കോഴിക്കോട്: കൂടത്തായി കൂട്ടക്കൊല കേസിലെ രണ്ടാം കുറ്റപത്രം സമർപ്പിച്ചു. സിലി വധക്കേസിലാണ് പോലീസ് ഇപ്പോൾ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. 1200 പേജുകളുള്ള കുറ്റപത്രത്തിൽ 165 സാക്ഷികളാണ് ഉള്ളത്. സിലിയെ വധിക്കാനുള്ള ജോളിയുടെ ആദ്യശ്രമം പരാജയപ്പെട്ടെന്നും രണ്ടാം ശ്രമത്തിലാണ് സിലി കൊല്ലപ്പെട്ടതെന്നും കുറ്റപത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
ആദ്യ ശ്രമത്തിൽ വിഷം ഉള്ളിൽ ചെന്നത് മെഡിക്കൽ റിപ്പോർട്ടിൽ ഡോക്ടർ രേഖപ്പെടുത്തിയിരുന്നു. എന്നാൽ, അത് ബന്ധുക്കൾ കാര്യമാക്കിയിരുന്നില്ല. ആ റിപ്പോർട്ട് കണക്കിലെടുത്തിരുന്നെങ്കിൽ സിലി മരിക്കുമായിരുന്നില്ലെന്ന് റൂറൽ എസ്പി കെ.ജി.സൈമൺ പറഞ്ഞു. സിലി വധക്കേസിൽ ഷാജുവിനെതിരെയും പിതാവ് സക്കറിയക്കെതിരെയും വ്യക്തമായ തെളിവുകളൊന്നുമില്ലെന്നും അദ്ദേഹം അറിയിച്ചു.
കൂടത്തായി കൊലപാതക പരമ്പരയിലെ ആദ്യ കുറ്റപത്രം ഈ മാസം ആദ്യമാണ് സമർപ്പിച്ചത്. റോയ് തോമസ് വധക്കേസിലെ കുറ്റപത്രമാണ് ആദ്യം സമർപ്പിച്ചിരുന്നത്. ആ കേസിലാകെ നാല് പ്രതികളും 246 സാക്ഷികളുമാണുള്ളത്.