കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് ജോളിയുടെ ഭര്‍ത്താവ് പൊന്നാമറ്റം ഷാജു, പിതാവ് സക്കറിയ മാസ്റ്റർ, ജോളിയുടെ സുഹൃത്ത് ഇന്പിച്ചിമോയി എന്നിവരെ തത്ക്കാലം പ്രതിചേര്ക്കില്ലെന്നു സൂചന. ആറു കേസുകള്‍ രജിസ്റ്റര്‍ ചെയ്തതിലും ഇവരെ ഇതുവരേയും പ്രതിചേര്‍ത്തിട്ടില്ല.
കുറ്റപത്രം സമര്‍പ്പിച്ച റോയ്തോമസ് കേസിലും ഇവര്‍ പ്രതിയല്ല. സിലി,ആല്ഫൈന് കേസുകളില്‍ ഷാജുവിനും സക്കറിയയ്ക്കുമെതിരേ സാഹചര്യതെളിവുകള്‍ നിലനില്‍ക്കുണ്ടെങ്കിലും ശാസ്ത്രീയമായ തെളിവുകളില്ലാത്തതിനാൽ പ്രതിചേര്‍ക്കേണ്ടെന്ന് അന്വേഷണസംഘം തീരുമാനിച്ചതായി അറിയുന്നു.
ഇരുവര്‍ക്കും കുറ്റകൃത്യങ്ങളില്‍ നേരിട്ട് പങ്കുള്ളതായി ഇതുവരേയും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. അതേസമയം കുറ്റകൃത്യം നടത്തിയ ജോളിയ്ക്ക് വേണ്ട സഹായം ചെയ്തു നല്‍കിയിട്ടുണ്ട്. ഇതിനുള്ള തെളുവകള്‍ അന്വേഷണസംഘത്തിന് ലഭിച്ചുവെങ്കിലും കേസില്‍ പ്രതിചേര്‍ക്കേണ്ടതില്ലെന്നാണ് നിയമോപദേശം ലഭിച്ചത്. തൊണ്ണൂറ് ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കേണ്ടതിനാൽ ഇവരെ സാക്ഷികളാക്കിയാവും മറ്റുകേസുകളിൽ കുറ്റപത്രം സമർപ്പിക്കുക.
എന്നാൽ കേസിൽ പിന്നീട് തെളിവുകളോ മൊഴികളോ ലഭിച്ചാൽ സാക്ഷിപട്ടികയിൽനിന്ന് നീക്കി ഇവരെ പ്രതികളാക്കാനാകും. കേസിന്റെ വിചാരണവേളയിൽപോലും ഇതിനുള്ള പഴുതുകളുണ്ട്. അതേസമയം മുസ്ലീംലീഗ് നേതാവായ ഇമ്പിച്ചിമോയിയും ജോളിയെ കേസില്‍ നിന്ന് രക്ഷപ്പെടുത്താന്‍ ശ്രമിച്ചിരുന്നതായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.
ഷാജുവും സക്കറിയയും ജോളിയെ സഹായിച്ചതിനേക്കാള്‍ കൂടുതല്‍ ഇമ്പിച്ചിമോയിയാണ് സഹായം ചെയ്തു നല്‍കിയതെന്നാണ് കണ്ടെത്തല്‍. എന്നാല്‍ ഇമ്പിച്ചിമോയിയേയും ഇപ്പോള്‍ പ്രതിചേര്‍ക്കില്ല. കുറ്റപത്രം സമര്‍പ്പിച്ച ശേഷവും ആവശ്യമെങ്കില്‍ പ്രതിചേര്‍ക്കാമെന്ന നിയമോപദേശം കണക്കിലെടുത്ത് അന്വേഷണസംഘം മൂന്നുപേര്‍ക്കുമെതിരേ വീണ്ടും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
യുവനടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ള പ്രതികള്‍ മാത്രമായിരുന്നു ആദ്യഘട്ടത്തില്‍ കുറ്റപത്രത്തില്‍ ഉണ്ടായിരുന്നത്. എന്നാല്‍ കുറ്റപത്രം സമര്‍പ്പിച്ച ശേഷമാണ് നടന് ദിലീപിനെ പ്രതിചേര്‍ത്തത്. ഈ കേസ് പരാമര്‍ശിച്ചുകൊണ്ടാണ് വ്യക്തമായ തെളിവുകള്‍ ലഭിച്ചാല്‍ എപ്പോള്‍ വേണമെങ്കിലും പ്രതിചേര്‍ക്കാമെന്ന ഉപദേശം അന്വേഷണസംഘത്തിന് ലഭിച്ചത്. കൂടത്തായ് കേസില്‍ ഷാജുവും സക്കറിയയും സാക്ഷികളായാണുള്ളത്.
തെളിവുകള്‍ വീണ്ടും ലഭിച്ചാല്‍ നിലവിൽ സാക്ഷികളായ ഇവരെ പ്രതിചേര്‍ക്കണമെന്ന അപേക്ഷ കോടതിയില്‍ സമര്‍പ്പിച്ചാല്‍ മതി. ഷാജുവും ജോളിയും തമ്മില്‍ വിവാഹിതരായ ശേഷവും സക്കറിയ അവിഹിത ബന്ധം തുടര്‍ന്നിരുന്നതായാണ് ജോളി അന്വേഷണസംഘത്തിന് മുമ്പാകെ മൊഴി നല്‍കിയത്.
മകന്റെ ഭാര്യയായതിനുശേഷവും സക്കറിയ ഈ ബന്ധത്തില്‍ നിന്ന് പിന്മാറിയിരുന്നില്ല. ഇക്കാരണങ്ങളാലാണ് ജോളി കൊലപാതകം നടത്തിയെന്ന വിവരം അറിഞ്ഞിട്ടും സക്കറിയ പോലീസിനെ അറിയിക്കാതെ ജോളിയെ സഹായിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്.ജോളിയുടെ മൊഴികളത്രയും പോലീസ് വീഡിയോവിൽ റെക്കോർഡ് ചെയ്തിട്ടുണ്ട്.
അതേസമയം സിലി വധകേസിൽ അടുത്തയാഴ്ച കുറ്റപത്രം സമർപ്പിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. 90 ദിവസം തികയുന്ന ജനുവരി 21നകം കുറ്റപത്രം സമർപ്പിച്ചാൽ മതിയെങ്കിലും 18 നു മുൻപ് സമർപ്പിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയായിട്ടുണ്ട്. ഈ കേസിൽ ജോളിയുടെ രണ്ടാം ഭർത്താവായ പൊന്നാമറ്റം ഷാജുവും, പിതാവ് പൊന്നാമറ്റം സക്കറിയാ മാസ്റ്ററും സാക്ഷികളാണ്.