കോഴിക്കോട്: കൂടത്തായികൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് ജോളിയുടെ ഭര്ത്താവും അധ്യാപകനുമായ ഷാജുവിനെയും പിതാവ് സക്കറിയാസിനേയും വീണ്ടും ചോദ്യംചെയ്യുന്നു. ഇയാളുടെ മകന് , മുഖ്യപ്രതി ജോളി, ചില അയൽവാസികൾ എന്നിവരിൽനിന്ന് ലഭിച്ച നിർണായക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇയാളെ വടകര എസ്പി ഓഫീസിലേക്ക് വിളിച്ചിരിക്കുന്നത്.
ഇന്ന് പുലര്ച്ചെ ഏഴോടെ ഇരുവരും എസ്പി ഓഫീസിലെത്തി. ലഭിച്ച മൊഴികളും, തെളിവുകളും ഷാജുവിന്റെയും സക്കാറിയാസിന്റേയും പങ്ക് സംശയാതീതമായി തെളിയിക്കാനാവുമെന്ന് ഉറപ്പായാൽ ഇന്ന് അറസ്റ്റ് ചെയ്തേക്കും. കൃത്യമായ തെളിവുകൾ ലഭിക്കാതെ തിടുക്കത്തിൽ അറസ്റ്റ്ചെയ്യുന്നത് പിന്നീട് കേസിന്റെ ഭാവിയെ ദുർബലപ്പെടുത്തുമെന്ന നിയമോപദേശം അനുസരിച്ചാണ് വളരെ ശ്രദ്ധാപൂർവമുള്ള പോലീസിന്റെ നീക്കം.
ഷാജു, പിതാവ് സക്കറിയാസ്, ജോളിയുടെ ഉറ്റസുഹൃത്ത് ബിഎസ്എൻഎൽ ജീവനക്കാരൻ ജോൺസൺ എന്നിവർക്കെതിരെ കൂടുതൽ തെളിവുകൾ ശേഖരിച്ചുകൊണ്ടിരിക്കയാണെന്ന് അന്വേഷണസംഘം വെളിപ്പെടുത്തി. “കൂട്ടിലെ തത്തകൾ ‘ആയതിനാൽ ഇവരെ എപ്പോൾ വേണമെങ്കിലും അറസ്റ്റ്ചെയ്യാമല്ലോ എന്നാണ് പോലീസിന്റെ നിലപാട്.
ആദ്യഭാര്യ സിലിയുടെ മരണത്തില് ഷാജുവിന് പങ്കുണ്ടെന്നതിന് വ്യക്തമായ തെളിവുകള് ലഭിച്ച സാഹചര്യത്തിലാണ് ഇയാളെ ഇന്ന് വിളിച്ചുവരുത്തിയിരിക്കുന്നത്. സിലി വധക്കേസുമായി ബന്ധപ്പെട്ട് ജോളിയെ കഴിഞ്ഞ ദിവസം കസ്റ്റഡിയില് വാങ്ങി ചോദ്യം ചെയ്തതോടെ ഷാജുവിന്റെ പങ്ക് കൂടുതല് വ്യക്തമായി. തുടര്ന്നാണ് ഇന്ന് ഷാജുവിനോട് എസ്പി ഓഫീസില് ഹാജരാകാന് ആവശ്യപ്പെട്ടത്.
ജോളിയുടെ സാന്നിധ്യത്തില് ചോദ്യം ചെയ്യുകയും പിന്നീട് ആവശ്യമെങ്കിൽ അറസ്റ്റ് രേഖപ്പെടുത്താനുമാണ് അന്വേഷണസംഘം തീരുമാനിച്ചത്. നേരത്തെ മൂന്നു തവണ എസ്പി ഓഫീസിൽവച്ചും അര ഡസനിലധികം തവണ വീട്ടിൽവച്ചും ഷാജുവിനെ അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നെങ്കിലും വ്യക്തമായ തെളിവുകള് ശേഖരിച്ച ശേഷം അറസ്റ്റ് മതിയെന്ന ഉത്തരമേഖലാ ഐജിയുടെ നിര്ദേശപ്രകാരം ഷാജുവിനെ ചോദ്യം ചെയ്ത ശേഷം വിട്ടയയ്ക്കുകയായിരുന്നു.
സിലിയുടെ മരണത്തില് ഷാജുവിന് പങ്കുള്ളതായി സിലിയുടെ ബന്ധുക്കള് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല് സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തില് മാത്രം അറസ്റ്റ് രേഖപ്പെടുത്താതെ ശാസ്ത്രീയമായ തെളിവുകള് കൂടി ലഭിച്ച ശേഷം നടപടി സ്വീകരിക്കാനായിരുന്നു അന്വേഷണസംഘം തീരുമാനിച്ചത്.സിലി ജീവിച്ചിരിക്കെതന്നെ ഷാജുവിന് ജോളിയുമായി ബന്ധമുണ്ടായിരുന്നെന്നതിന്റെ തെളിവുകളാണ് അന്വേഷണസംഘം കണ്ടെത്തിയത്. സയനൈഡ് നല്കി കൊലപ്പെടുത്തിയ സിലിയുടെ മൃതദേഹം ഓമശേരിയിലെ ശാന്തി ആശുപത്രിയില്നിന്ന് ബന്ധുക്കള്ക്ക് വിട്ടുകൊടുത്തപ്പോള് സിലിയുടെ ആഭരണങ്ങള് ജോളി എറ്റുവാങ്ങിയത് ഷാജുവിനെതിരെ ശക്തമായ തെളിവാണെന്ന് പോലീസ് വെളിപ്പെടുത്തി.
സിലിയുടെ ഭര്ത്താവ് പൊന്നാമറ്റത്തില് ഷാജു സക്കറിയാസ്, സിലിയുടെ സഹോദരന് സിജോ തുടങ്ങി ഏറ്റവും അടുത്ത ബന്ധുക്കള് ആശുപത്രിയില് ഉണ്ടായിട്ടും അത്രയും ബന്ധമില്ലാത്ത ജോളി ആഭരണങ്ങള് ഏറ്റുവാങ്ങാന് കാരണം ഷാജുവിന് ജോളിയുമായി നേരത്തെ ബന്ധമുണ്ടെന്നതിന്റെ ശക്തമായ തെളിവായാണ് പോലീസ് ഉയര്ത്തിക്കാട്ടുന്നത്. സിലിയുടെ മൃതദേഹം പോസ്റ്റ്മോര്ട്ടം ചെയ്യണമെന്ന് സഹോദരനായ സിജോ വാശിപിടിച്ചപ്പോള് ഷാജുവും ജോളിയും ചേര്ന്ന് ശക്തമായി എതിര്ത്തതും ഇരുവര്ക്കുമെതിരായ തെളിവാകുമെന്ന് പോലീസ് പറഞ്ഞു.
സിജോ പലതവണ ആവശ്യപ്പെട്ടിട്ടും ഷാജുവും ജോളിയും പോസ്റ്റുമോര്ട്ടത്തിന് സമ്മതിച്ചില്ല. ഒടുവില് സിജോ വഴങ്ങിയപ്പോള് , പോസ്റ്റ്മോര്ട്ടം വേണ്ടെന്ന് എഴുതി ഒപ്പിട്ടുകൊടുക്കാന് ഇരുവരും ചേര്ന്ന് സിജോയെ നിര്ബന്ധിച്ചു. എന്നാല് സഹോദരിയുടെ മരണത്തില് മാനസികനില തെറ്റിയ സിജോ ഒന്നിനും തയാറാകാതെ നിലത്തിരുന്ന് കരഞ്ഞു. പിന്നീട് കേസോ മറ്റോ ഉണ്ടായാല് പോസ്റ്റ്മോര്ട്ടം നടത്താതിരുന്നതിന്റെ കുറ്റം സിജോയുടെ മേല്കെട്ടിവയ്ക്കുകയായിരുന്നു തങ്ങളുടെ ലക്ഷ്യമെന്ന് ജോളി ഇന്നലെ മൊഴിനല്കി.
വൈകാതെതന്നെ ജോളി തന്റെ ഭാര്യയാകുമെന്ന് ഷാജുവിന് നേരത്തെ അറിയാമായിരുന്നു. പിന്നീട് മൃതദേഹം വീട്ടിലെത്തിച്ചപ്പോള് ഇവന്റ്് മാനേജ്മെന്റിന്റെ ചുറുചുറുക്കോടെ ജോളി എല്ലാ കാര്യങ്ങളും നോക്കിനടത്തിയതും തെളിവാണെന്ന് പോലീസ് പറയുന്നു. ആദ്യ ഭര്ത്താവ് റോയി തോമസിന്റെ പിതൃസഹോദര പുത്രനാണ് ഷാജു. സിലിയുടെ മരണംനടന്ന് രണ്ടാംനാള് സിലിയുടെ അലമാര വൃത്തിയാക്കാന് ജോളി എത്തിയതും മുന്നൊരുക്കത്തിന്റെ തെളിവായാണ് പോലീസ് കാണുന്നത്.
ഷാജുവിനെപോലെ ഒരു ഭര്ത്താവിനെ ലഭിച്ചിരുന്നെങ്കില് എന്ന് ജോളി പലരോടും പറഞ്ഞതായി പോലീസിന് മൊഴി ലഭിച്ചിട്ടുണ്ട്. സിലി ജീവിച്ചിരിക്കെ ഷാജു ജോളിയുമായി അടുത്തിടപഴകിയതിന്റെ പല നിര്ണായകവിവരങ്ങളും പോലീസിന്റെ പക്കലുണ്ട്. സിലി ജീവിച്ചിരിക്കെ ഷാജുവും ജോളിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഇയാളുടെ മാതാപിതാക്കൾക്കുകൂടി അറിയാമെന്നതും പോലീസ് സ്ഥിരീകരിച്ചു. ഷാജുവിന്റെ അറസ്റ്റിന് പിന്നാലെ ഇവരെയും വൈകാതെ അറസ്റ്റ് ചെയ്യുമെന്ന് അറിയുന്നു.
കൊല്ലപ്പെടുന്ന ദിവസം ജോളി പുലിക്കയത്തെ വീട്ടില് പോയി സിലിയെ താമരശേരിയിലേക്ക് കൂട്ടിക്കൊണ്ടുപോയതും, ഉടന്തന്നെ തന്ത്രപരമായി കൂടത്തായിയിലെ വീട്ടിലെത്തിച്ച് ഫ്രൈഡ് റൈസില് സയനൈഡ് ചേര്ത്ത് നല്കിയതും, ഷാജു സ്കൂട്ടറില് താമരശേരിയിലെത്തിയതും, പിന്നീട് താമരശേരി ദന്താശുപത്രിയില് സിലി കൊല്ലപ്പെടുന്നതുമെല്ലാം മുന്നൊരുക്കങ്ങളുടെ ഭാഗമാണെന്ന് പോലീസ് കണ്ടെത്തി. സിലിയുടെ മൃതദേഹത്തിന് ഇരുവശത്തുമായി നിന്ന് ഷാജുവും ജോളിയും അന്ത്യചുംബനം നല്കിയതുപോലും യാദൃച്ഛികമായി സംഭവിച്ചതല്ലെന്നാണ് പോലീസ് വൃത്തങ്ങള് പറയുന്നത്.