കേരള മനസാക്ഷിയെ ഏറെ ഞെട്ടിച്ച സംഭവമായിരുന്നു കൂടത്തായി കൊലപാതക പരന്പര. ഈ വിഷയത്തെ ആസ്പദമാക്കി ഫ്ളവേഴ്സ് ടിവി സംപ്രേഷണം ചെയ്തിരുന്ന സിനിമാറ്റിക് ക്രൈം ത്രില്ലർ പരന്പരയായിരുന്നു കൂടത്തായി- ഗെയിം ഓഫ് ഡെത്ത് എന്നത്. ഇതിനെതിരെ ലഭിച്ച പരാതിയെ തുടർന്നു കേരളാ ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് പരന്പരയുടെ സംപ്രേക്ഷണം തടഞ്ഞിരിക്കുകയാണ്.
ജനുവരി 13നു സംപ്രേഷണം ആരംഭിച്ച പരന്പര ഫ്ളവേഴ്സ് മൂവി ഇന്റർനാഷണലിന്റെ ആദ്യ നിർമാണ സംരംഭം കൂടിയാണ്. ചാനൽ തലവൻ ആർ. ശ്രീകണ്ഠൻ നായർ തന്നെയാണ് ഇതിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്.
ബാർക് റേറ്റിംഗിൽ ഈ വർഷത്തെ രണ്ടാം വാര റേറ്റിംഗ് റിപ്പോർട്ട് പുറത്തുവന്നപ്പോൾ ആദ്യ ദിവസം 5.30 പോയിന്റ് നേടയിട്ടുണ്ട് ഈ പരന്പര. അഞ്ചു ദിവസത്തെ ആവറേജ് റേറ്റിംഗ് 4.42വിൽ എത്തിയത് ചാനലിന്റെ റിക്കാർഡാണ്. ഫ്ളവേഴ്സ് ടിവിയിൽ തന്നെ വൻ വ്യൂവർഷിപ്പുള്ള മ്യൂസിക്കൽ റിയാലിറ്റി ഷോ ടോപ്പ് സിംഗറിനേയും മറികടന്നാണ് ഈ മികച്ച നേട്ടം.
പ്രൈംടൈം 9.35നു സംപ്രേഷണം ചെയ്തിരുന്ന കൂടത്തായി പരന്പര മറ്റു മുഖ്യധാരാ ചാനലുകളിലെ വൻ മുതൽ മുടക്കിലൊരുക്കിയ പ്രോഗ്രാമുകൾക്കും വാർത്താധിഷ്ഠിത പരിപാടികൾക്കും കനത്ത ഭീഷണി തന്നെയായിരുന്നു. ഈ വാരത്തിലും മികച്ച എന്റർടെയ്ൻമെന്റ് പ്രോഗ്രാമുകളിൽ രണ്ടാം സ്ഥാനത്ത് ഫ്ളവേഴ്സ് ടിവി തുടരുകയാണ്.
സീരിയൽ നിർത്തിവെക്കണം എന്നാവശ്യപ്പെട്ട് കൂടത്തായി സ്വദേശിയും കേസിലെ മുഖ്യസാക്ഷിയുമായ മുഹമ്മദ് ബാബ കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് ഈ താത്കാലിക ഉത്തരവ്. കേസിന്റെ അന്വേഷണം പൂർത്തീകരിക്കാനുണ്ടെന്നും ഇതു കേസന്വേഷണത്തെ ദോഷകരമായി ബാധിക്കുമെന്നും ഗവണ്മെന്റ് പ്ലീഡറും കോടതിയെ ബോധിപ്പിച്ചിരുന്നു.
ഇതേ ഇതിവൃത്തത്തിൽ മോഹൻലാൽ നായകനായി ഒരുക്കുന്ന സിനിമയ്ക്കും ഈ പരന്പരയ്ക്കുമെതിരെ ഇപ്പോൾ താമരശേരി മുൻസിഫ് കോടതിയിൽ ഹർജി നിലനിൽക്കുന്നുണ്ട്.
പ്രമേയവുമായി ബന്ധപ്പെട്ട് പരന്പര സംപ്രേക്ഷണം ചെയ്യുന്നതിനു മുന്പു തന്നെ ഡിസ്ക്ലെയിമർ എല്ലാ ചാനലും നൽകുന്നുവെങ്കിലും ഒരു കേസ് അന്വേഷണം തുടരുന്ന സംഭവത്തെക്കുറിച്ച് സീരിയൽ സംപ്രേക്ഷണം ചെയ്യുന്നത് ഇതാദ്യമായാണ് എന്നാണ് പൊതു അഭിപ്രായം.
സ്റ്റേ നീങ്ങിക്കിട്ടിയാൽ പരന്പര വീണ്ടും സംപ്രേക്ഷണം ആരംഭിക്കുമെന്നു ചാനൽ തലവൻ ശ്രീകണ്ഠൻ നായർ അറിയിച്ചു.
പ്രേം ടി. നാഥ്