കോഴിക്കോട്: കൂടത്തായ് കൊലപാതക പരമ്പരയിലെ അവസാന ഇര സിലി സെബാസ്റ്റ്യന്റെ പഴയ ചികിത്സാ രേഖകൾ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ നിന്ന് കസ്റ്റഡിയിലെടുത്തു. സിലി വധകേസ് അന്വേഷിക്കുന്ന സംഘതലവൻ തലശേരി ഡിവൈഎസ്പി കെ.വി. വേണുഗോപാലിന്റെ നേതൃത്വത്തിലാണ് ഇന്നലെ വൈകിട്ട് രേഖകൾ കസ്റ്റഡിയിലെടുത്തത്. വിഷവസ്തു ഉള്ളിൽ ചെന്നതാണെന്ന നിഗമനമടക്കം ചില സുപ്രധാന തെളിവുകൾ ചികിത്സാരേഖയിലുള്ളതായി സൂചനയുണ്ട്. 2016 ജനുവരി 11ന് ജോളി നടത്തിയ രണ്ടാമത്തെ ശ്രമത്തിലാണ് സിലി കൊല്ലപ്പെടുന്നത്.
അതിനു മാസങ്ങൾക്കു മുമ്പ് കഷായത്തിൽ സയനൈഡ് കലർത്തി ജോളി മറ്റൊരു ശ്രമം നടത്തിയിരുന്നു. മൂക്കിൽ നിന്നും വായിൽനിന്നും നുരയും പതയും വന്ന് കുഴഞ്ഞു വീണ സിലിയെ ഭർത്താവ് ഷാജുവും മറ്റും ചേർന്ന് ആദ്യം ഓമശേരിയിലെ ശാന്തി ആശുപത്രിയിലാണെത്തിച്ചത്.
സിലിക്ക് അപസ്മാരം ഉണ്ടായതാണെന്നു പറഞ്ഞ് ഷാജുവും ജോളിയും ശാന്തി ആശുപത്രിയിൽ തന്നെ ചികിത്സ തുടരാൻ നിർബന്ധിച്ചെങ്കിലും വിവരമറിഞ്ഞെത്തിയ സിലിയുടെ ബന്ധുക്കൾ ഇടപെട്ടാണ് കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റിയത്.
അവിടെ വച്ച് വയറ്റിലെ ഭക്ഷണാവശിഷ്ടങ്ങൾ നീക്കം ചെയ്തിനാൽ സിലി രക്ഷപെടുകയായിരുന്നു. ആശുപത്രിയിൽ നിന്ന് ഇന്നലെ കസ്റ്റഡിയിലെടുത്ത സിലിയുടെ ചികിത്സാ രേഖകൾ കേസിൽ ജോളിക്കെതിരായ സുപ്രധാന തെളിവാകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
സിലി കേസിൽ കസ്റ്റഡി കാലാവധി സമാപിക്കുന്ന ഇന്ന് വൈകിട്ട് മൂന്നാംപ്രതി പ്രജികുമാറിനെ കോടതിയിൽ ഹാജരാക്കും. അതിനുമുമ്പായി പ്രജികുമാറിന്റെ താമരശേരിയിലെ ആഭരണ നിർമാണശാലയിൽ തെളിവെടുപ്പ് നടക്കും.