സ്വന്തം ലേഖകന്‍
കോഴിക്കോട്: സംസ്ഥാനത്തിനകത്തും പുറത്തും ഏറെ ശ്രദ്ധേയമായ കൂടത്തായി കൊലപാതക പരമ്പര കല്ലറ നീക്കി പുറത്തു വന്നിട്ട് ഒരു വര്‍ഷം.
ഒരു കുടുംബത്തിലെ പിഞ്ചു കുഞ്ഞുള്‍പ്പെടെ ആറുപേര്‍ മരിച്ചതിനു പിന്നിലെ ദുരൂഹതതേടി കേരള പോലീസ് ചെന്നെത്തിയത് ചരിത്രത്തിലേക്കായിരുന്നു.
വര്‍ഷങ്ങൾക്കിപ്പുറവും ഈ കേസ് അതേപ്രാധാന്യത്തോടെ വാര്‍ത്താതാളുകളില്‍ ഇടം തേടുന്നത് പെണ്‍ബുദ്ധിയില്‍ വിരിഞ്ഞ ഭയാനകമായകുറ്റകൃത്യം ആയതുകൊണ്ടുമാത്രമല്ല, സമാനതകളില്ലാത്ത അന്വേഷണമികവുകൊണ്ടുകൂടിയായിരുന്നു. 1,800 പേജുള്ള പ്രധാന കുറ്റപത്രമാണ് കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടത്.
പിന്നീട് രജീസ്റ്റര്‍ ചെയ്ത ക്രമത്തില്‍ ഓരോകേസുകളിലും സമയബന്ധിതമായി കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടു.അവസാനത്തെ അന്നമ്മ വധകേസില്‍ 2020 ഫെബ്രുവരിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഇനി ബാക്കി നില്‍ക്കുന്നത് നിയമപോരാട്ടം മാത്രം.
അന്വേഷണ ഉദ്യോഗസ്ഥര്‍ വിവിധ മേഖലകളിലേക്ക് സ്ഥലം മാറി പോയെങ്കിലും കൂടത്തായി കേസ് അന്വേഷിച്ചവര്‍ എന്ന മേല്പ്പട്ടമാണ് അവര്‍ക്ക് ഇപ്പോഴുമുള്ളത്.
കൂടത്തായി കേസിലെ പ്രതികളെല്ലാം ഇപ്പോഴും നി യമത്തിനു മുന്നിലുണ്ട്. ഒപ്പം അനുബന്ധകുറ്റപത്രം സമര്‍പ്പിക്കാനുള്ള നിയമസാധ്യതയും. ഒരേ കുടുംബത്തിലെ ആറു പേരുടെ മരണവും കൊലപാതകമാണെന്നുനാടറിഞ്ഞത് 2019 ഒക്ടോബര്‍ നാലിനാണ് .
രണ്ട് ഇടവകകളിലെ മൂന്നു കല്ലറകളിലായിരുന്ന ആറു പേരുടെ മൃതദേഹ ഭാഗങ്ങള്‍ പോലീസ് പുറത്തെടുത്തതോടെയാണ് കൂടത്തായി കൊലപാതകങ്ങള്‍ ചര്‍ച്ചയായത്. കല്ലറ പൊളിച്ചതിന് അടുത്ത ദിവസം മുഖ്യപ്രതി ജോളി ജോസഫ് അടക്കം മൂന്നു പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.
തുടര്‍ന്ന് കേട്ടത് 14 വര്‍ഷം പിന്നോട്ടുനടന്ന ആറു കൊലപാതകങ്ങളുടെയും കൊലപാതക ശ്രമങ്ങളുടെയും കഥകളായിരുന്നു. പ്ലസ്ടു യോഗ്യത മാത്രമുള്ള ഒരു വീട്ടമ്മ എന്‍ഐടി പ്രഫസറായി വേഷം കെട്ടിയതും സയനൈഡ് ഉപയോഗിച്ചു ബന്ധുക്കളെ കൊലപ്പെടുത്തിയതുമെല്ലാം അന്വേഷണത്തില്‍ പുറത്തു വന്നു.
ഒരു വര്‍ഷം പിന്നിടുമ്പോള്‍ ആറു കേസുകളിലെയും കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു കഴിഞ്ഞു. രണ്ടു കേസുകളില്‍ പ്രാരംഭ വാദം തുടങ്ങി. പ്രതികളായ ജോളി ജോസഫും എം.എസ്.മാത്യുവും ഇപ്പോഴും ജയിലില്‍ തന്നെ. മൂന്നാം പ്രതി പ്രജികുമാറിന് ജാമ്യം ലഭിച്ചു.