കോഴിക്കോട് : നാടിനെ ഞെട്ടിച്ച ഒരു കുടുംബത്തിലെ ആറുപേരുടെ ദുരൂഹ മരണത്തിനു പിന്നിലെ മുഖ്യ ആസൂത്രക ജോളിയും സഹായിയും പോലീസ് കസ്റ്റഡിയിൽ.
ഇന്നു രാവിലെ ഒന്‍പതോടെയാണ് ആദ്യ ഭർത്താവ് റോയ് തോമസിന്റെ കൂടത്തായിയിലെ തറവാട് വീട്ടിൽനിന്ന് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആർ.ഹരിദാസ്,എസ്ഐ ജീവൻ ജോർജ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ജോളിയെ കസ്റ്റഡിയിലെടുത്തത്. ഇവരെ ഉടൻ തന്നെ താമരശേരിയിലെത്തിച്ച് റൂറൽ എസ്പിയുടെ ഓഫീസിലേക്ക് കൊണ്ടുപോയി.
ഭർത്താവ് റോയ് തോമസ്, റോയിയുടെ മാതാപിതാക്കളായ കൂടത്തായ് പൊന്നാമറ്റം ടോം തോമസ് , ഭാര്യ അന്നമ്മ, അന്നമ്മയുടെ സഹോദരൻ മാത്യു മഞ്ചാടിയിൽ, ടോം തോമസിന്റെ സഹോദരൻ സക്കറിയ മാസ്റ്ററുടെ പുത്രനും ജോളിയുടെ ഇപ്പോഴത്തെ ഭർത്താവുമായ ഷാജു സക്കറിയയുടെ ഭാര്യ സിലി, ഇവരുടെ മകൾ ആൽഫൈൻ എന്നീ ആറുപേരെയും സയനൈഡ് ഭക്ഷണത്തിൽ കലർത്തി നൽകി കൊലപ്പെടുത്തിയതാണെന്ന കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇടുക്കി കട്ടപ്പന സ്വദേശിനിയായ ജോളിയെ കസ്റ്റഡിയിലെടുത്തത്.
ഇന്നലെ ആറു മൃതദേഹങ്ങളും കല്ലറ തുറന്ന് പരിശോധിച്ചിരുന്നു. മരണകാരണം സയനൈഡ് ആണെന്ന ഫോറൻസിക് വിദഗ്ധരുടെ പ്രാഥമിക റിപ്പോർട്ട് കണക്കിലെടുത്താണ് ഇന്നുതന്നെ ജോളിയെ കസ്റ്റഡിയിലെടുത്തത്. വൈകാതെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തും.
ജോളിയാണ് മുഖ്യപ്രതിയെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങൾ പറഞ്ഞു. ജോളിയോടൊപ്പം സയനൈഡ് എത്തിച്ചുകൊടുത്ത മുന്‍ ജ്വല്ലറി ജീവനക്കാരനെയും കസ്റ്റഡിയിലെടുത്തു. കോഴിക്കോട്ടെ ഒരു ജ്വല്ലറിയിൽ ജോലി ചെയ്യുന്ന പൊന്നാമറ്റത്തിൽ കുടുംബത്തിന്റെ അടുത്ത ബന്ധുകൂടിയാണ് ജ്വല്ലറി ജീവനക്കാരൻ. പിഞ്ചുകുഞ്ഞിനെയടക്കം അറുകൊല ചെയ്യാൻ സഹായിച്ച ടോം തോമസിന്റെ രണ്ട് അടുത്ത ബന്ധുക്കളും പ്രതികളാകുമെന്ന് പോലീസ് പറഞ്ഞു.
കൃത്യത്തിനു സഹായിച്ചവരുടെ മൊഴിയിലെ വൈരുദ്ധ്യവും മരിച്ചവരുടെ കുടുംബാംഗങ്ങളുടെ മൊഴിയും ജോളിയുടെ പങ്കിലേക്കാണ് വിരല്‍ ചൂണ്ടിയത്. ഇവര്‍ക്ക് സഹായം ചെയ്തുനല്കിയവരുടെ കുറ്റസമ്മതമൊഴിയാണ് യുവതിയെ കുരുക്കിയത്. 2017 ഫെബ്രുവരി ആറിനാണ് ഇവര്‍ ഷാജുവിനെ വിവാഹം ചെയ്തത്. ടോം തോമസിന്റെയും കുടുംബാഗങ്ങളുടെയും സ്വത്ത് തട്ടിയെടുക്കലായിരുന്നു പ്രധാന ലക്ഷ്യം. ഇത് ഉറപ്പിക്കുന്ന തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.
അതേസമയം ഒന്നിലധികമാളുകള്‍ കുറ്റകൃത്യത്തിലുണ്ടെന്ന് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിക്കുന്നു. വ്യാജ വില്പത്രമുണ്ടാക്കിയവരെയും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവരും കുറ്റസമ്മതം നടത്തിയതായാണ് സൂചന.ആറുപേർക്കും കുറഞ്ഞ അളവിൽ ഭക്ഷണത്തിൽ സയനൈഡ് ചേർത്ത് നൽകുകയായിരുന്നു. ഭക്ഷണം കഴിച്ച് മിനിട്ടുകൾക്കകമാണ് ആറുപേരും കുഴഞ്ഞുവീണ് മരിച്ചത്.
എല്ലാ മരണവും നടക്കുന്പോൾ ജോളി സംഭവസ്ഥലത്തുണ്ടായത് സുപ്രധാന തെളിവായി. മരിച്ച മഞ്ചാടിയിൽ മാത്യുവിന്റെ ഭാര്യയുടെ ബന്ധുവാണ് പ്രതി ജോളി.16 വര്‍ഷങ്ങള്‍ക്കു മുമ്പുള്ളതും പിന്നാലെ 14 വര്‍ഷങ്ങളുടെ ഇടവേളകളിലുണ്ടായ ബന്ധുക്കളുടെ മരണങ്ങള് ആസൂത്രിതമായ കൊലപാതകമാണെന്ന നിഗമനത്തില്‍ പോലീസ് നേരത്തെ എത്തിയെങ്കിലും ശാസ്ത്രീയ തെളിവുകൾക്കായി കാത്തിരിക്കുകയായിരുന്നു.
2011 ല്‍ മരണപ്പെട്ട റോയി തോമസിന്റെ മൃതദേഹം ഒഴികെ എല്ലാ മൃതദേഹങ്ങളും പോസ്റ്റ്മോര്‍ട്ടം ചെയ്യാതെയാണ് അടക്കം ചെയ്തത്. 2002 ഓഗസ്റ്റ് 22-നാണ് കേസിനാസ്പദമായ ആദ്യ മരണം നടക്കുന്നത്. റിട്ട.വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥനായ കൂടത്തായി പൊന്നാമറ്റം ടോം തോമസിന്റെ ഭാര്യയും റിട്ട.അധ്യാപികയുമായ അന്നമ്മ(57) ആട്ടിന്‍സൂപ്പ് കഴിച്ചയുടന്‍ കുഴഞ്ഞുവീഴുകയായിരുന്നു. ആര്‍ക്കും അസ്വാഭാവികത തോന്നിയില്ല. പിന്നീട് ആറ് വര്‍ഷത്തിനു ശേഷം 2008 ഓഗസ്റ്റ് 26-ന് ടോം തോമസും(66) മരിച്ചു.
ഭക്ഷണം കഴിച്ചയുടൻ ഛര്‍ദ്ദിച്ച് അവശനായായിരുന്നു ടോമി മരണം. മൂന്നു വര്‍ഷത്തിന് ശേഷം 2011 സെപ്തംബര്‍ 30-ന് മകന് റോയ് തോമസ്(40)മരിച്ചു. ബാത്റൂമില്‍ കയറി ബോധംകെട്ടുവീണു എന്നായിരുന്നു ഭാര്യ ജോളിയുടെ മൊഴി. അതും നാട്ടുകാര്‍ വിശ്വസിച്ചു. തൊട്ടുപിന്നാലെ മൂന്നുവര്‍ഷത്തിനുശേഷം 2014 ഏപ്രില്‍ 24ന് അന്നമ്മയുടെ സഹോദരനും വിമുക്തഭടനുമായ മാത്യു മഞ്ചാടിയില്‍ (67)മരിച്ചു.
അതും ഭക്ഷണം കഴിച്ച ഉടനെ ആയിരുന്നു. പിന്നീടാണ് അതേവര്‍ഷം 2014 മേയ് മൂന്നിന് ടോം തോമസിന്റെ അനുജന് സക്കറിയയുടെ മകന് ഷാജു സക്കറിയായുടെ ഒന്നര വയസ്സുള്ള മകള്‍ ആല്ഫെന് മരണപ്പെട്ടത്. ആദ്യകുര്‍ബാന വിരുന്നില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്പോള് ഭക്ഷണം ശ്വാസനാളത്തില്‍ കുടുങ്ങിയതാണെന്നായിരുന്നു ബന്ധുക്കള്‍ പറഞ്ഞത്.
മരണ പരമ്പരയിലെ അവസാനത്തെ കണ്ണിയായ ഷാജു സക്കറിയയുടെ ഭാര്യ സിലി സെബാസ്റ്റ്യന്‍(ഫിലി-42), 2016 ജനവരി 11നും മരിച്ചു. അതും ഭക്ഷണം കഴിച്ച് അധികം വൈകാതെയായിരുന്നു. സയനൈഡ് ഭക്ഷണത്തിൽ കലർത്തി നൽകിയ ജോളിയുടെ മടിയിൽകിടന്നാണ് ഷിലു അന്ത്യശ്വാസം വലിച്ചത്. ഒരു വർഷത്തിനകം ജോളി, സിലിയുടെ ഭർത്താവും മുക്കം ആനയാംകുന്ന് സ്കൂളിലെ അധ്യാപകനുമായ ഷാജു സക്കറിയയെ വിവാഹം ചെയ്തു.
അതിനുശേഷവും ആദ്യ ഭർത്താവ് റോയ് തോമസിന്റെ കൂടത്തായിയിലെ വീട്ടിലായിരുന്നു ജോളി താമസിച്ചിരുന്നത്.കോടികൾ വിലമതിക്കുന്ന വീടും സ്വത്തും വ്യാജ ഒസ്യത്ത് തയാറാക്കി ജോളിയുടെ പേരിലേക്ക് മാറ്റിയതാണ് ടോം തോമസിന്റെ മറ്റുമക്കളിൽ സംശയം ജനിപ്പിച്ചതും പോലീസിൽ പരാതി നൽകാനിടയായതും.