കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് ജോളിയെ ഇന്ന് റൂറല്‍ എസ്പി ഓഫീസില്‍ ചോദ്യം ചെയ്യും. നിലവില്‍ ജോളിയുടെ കസ്റ്റഡി കാലാവധി കഴിയുന്ന തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും. തുടര്‍ന്ന് അന്നമ്മ വധക്കേസില്‍ കസ്റ്റഡിയില്‍ വാങ്ങാനാണ് തീരുമാനം. അതേസമയം കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ ജോളി വ്യാജ ഒസ്യത്ത് നിര്‍മിച്ച ഫറോക്കിലെ കടയില്‍ എത്തിച്ച് അന്വേഷണസംഘം ഇന്നലെ തെളിവെടുത്തു. കുറ്റ്യാടി എസ്എച്ച്ഒ എന്‍. സുനില്‍കുമാറിന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.
വ്യാജ ഒസ്യത്ത് തയാറാക്കിയ ഫറോക്ക് മാര്‍ക്കറ്റ് റോഡിലെ ടൈപ്പിംഗ് സെന്ററിലാണ് തെളിവെടുപ്പിനായി എത്തിച്ചത്. എന്നാല്‍ സ്ഥാപനം അവിടെ ഉണ്ടെങ്കിലും നടത്തിപ്പുകാരനെയും ഡിടിപി ഓപ്പറേറ്ററെയും കണ്ടെത്താനായില്ല. കൃത്യമായ സ്ഥലം ജോളി കാണിച്ചുകൊടുത്തതിനാല്‍ ഇത് കേസില്‍ മുഖ്യ തെളിവാകും. നാലുമണിക്കൂറോളം നീണ്ട തെളിവെടുപ്പില്‍ നിര്‍ണായക തെളിവുകള്‍ അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്.
12 വര്‍ഷം മുന്‍പാണ് ഒസ്യത്ത് തയ്യാറാക്കാന്‍ മുഖ്യ പ്രതി ജോളി ഫറോക്കില്‍ എത്തിയത്. ഭര്തൃപതാവ് ടോം തോമസിനെ്റ സ്വത്ത് തട്ടിയെടുക്കാന്‍ വേണ്ടിയായിരുന്നു ഇത്. ഫറോക്കില്‍ നിന്നും ടൈപ്പ് ചെയ്ത ഒസ്യത്തില്‍ കുന്ദമംഗലത്ത് ഫോട്ടോസ്റ്റാറ്റ് കടയില്‍ വച്ചാണ് ടോം തോമസിന്റെ ഒപ്പും മറ്റും പകര്‍ത്തിയത്. ടൈപ്പിംഗ് സെന്ററിലെ യുവതിയാണ് ഒസ്യത്ത് ടൈപ്പ് ചെയ്തത്. നിലവില്‍ മറ്റൊരാളാണ് ഇപ്പോള്‍ കട നടത്തുന്നത്.