കോഴിക്കോട്: കൂടത്തായ് കൊലപാതകപരമ്പരയില്‍ ആദ്യം രജിസ്റ്റര്‍ ചെയ്ത റോയ് തോമസ് വധകേസില്‍ അന്വേഷണസംഘം കുറ്റപത്രം തയാറായി . ജോളി ജോസഫ് ഉള്‍പ്പെടെ നാലുപ്രതികളുള്ള കേസില്‍ നാലു ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം .
പ്രമാദമായ കേസായതിനാല്‍ കോടതിയില്‍ നല്കുന്നതിനു മുന്‍പായി കുറ്റപത്രത്തിന്റെ പകര്‍പ്പ് അഡീഷണല്‍ എസ്പി, എസ്പി, ഡിഐജി, ഐജി, ഡിജിപി എന്നിവര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. ഇവരുടെ അനുമതി ലഭിച്ച ശേഷം ഡിസംബർ 31നു മുന്‍പായി കോടതിയില്‍ സമര്‍പ്പിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആർ.ഹരിദാസ് “ദീപിക’യോടു പറഞ്ഞു. കേസിൽ സംസ്ഥാന ഡ്രഗ് കൺട്രോളർ നൽകിയ റിപ്പോർട്ട് കേസിന് ബലമാകും.
കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കാളിയായ ജോളിയെയാണ് ഒന്നാംപ്രതിയാക്കിയത്. എം.എസ്. മാത്യു, പ്രജികുമാര്‍, മനോജ് എന്നിവരാണ് മറ്റു പ്രതികള്‍. കുറ്റകൃത്യവുമായി നേരിട്ടും അല്ലാതേയും ബന്ധമുള്ളവരാണ് ആദ്യത്തെ മൂന്നു പ്രതികള്‍. അതേസമയം സിപിഎം നേതാവായിരുന്ന മനോജിന് റോയ് തോമസ് വധക്കേസുമായി യാതൊരു ബന്ധവുമില്ല.
എന്നാല്‍ വ്യാജ ഒസ്യത്ത് തയാറാക്കുന്നതില്‍ കേസിലെ പ്രധാന പ്രതിയായ ജോളിക്ക് സഹായം ചെയ്തുകൊടുത്തുവെന്നതാണ് മനോജിനെതിരേയുള്ള കുറ്റം. സ്വത്തുക്കള്‍ കൈക്കലാക്കാനാണ് ജോളി കൊലപാതകം നടത്തിയത്. അതിനാല്‍ ജോളിയുടെ ലക്ഷ്യം യാഥാര്‍ത്ഥ്യമാക്കുന്നതിന് മനോജിന്റെയും പ്രജുകുമാറിന്റെയും സഹായം ലഭിച്ചുവെന്നതിനെ തുടര്‍ന്നാണ് ഇവരെ പ്രതിചേര്‍ത്തത്.
റോയ് തോമസിനെ സയനൈഡ് ഉപയോഗിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. റോയ്തോമസിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും നിര്‍ണായകമായ തെളിവാണ്. കൂടാതെ റോയ് തോമസിനെ കൊലപ്പെടുത്താനായുള്ള സയനൈഡ് നല്‍കിയെന്ന് സ്വര്‍ണപണിക്കാരനായ പ്രജികുമാര്‍, ജോളിക്ക് സയനൈഡ് കൈമാറിയ എം.എസ്.മാത്യു എന്നിവരും സമ്മതിച്ചിട്ടുണ്ട്.
ഇരുവര്‍ക്കുമെതിരേ സയനൈഡ് അനധികൃതമായി കൈമാറ്റം ചെയ്തതുമായി ബന്ധപ്പെട്ടുള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ട് . നിയമവിരുദ്ധമായി സയനൈഡ് കൈവശം വച്ചത് സംബന്ധിച്ച് ഡ്രഗ് കണ്‍ട്രോളറുടെ സര്‍ട്ടിഫിക്കറ്റും പ്രതികള്‍ക്കെതിരേയുള്ള ശക്തമായ തെളിവായി മാറും.
കേസിലെ ആദ്യ മൂന്നു പ്രതികൾക്ക് സയനൈഡ് അടക്കം ഏതെങ്കിലും വിഷപദാർഥം കൈവശം വയ്ക്കുന്നതിനോ, വിൽപ്പന നടത്തുന്നതിനോ , ഉപയോഗിക്കുന്നതിനോ ലൈസൻസ് നൽകിയിട്ടില്ലെന്നാണ് സംസ്ഥാന ഡ്രഗ് കൺട്രോളറുടെ റിപ്പോർട്ട്. അതിനാൽ മൂന്നു പേരും നിയമവിരുദ്ധമായി സയനൈഡ് കൈവശം വച്ചിരുന്നതായി തെളിയിക്കാൻ പോലീസിനു കഴിയും.
സയനൈഡ് കൈമാറ്റം ചെയ്തുവെന്ന് പ്രജികുമാര്‍ വാര്‍ത്ത ചാനലുകള്‍ക്ക് മുന്നില്‍ പരസ്യമാക്കിയിരുന്നു. പെരുച്ചാഴിയെ കൊല്ലാനെന്ന് പറഞ്ഞാണ് മാത്യു സയനൈഡ് വാങ്ങിയതെന്നാണ് പ്രജികുമാര്‍ അന്ന് പറഞ്ഞിരുന്നത്. പ്രജികുമാര്‍ കോടതിയില്‍ സയനൈഡ് നല്‍കിയിട്ടില്ലെന്ന് വാദിച്ചാല്‍ ഇക്കാര്യം തെളിവായി അന്വേഷണസംഘത്തിന് മുന്നിലുണ്ട്.
ഒക്ടോബര്‍ അഞ്ചിനാണ് റോയ് കേസില്‍ ഭാര്യ ജോളിയെ പോലീസ് അറസ്റ്റുചെയ്തത്. അറസ്റ്റ്ചെയ്ത് 90 ദിവസത്തിനകം കോടതിയില്‍ കുറ്റപത്രം സമര്പ്പിക്കമമെന്നാണ് നിയമം. അതനുസരിച്ച് ജനുവരി ആദ്യം കുറ്റപത്രം സമര്‍പ്പിക്കണം. ജോളിയുടെ കാറില്‍നിന്ന് പോലീസ് പിടിച്ചെടുത്തപൊടി സയനൈഡാണെന്ന് സ്ഥിരീകരണം കണ്ണൂരിലെ ഫോറന്‍സിക് ലാബില്‍നിന്ന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ രേഖാമൂലമുള്ള റിപ്പോര്‍ട്ടും കുറ്റപത്രത്തിനൊപ്പം സമര്‍പ്പിക്കും.