കോഴിക്കോട്: കൂടത്തായിയിലെ ദുരൂഹമരണങ്ങൾ എല്ലാം കൊലപാതകമാണെന്ന് സ്ഥിരീകരിച്ച് പോലീസ്. ആറ് മരണങ്ങളും മരിച്ച റോയിയുടെ ഭാര്യ ജോളി ആസൂത്രണം ചെയ്തതാണെന്ന് വടകര റൂറൽ എസ്പി കെ.ജി .സൈമൺ പറഞ്ഞു. ആറു മരണങ്ങൾ നടന്ന സമയത്തെയും ജോളിയുടെ സാന്നിധ്യമാണ് സംശയം ബലപ്പെടുത്തിയതെന്നും എല്ലാ മരണങ്ങളിലും ഒരേ സ്വഭാവമാണ് ഉള്ളതെന്നും എസ്പി പറഞ്ഞു.
ജോളിയുടെ മൊഴികളിലെ വൈരുധ്യമാണ് അറസ്റ്റിലേക്കുള്ള വഴി തുറന്നതെന്നു പറഞ്ഞ എസ്പി ജോളിയുടെ ഭാർത്താവ് ഷാജുവിനെതിരെ വ്യക്തമായ തെളിവുകളില്ലെന്നും വ്യക്തമാക്കി. കൊലപാതകങ്ങൾക്ക് പിന്നിൽ സ്വത്ത് തർക്കം മാത്രമല്ലെന്നും വ്യാജ ഒസ്യത്ത് സംബന്ധിച്ചും അന്വേഷണം നടത്തുമെന്നും പറഞ്ഞ എസ്പി, ജോളി ഭർതൃപിതാവിനെ കൊന്നത് കൂടുതൽ സ്വത്ത് നൽകില്ലെന്ന് പറഞ്ഞതിനാണെന്നും മാധ്യമങ്ങളോട് വ്യക്തമാക്കി.
എല്ലാ മരണങ്ങളിലും പങ്കുണ്ടെന്ന് ജോളി ഇതിനോടകം തന്നെ സമ്മതിച്ചിട്ടുണ്ട്. എന്നാൽ കൂടുതൽ സ്ഥിരീകരണത്തിന് ശാസ്ത്രീയ പരിശോധനാ ഫലം ലഭിക്കണമെന്നും കല്ലറകളിൽ നിന്ന് രണ്ടു പേരുടെ മൃതദേഹങ്ങളുടെ അവശിഷ്ടങ്ങൾ മാത്രമാണ് ലഭിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കല്ലറ പുതുക്കി പണിതപ്പോൾ ബാക്കിയുള്ളവരുടെ മൃതദേഹാവശിഷ്ടങ്ങൾ അവിടെ നീക്കിയെന്നും എസ്പി പറഞ്ഞു.
മരിച്ച റോയിയുടെ ഭാര്യ ജോളി, ജോളിയെ സഹായിച്ച ജൂവല്ലറി ജീവനക്കാരൻ മാത്യു, മാനന്തവാടിയിലെ സ്വർണപണിക്കാരൻ പ്രജുകുമാർ എന്നിവരെ ഇന്ന് രാവിലെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. നേരത്തേ, ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിനെയും പിതാവ് സക്കറിയായേയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും പിന്നീട് വിട്ടയച്ചിരുന്നു.
ദുരൂഹമരണങ്ങളിലെ അന്വേഷണത്തിൽ കൊലപാതകമാണെന്നു സ്ഥിരീകരിക്കുന്ന നിർണായകമായ സാഹചര്യതെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. മരിച്ച റോയിയുടെ ഭാര്യ ജോളിയെ ശനിയാഴ്ച രാവിലെയാണ് വീട്ടിൽനിന്നും ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയിൽ എടുത്തത്. നേരത്തെ, ആറു പേരുടെ മരണത്തിന്റെ കാരണം കണ്ടെത്താന്‍ കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിലെ കല്ലറ തുറന്ന് ഫോറന്‍സിക് വിദഗ്ധർ വെള്ളിയാഴ്ച പരിശോധന നടത്തിയിരുന്നു.
റിട്ട.വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥനായ കൂടത്തായി പൊന്നാമറ്റം ടോം തോമസ്, ഭാര്യയും റിട്ട. അധ്യാപികയുമായ അന്നമ്മ തോമസ്, മകന് റോയ് തോമസ്, അന്നമ്മയുടെ സഹോദരനും വിമുക്ത ഭടനുമായ മാത്യു മഞ്ചാടിയില്‍ എന്നിവരുടെ മൃതദേഹങ്ങളാണ് പുറത്തെടുത്ത് പരിശോധിച്ചത്. 16 വര്‍ഷങ്ങള്‍ക്കു മുമ്പു തുടങ്ങി ഇടവേളകളിലുണ്ടായ ആറു ബന്ധുക്കളുടെ മരണങ്ങള് ആസൂത്രിതമായ കൊലപാതകങ്ങളാണെന്ന് സംശയിക്കുന്നതായി പോലീസ് വ്യക്തമാക്കിയിരുന്നു.
2002 ഓഗസ്റ്റ് 22-നാണ് കേസിനാസ്പദമായ ആദ്യ മരണം. പൊന്നാമറ്റം ടോം തോമസിന്റെ ഭാര്യ അന്നമ്മ(57) ആട്ടിൻസൂപ്പ് കഴിച്ചയുടൻ കുഴഞ്ഞുവീഴുകയായിരുന്നു. ആർക്കും അസ്വാഭാവികത തോന്നിയില്ല.
പിന്നീട് ആറ് വര്‍ഷം കഴിഞ്ഞ് 2008 ഓഗസ്റ്റ് 26-ന് ടോം തോമസും(66) മരിച്ചു. ഛര്‍ദ്ദിച്ച് അവശനായായിരുന്നു ടോമിന്റെ മരണം. അന്നും ആർക്കും അസ്വാഭാവികത തോന്നിയില്ല. മൂന്ന് വര്‍ഷത്തിനു ശേഷം 2011 സെപ്റ്റംബർ 30-ന് മകന് റോയ് തോമസ്(40)മരിച്ചു. ബാത്ത്റൂമിൽ കയറിയപ്പോൾ ബോധംകെട്ടുവീണു എന്നായിരുന്നു ഭാര്യ ജോളിയുടെ മൊഴി. അതും നാട്ടുകാർ വിശ്വസിച്ചു.
മൂന്നുവര്‍ഷത്തിനുശേഷം 2014 ഏപ്രിൽ 24-ന് അന്നമ്മയുടെ സഹോദരനും വിമുക്തഭടനുമായ മാത്യു മഞ്ചാടിയിൽ (67) മരിച്ചു. അതും സ്വാഭാവിക മരണമായി കണക്കാക്കി. പിന്നീടാണ് അതേവര്‍ഷം മേയ് മൂന്നിന് ടോം തോമസിന്റെ അനുജനായ സക്കറിയയുടെ മകൻ ഷാജു സക്കറിയായുടെ പത്തുമാസം പ്രായമുള്ള മകൾ ആല്ഫൈൻ മരിച്ചത്. വിരുന്നിൽ പങ്കെടുത്തുകൊണ്ടിരിക്കുമ്പോൾ ഭക്ഷണം ശ്വാസനാളത്തിൽ കുടുങ്ങിയതാണെന്നായിരുന്നു ബന്ധുക്കൾ പറഞ്ഞത്.
ഏറ്റവുമൊടുവിൽ, ഷാജു സക്കറിയായുടെ ഭാര്യ സിലി സെബാസ്റ്റ്യൻ (ഫിലി-42) 2016 ജനുവരി 11ന് മരിച്ചതോടെ കാണാമറയത്തെത്തിയവരുടെ എണ്ണം ആറായി.