കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് കേസ് അന്വേഷണം വഴിതിരിച്ചുവിടാന്‍ ജോളി ശ്രമിച്ചതായി റൂറല്‍ എസ്പി കെ.ജി. സൈമണ്‍ . ജോളി സാധാരണസ്ത്രീയെപോലെയല്ല. അങ്ങനെ അവരെ കാണാനും കഴിയില്ല. മുഖ്യപ്രതികള്‍ക്ക് ശിക്ഷ ലഭിക്കുമെന്ന കാര്യത്തില്‍ അന്വേഷണ ഉദ്യോഗസ്ഥന് എന്നനിലയില്‍ ഇരുനൂറ് ശതമാനം ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സാഹചര്യ തെളിവുകളും സാക്ഷി മൊഴികളും ബലമുള്ളതാണ്. റോയിയുടെ മരണം ഉള്‍പ്പെടെ എല്ലാ കേസുകളും ലക്ഷ്യത്തിലെത്തും. ദൃക്സാക്ഷികളില്ലാത്തതും കാലപ്പഴക്കവും ഉയര്‍ത്തുന്ന വെല്ലുവിളികളെ അതിജീവിക്കുമെന്നും അദ്ദേഹം പറഞ്ഞു.വരും ദിവസങ്ങളില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുമെന്നും അന്വേഷണം ബലപ്പെടുത്തുമെന്നും സൈമണ്‍ കൂട്ടിച്ചേര്‍ത്തു. ആറു കൊലപാതകങ്ങള്‍ക്കും ആറു കാരണങ്ങളാണുള്ളത്.
എല്ലാ സ്ത്രീകളേയും പോലെ ജോളിയെ കാണാന്‍ കഴിയില്ല. ജോളിയുടെ മാനസികാവസ്ഥ പ്രത്യേകം പഠിക്കും. വളരെ രഹസ്യമായി ഇത്രയധികം കൊലപാതകങ്ങള്‍ ചെയ്യാനും വര്‍ഷങ്ങളോളം മറച്ചു വയ്ക്കാനും അവര്‍ക്ക് കഴിഞ്ഞു. ഇത്രയും കാലം എങ്ങനെ നാട്ടുകാരെയും ബന്ധുക്കളെയും കബളിപ്പിച്ച് എന്‍ഐടി പ്രഫസര്‍ എന്ന രീതിയില്‍ ജീവിച്ചോ അതേബുദ്ധിയാണു കൊലപാതകങ്ങളിലുമെന്നും അദ്ദേഹം പറഞ്ഞു.
കേസില്‍ ജോളിയുടെ സഹോദരിയുടെ ഭര്‍ത്താവിനെ അന്വേഷണ സംഘം ചോദ്യം ചെയ്തു. ഇടുക്കി രാജകുമാരിയിലുള്ള തെങ്ങുംകുടി ജോണിയുടെ വീട്ടില്‍ എത്തിയാണ് അന്വേഷണ സംഘം വിവരങ്ങള്‍ ശേഖരിച്ചത്. മൂന്നു മണിക്കൂര്‍ ജോണിയെ ചോദ്യം ചെയ്തു.