന്നു.
ചോദ്യം ചെയ്യലിനിടയിൽ ഭക്ഷണം കഴിക്കണമെന്ന് പ്രജികുമാർ ആവശ്യപ്പെട്ടതനുസരിച്ച് പോലീസ് ഇയാളെ പുറത്തുവിട്ടിരുന്നു. ഊണ് കഴിക്കാനെന്ന വ്യാജേന പുറത്തു പോയ പ്രജികുമാർ നേരെ താമരശേരിയിലെ സ്വന്തം ആഭരണനിർമാണശാലയിലെത്തി രണ്ടാംപ്രതി എം.എസ്. മാത്യുവുമായി ദീർഘനേരം ഫോണിൽ സംസാരിച്ചു.
തിരികെയെത്തിയ ഇയാളെ എം.എസ്. മാത്യുവിന്റെ ഫോട്ടോ കാണിച്ച് ആളെ അറിയുമോ എന്നു പോലീസ് ചോദിച്ചപ്പോൾ അറിയും എന്ന് മറുപടി നൽകി. നിങ്ങൾ തമ്മിൽ ഫോണിൽ ബന്ധപ്പെടാറുണ്ടോ എന്നു പോലീസ് ചോദിച്ചപ്പോൾ എട്ട് മാസം മുൻപാണ് അവസാനമായി ഫോണിൽ ബന്ധപ്പെട്ടതെന്ന് മറുപടി നൽകി.
എന്നാൽ സൈബർ സെല്ലിന്റെ നിരീക്ഷണത്തിലായിരുന്ന പ്രജികുമാറിന്റേയും മാത്യുവിന്റേയും ഫോൺ സംഭാഷണം റിക്കാർഡ് ചെയ്യപ്പെട്ടിരുന്നു. കല്ലറ തുറന്ന ദിവസം ഇരുവരും പല തവണയായി മണിക്കൂറുകളോളം ഫോൺ സംഭാഷണം നടത്തിയതിന്റേതടക്കം സൈബർ തെളിവുകൾ ഇന്നലെ കോടതിയിൽ ഹാജരാക്കിയാണ് പ്രതിയെ നുണപരിശോധനയ്ക്ക് വിധേയനാക്കണമെന്ന ആവശ്യം പ്രോസിക്യൂഷൻ ഉന്നയിച്ചത്.
ഇത് അംഗീകരിച്ച ഹൈകോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു. പെരുച്ചാഴിയെ കൊല്ലാനെന്നു പറഞ്ഞാണ് മാത്യു സയനൈഡ് വാങ്ങിയതെന്ന വാദവും കോടതി പരിഗണിച്ചില്ല.