കോഴിക്കോട്: സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി ജോസഫിന്റെ ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ത്ത് പ്രോസിക്യൂഷന് . ജോളിയുടെ ആദ്യഭര്‍ത്താവ് റോയ്തോമസ് വധക്കേസുമായി ബന്ധപ്പെട്ട് ജോളിയുടെ അഭിഭാഷകന് നല്കിയ ജാമ്യഹര്‍ജിയെ എതിര്‍ത്തുകൊണ്ടാണ് സ്പെഷല്‍ പ്രോസിക്യൂട്ടര്‍ ഉണ്ണികൃഷ്ണന് ഹര്‍ജി നല്‍കിയത്.
കോഴിക്കോട് സെഷന്‍സ് കോടതി (മൂന്ന്)യിലാണ് ഹര്‍ജി സമര്‍പ്പിച്ചത്. കൂടത്തായ് കൊലപാതക പരമ്പരയിലെ ആറു കേസുകളിലും ജോളിക്കെതിരേയുള്ള പ്രധാന സാക്ഷികള്‍ ബന്ധുക്കളാണ്. ജോളിയുടെ മക്കളുള്‍പ്പെടെയുള്ളവരാണ് സാക്ഷിള് . ജോളിക്ക് ഏതെങ്കിലും കേസുമായി ബന്ധപ്പെട്ട് ജാമ്യം അനുവദിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യതയേറെയാണ്.
താമരശേരി കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ജോളി സാക്ഷികളില്‍ ഒരാളുമായി സംസാരിച്ചത് ഏറെ വിവാദമായിരുന്നു. സാക്ഷിയെ സ്വാധീനിച്ചതാണെന്നാണ് അന്വേഷണസംഘം കരുതുന്നത്. ഇപ്രകാരം പോലീസ് കസ്റ്റഡിയില്‍ വച്ചുതന്നെ സാക്ഷികളുമായി ബന്ധപ്പെടാന്‍ ജോളി ശ്രമിച്ചിട്ടുണ്ട്.
ജാമ്യം അനുവദിക്കുന്ന പക്ഷം ഇവരെ നേരില്‍ കാണുകയും സ്വാധീനിക്കാന്‍ ശ്രമിക്കുകയും ചെയ്യും. മക്കളുടെ ഭാവിയെക്കുറിച്ച് ബന്ധുക്കളെ ധരിപ്പിക്കുകയും സാക്ഷിമൊഴി മാറ്റാന്‍ സമ്മര്‍ദം ചെലുത്തുകയും ചെയ്യും. ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കികൊണ്ടാണ് പ്രോസിക്യൂഷന് ജാമ്യാപേക്ഷയെ എതിര്‍ത്തത്.
കോഴിക്കോട് സെഷന്‍സ് കോടതി ഒന്നിലാണ് റോയ്തോമസ് കേസ് പരിഗണിക്കുന്നത്. ഇന്നലെ ജഡ്ജി അവധിയായതിനെ തുടര്‍ന്ന് കേസ് മൂന്നാം കോടതിയിലേക്ക് മാറ്റുകയായിരുന്നു. കേസില്‍ എതിര്‍ഹര്‍ജി നല്കിയതല്ലാതെ വാദം കേട്ടിരുന്നില്ല. അടുത്ത മാസം നാലിന് കേസ് വീണ്ടും പരിഗണിക്കും.
കൊലപാതക പരമ്പരയില്‍ അവസാനം കൊല്ലപ്പെട്ട സിലിയുടെ മൃതദേഹാവശിഷ്ടങ്ങളുടെ കെമിക്കല്‍ -ഫോറന്‍സിക് പരിശോധനയില്‍ നിര്‍ണായക തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. സിലിയെ സയനൈഡ് ഉപയോഗിച്ച് കൊലപ്പെടുത്തിയെന്ന് തെളിയിക്കും വിധത്തിലുള്ള തെളിവുകളാണ് ലഭിച്ചത്.
സര്‍ക്കാര്‍ അധീനതയിലുള്ള ലാബിലെ പരിശോധയുടെ അന്തിമ ഫലം ലഭിച്ചാല്‍ കൂടത്തായി കേസിലെ ജോളിക്കെതിരേയുള്ള ഏറ്റവും വലിയ തെളിവായി ഇത് മാറും. വായു സഞ്ചാരമില്ലാത്ത രീതിയിലാണ് സിലിയെ സംസ്കരിച്ചത്.
അതിനാലാണ് പരിശോധനയില്‍ ശരീരത്തിലുണ്ടായിരുന്ന സയനൈഡിന്റെ അംശം കണ്ടെത്താന്‍ സാധിച്ചത്. ഇത് മറ്റു കേസുകള്‍ക്ക് കൂടി സഹായകമായ തെളിവായി മാറുമെന്നാണ് അന്വേഷണസംഘം കരുതുന്നത്.