കോഴിക്കോട് : കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ടുള്ള ശാസ്ത്രീയ പരിശോധനകള്‍ക്കായി ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിക്കുന്നു. പൊന്നാമറ്റത്തെ റോജോ, സഹോദരി റെഞ്ചി, റോയ്തോമസ്-ജോളി ദമ്പതിമാരുടെ മക്കളായ റെമോ, റൊണാള്‍ഡ് എന്നിവരില്‍ നിന്നാണ് സാമ്പിളുകള്‍ ശേഖരിക്കുന്നത്.
ഡിഎന്‍എ പരിശോധനയുടെ ഭാഗായി സാമ്പിളുകള്‍ ശേഖരിക്കുന്നതിനായി കോഴിക്കോട് മെഡിക്കല്‍കോളജിലെ ഫോറന്‍സിക് വിഭാഗത്തില്‍ ഇവരോട് എത്താന്‍ അന്വേഷണസംഘം ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് ഇവരെത്തിയത്.
അന്വേഷണത്തിന്റെ ഭാഗമായി കല്ലറകള്‍ തുറന്ന് മൃതദേഹാവശിഷ്ടങ്ങള്‍ ഫോറന്‍സിക് വിഭാഗം ശേഖരിച്ചിരുന്നു. ഇവയെല്ലാം കൊലചെയ്യപ്പെട്ട ടോംതോമസ്, അന്നമ്മ, റോയ്തോമസ് എന്നിവരുടെ ശരീരാവശിഷ്ടങ്ങള്‍ തന്നെയാണെന്ന് സ്ഥിരീകരിക്കുന്നതിനാണ് ഡിഎന്‍എ പരിശോധന നടത്തുന്നത്.
ഇതിനു പുറമേ സിലിയുടേയും ആല്‍ഫൈന്റേയും ഡിഎന്‍എ പരിശോധനയുമായി ബന്ധപ്പെട്ടും ഇവരുടെ ബന്ധുക്കളില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിക്കും. ഈ ഡിഎന്‍എ സാമ്പിളുകളുമായി എക്സ്ഹ്യുമേഷന്‍ നടത്തി കിട്ടിയ അസ്ഥികളും തലമുടികളും പല്ലുകളുമെല്ലാം താരതമ്യം ചെയ്യുകയും ഇവ ആരുടേതെല്ലാമാണെന്ന് തിരിച്ചറിയുകയുമാണ് ചെയ്യുന്നത്.
അതിന് ശേഷമാണ് കെമിക്കല്‍ അനാലിസിസ് നടത്തുന്നത്. കെമിക്കല്‍ അനാലിസിസ് പരിശോധനയിലൂടെ ശരീരത്തില്‍ ഏതെങ്കിലും വിഷാംശം എത്തിയിട്ടുണ്ടെങ്കില്‍ അക്കാര്യം കണ്ടെത്താനാവുമെന്നാണ് പ്രതീക്ഷ. ഇതിനായി ആഭ്യന്തരവകുപ്പ് വിദേശ ഏജന്‍സികളുടെ സഹായം തേടാനും തീരുമാനിച്ചിട്ടുണ്ട്. എല്ലാമരണങ്ങളും സൈനൈഡ് നല്‍കിയാണെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍ . എന്നാല്‍ കുറഞ്ഞ അളവിലെ സൈനൈഡ് ഉള്ളിലെത്തിയുള്ളൂ എന്നതിനാല്‍ തെളിവുകള്‍ ലഭിക്കാനുള്ള സാധ്യത വിരളമാണ്.
ഈ സാഹചര്യത്തിലാണ് അന്വേഷണസംഘം ആഭ്യന്തരവകുപ്പ് മുഖേന വിദേശ ഏജന്‍സികളുടെ സഹായം തേടുന്നത്. മൃതദേഹാവശിഷ്ടങ്ങളുടെ ട്രാന്‍സ് അനാലിസിസ് നടത്താന്‍ രാജ്യത്തെ ഏറ്റവും മികച്ച ലബോറട്ടറിയുടെ സേവനമാണ് തേടുന്നത്. ഇതിന് കഴിയാത്ത പക്ഷമാണ് കോടതി അനുമതിയോടെ തന്നെ വിദേശ ലാബിനെ സമീപിക്കുക.