കോഴിക്കോട്: കൂടത്തായി കൊലപാതക പരന്പര കേസിലെ മുഖ്യപരാതിക്കാരനായ റോജോ വടകര എസ്പി ഓഫിസിൽ എത്തി മൊഴി നൽകുന്നു. കേസിലെ മുഖ്യപ്രതി ജോളിയുടെ ആദ്യ ഭർത്താവ് റോയിയുടെ സഹോദരനാണു റോജോ. സഹോദരി രഞ്ജിയും ജോളിയുടെ മക്കളും റോജോയ്ക്കൊപ്പമുണ്ട്. ജോളിയേയും എസ്പി ഓഫിസിലെത്തിച്ചു.
തിങ്കളാഴ്ചയാണു റോജോ അമേരിക്കയിൽനിന്നു നാട്ടിലെത്തിയത്. റോയിയുടെ മരണവുമായി ബന്ധപ്പെട്ട് റോജോയ്ക്കുണ്ടായ സംശയങ്ങളാണ് നാടിനെ ഞെട്ടിച്ച കൊലപാതക പരന്പരയുടെ ചുരുളഴിച്ചത്. കേസിന്റെ തുടരന്വേഷണവുമായി ബന്ധപ്പെട്ടു ചോദ്യം ചെയ്യലിനു ഹാജരാകാൻ അന്വേഷണ സംഘം റോജോയോട് ആവശ്യപ്പെട്ടിരുന്നു.
നെടുന്പാശേരി വിമാനത്താവളത്തിൽനിന്നു റോജോ പോലീസ് അകന്പടിയോടെ സഹോദരി റെഞ്ജിയുടെ വൈക്കത്തുള്ള വീട്ടിലേക്കാണ് പോയത്. തന്റെ കുടുംബത്തിൽ നടന്ന കൂട്ടക്കൊലപാതകങ്ങളുടെ രഹസ്യമറിയാൻ സഹോദരി രഞ്ജിയുമായി ചേർന്നാണ് റോജോ നീക്കം നടത്തിയത്. ഇതിനിടെ ഇവരെയും വകവരുത്താൻ ജോളി നീക്കം നടത്തിയിരുന്നുവെന്നു പറയുന്നുണ്ട്.
മുഖ്യപ്രതി ജോളി പിടിയിലായെങ്കിലും കേസിലെ ചില കാര്യങ്ങളിൽ വ്യക്തത വരുത്താൻ റോജോയുടെ സാന്നിധ്യം ആവശ്യമാണെന്നാണ് പോലീസ് നിഗമനം. അമേരിക്കയിൽ ഫ്ളോറിഡയിലെ ജാക്സണ് വില്ലിലാണ് റോജോ താമസിക്കുന്നത്. സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ട്സ് വിഭാഗത്തിൽ ജോലിചെയ്യുന്ന റോജോ കഴിഞ്ഞ ജൂലൈയിലാണ് അവസാനം നാട്ടിലെത്തിയത്.
വ്യാജ ഒസ്യത്തിനെക്കുറിച്ചും സഹോദരൻ റോയിയുടെ മരണം സംബന്ധിച്ചും എസ്പിക്കു പരാതി നൽകിയ ശേഷമായിരുന്നു തിരികെ അമേരിക്കയിലേക്കു മടങ്ങിയത്. ഈ പരാതിയിൽ സ്പെഷൽ ബ്രാഞ്ചും പിന്നീട് ക്രൈംബ്രാഞ്ചും നടത്തിയ അന്വേഷണത്തിലാണ് കൊലപാതക പരന്പരയുടെ ചുരുളഴിയുന്നത്.