താമരശേരി: കൂടത്തായ് കൊലപാതക പരമ്പര ഇതിവൃത്തമാക്കി നിര്‍മിക്കുന്ന സിനിമയുടെയും സീരിയലിന്റെയും സംപ്രേഷണത്തിനെതിരേ കോടതിയെ സമീപിച്ചത് റോയ്-ജോളി ദമ്പതിമാരുടെ മക്കളുടെ മാനസികാവസ്ഥയും ഭാവിയും കരുതിയാണെന്ന് കൊല്ലപ്പെട്ട റോയ് തോമസിന്റെ സഹോദരി റെഞ്ചി തോമസ്.
അഭിഭാഷകൻ എം. മുഹമ്മദ് ഫിര്‍ദൗസ്, പൊന്നാമറ്റം വീടിന്റെ അയല്‍വാസി എന്‍.പി. മുഹമ്മദ് ബാവ എന്നിവര്‍ക്കൊപ്പം താമരശേരി മുന്‍സിഫ് മജിസ്ട്രേറ്റ് കോടതിയിലെത്തിയപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. അന്വേഷണം നടന്നു കൊണ്ടിരിക്കുന്ന കൊലപാതക കേസുകളില്‍ അന്വേഷണം പൂര്‍ത്തിയാവുന്നതിനു മുമ്പ്തന്നെ സിനിമയും സീരിയലുമെല്ലാം സംപ്രേഷണം ചെയ്യുന്നത് റോയി, ജോളിദമ്പതികളുടെ മക്കളെ മാനസികമായി ഏറെ വിഷമിപ്പിക്കുമെന്നും റെഞ്ചി തോമസ് പറഞ്ഞു.
അതേസമയം ആശീര്‍വാദ് സിനിമാസ് ഉടമ ആന്റണി പെരുമ്പാവൂര്‍, വാമോസ് മീഡിയ പ്രൊഡക്ഷന്‍സ് ഉടമ ഡിനി ഡാനിയേല്‍ , ഫ്ളവേഴ്സ് ചാനല്‍, ചാനല്‍ സിഇഒ ശ്രീകണ്ഠന് നായര്‍, സീരിയല്‍ സംവിധായകന് ഗിരീഷ്, മുഖ്യപ്രതി ജോളി,കൂടത്തായ് സിനിമ സംബന്ധിച്ച് വാര്‍ത്തകള്‍ നല്കിയ രണ്ട് ചാനലുകള്‍ എന്നീ എട്ടുപേര്‍ക്കാണ് കോടതി നോട്ടീസ് അയച്ചത്.