താമരശേരി: കൂടത്തായ് കൊലപാതക പരമ്പരയിലെ പൊന്നാമറ്റം ടോം തോമസിന്റെ ഭാര്യ അന്നമ്മയെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യ പ്രതി ജോളി(44)ക്കായി താമരശേരി മുന്‍സിഫ് മജിസ്ട്രേറ്റ് കോടതിയില്‍ ജാമ്യാപേക്ഷ നല്കി. ജോളിയുടെ അഭിഭാഷകന് കെ. ഹൈദരാണ് ജാമ്യാപേക്ഷ നല്‍കിയത്.
കൂടത്തായി കൊലപാതക പരമ്പരയില്‍ ഇത് മൂന്നാം കേസിലാണ് ജോളിക്ക് വേണ്ടി ജാമ്യഹര്‍ജി സമര്‍പ്പിക്കുന്നത്. റോയ് തോമസ് കേസില്‍ ആളൂര്‍ അസോസിയേറ്റ്സും സിലി വധക്കേസില്‍ ഹൈദരും ജോളിക്കായി നേരത്തെ ജാമ്യ ഹര്‍ജി സമര്‍പ്പിച്ചിരുന്നുവെങ്കിലും കോടതി തള്ളുകയായിരുന്നു.
ജാമ്യപേക്ഷക്കെതിരെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ സുജയ സുധാകരന് വെള്ളിയാഴ്ച തടസ ഹര്‍ജി സമര്‍പ്പിച്ചു. ജോളിയെ വ്യാജ ഒസ്യത്ത് തയാറാക്കാന്‍ സഹായിച്ചതിന് പിടിയിലായ സിപിഎം കട്ടാങ്ങല്‍ മുന്‍ ലോക്കല്‍ സെക്രട്ടറി തട്ടൂര്‍പൊയില്‍ കെ. മനോജിന്റെ റിമാന്‍ഡ് കാലാവധി അവസാനിക്കുന്ന സാഹചര്യത്തില്‍ ശനിയാഴ്ച താമരശേരി മുന്‍സിഫ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.