താമരശേരി: കൂടത്തായി കൊലപാതക പരമ്പരയിലെ പൊന്നാമറ്റം ടോം തോമസ് വധക്കേസില്‍ മൂന്നാം പ്രതി പള്ളിപ്പുറം തച്ചംപൊയില്‍ മുള്ളമ്പലത്തില്‍ വീട്ടില്‍ പ്രജികുമാര്‍ (48)നെ താമരശേരി മുന്‍സിഫ് മജിസ്ട്രേറ്റ് കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു. പ്രതിയെ കോടതിയില്‍ ഹാജരാക്കാനുള്ള പ്രൊഡക്ഷന്‍ വാറന്റിന് തിങ്കളാഴ്ച അനുമതി നല്‍കിയിരുന്നെങ്കിലും കുറ്റ്യാടി സിഐ എന്‍. സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇന്നലെയാണ് ഹാജരാക്കിയത്.
പ്രജികുമാറിനെ ബുധനാഴ്ച മുതല്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടു വരെയാണ് കോടതി പോലീസ് കസ്റ്റഡി അനുവദിച്ചത്.
അതേസമയം സിലി വധക്കേസില്‍ റിമാന്‍ഡ് കാലാവധി അവസാനിച്ച പ്രജികുമാറിനെ ഈ കേസില്‍ താമരശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (ഒന്ന്)യില്‍ ഹാജരാക്കി തുടര്‍ റിമാന്‍ഡില്‍ വിട്ടു. ആല്ഫൈന് വധക്കേസില്‍ പ്രജികുമാറിന്റെ റിമാന്‍ഡ് കാലാവധി വ്യാഴാഴ്ച അവസാനിക്കുമെങ്കിലും ടോം തോമസ് കേസില്‍ ഉച്ച വരെ പോലീസ് കസ്റ്റഡിയിലായതിനാല്‍ തുടര്‍ റിമാന്‍ഡിന് അന്വേഷണസംഘം റിമാന്‍ഡ് എക്സ്റ്റന്‍ഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
ടോം തോമസിന്റെ ഭാര്യ അന്നമ്മയെ വധിച്ച കേസില്‍ മുഖ്യപ്രതി ജോളിയമ്മ ജോസഫ് എന്ന ജോളി(47) ന്റെ റിമാന്‍ഡ് കാലാവധി വ്യാഴാഴ്ച അവസാനിക്കുന്ന സാഹചര്യത്തില്‍ പ്രതിയെ കോടതിയില്‍ ഹാജരാക്കി തുടര്‍ റിമാന്‍ഡ് ചെയ്യും.