താമരശേരി: കൂടത്തായി കൊലപാതക പരമ്പരയില്‍ ആദ്യം സമര്‍പ്പിച്ച റോയ് തോമസ് വധക്കേസിന്റെ കുറ്റ പത്രത്തോടൊപ്പം പ്രതികള്‍ക്ക് നല്കിയ രേഖകളുടെ പകര്‍പ്പുകള്‍ പൂര്‍ണമല്ലെന്ന് കാണിച്ച് ഒന്നാം പ്രതി ജോളിയമ്മ ജോസഫ് എന്ന ജോളിയു(47)ടെ അഭിഭാഷകന് ആളൂര്‍ താമരശേരി മുന്‍സിഫ് മജിസ്ട്രേട്ട് കോടതിയില്‍ പരാതി നല്കി. പകര്‍പ്പില്‍ രേഖകളുടെ ലിസ്റ്റ് ഉള്‍പ്പെടുത്താതെയാണ് നല്‍കിയതെന്നും രഹസ്യമൊഴികളുടേത് അടക്കം പകര്‍പ്പ് ലഭിച്ചില്ലെന്നും പരാതിയില്‍ പറയുന്നു. കേസ് ഈ മാസം 25 ന് വീണ്ടും പരിഗണിക്കും.
അതേസമയം റോയ് തോമസ് വധക്കേസില്‍ 250 -ാ മത്തെ സാക്ഷിയായി അഡ്വ. എം. അശോകനെ ചേര്‍ത്ത് അന്വേഷണ സംഘം അഫിഡവിറ്റ് കോടതിയില്‍ സമര്‍പ്പിച്ചു. അറസ്റ്റിലാവുമെന്ന് ഉറപ്പായതോടെ രണ്ട് തവണ മുന്‍കൂര്‍ ജാമ്യത്തിനായി തന്നെ സമീപിച്ചുവെന്ന് അശോകന് അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു. റോയിക്കേസില് വ്യാജരേഖ ചമച്ചതിനും ഐപിസി 474 വകുപ്പ് കൂടി ജോളിക്കെതിരെ ചേര്‍ത്ത് അന്വേഷണ സംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
അഭിഭാഷകനെ സാക്ഷിപട്ടികയില്‍ ഉള്‍പ്പെടുത്തി
കോഴിക്കോട്: കൂടത്തായ് കൊലപാതക പരന്പരകേസിലെ റോയ് തോമസ് വധക്കേസില്‍ വ്യാജരേഖചമയ്ക്കല്‍ , കൈവശം വയ്ക്കല്‍ തുടങ്ങിയ സംഭവങ്ങള്‍ കൂടി ഉള്‍പ്പെടുത്തി അന്വേഷണസംഘം അനുബന്ധ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു.
കുടുംബകല്ലറ പൊളിയ്ക്കുന്നതിന് തലേന്ന് നിയമസഹായത്തിനായി ജോളി സമീപിച്ച കോഴിക്കോട്ടെ പ്രമുഖ ക്രിമിനൽ അഭിഭാഷകനെ അനുബന്ധ കുറ്റപത്രത്തിലെ സാക്ഷിപട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കല്ലറ തുറക്കും മുന്‍പുള്ള ദിവസങ്ങളില്‍ ജോളി രണ്ടുതവണ ഈ അഭിഭാഷകനെ കാണാന്‍ ഓഫീസില്‍ എത്തിയിരുന്നു. ഇക്കാര്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചത്.
ഇതുമായി ബന്ധപ്പെട്ട അഭിഭാഷകന്റെ മൊഴികൂടി കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജോളിക്കൊപ്പം അഭിഭാഷകനെ കാണാന്‍ പോയതായി പൊന്നാമറ്റം ജോസഫ് ഹിലാരിയോസ് , സഹോദരൻ ബോസ്കോ എന്നിവര്‍ അന്വേഷണസംഘത്തിന് മൊഴി നല്‍കിയിരുന്നു.
അന്ന് അഭിഭാഷകന്റെ ഓഫീസിൽവച്ച് ജോളി കുറ്റസമ്മതം നടത്തിയതായും ഇവർ മൊഴി നൽകിയിരുന്നു. ഇക്കാര്യങ്ങൾ ഇവർ കോടതിയിൽ രഹസ്യമൊഴിയായും നൽകിയിട്ടുണ്ട്. ജോളി നിയമസഹായം തേടുന്നതിനിടെ കുറ്റസമ്മതം നടത്തിയിരുന്നുവെന്ന മൊഴിയ്ക്ക് കൂടുതൽ ബലം നൽകുന്നതിനാണ് അഭിഭാഷകനെ സാക്ഷിപട്ടികയിൽ ഉൾപ്പെടുത്തിയത്.
ഗൂഢലക്ഷ്യം വച്ചാണ് വ്യാജരേഖനിര്മിച്ചതെന്നും അത് ക്രിമിനല്ബുദ്ധിയോടെ കൈവശം വച്ചെന്നും അന്വേഷണസംഘം കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടുന്നു. കൂടത്തായി കൊലപാതകപരമ്പരയിലെ ആദ്യ കേസായ റോയ്തോമസ് വധക്കേസില്‍ കുറ്റങ്ങൾ മാത്രം 25 പേജുണ്ട്. 250 സാക്ഷികളും 350 ഓളം അനുബന്ധതെളിവുകളും ഉള്‍പ്പെട്ട വിശദമായ കുറ്റപത്രമാണ് നിലവില്‍ കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.