പത്തനംതിട്ട: 37 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കി പത്തനംതിട്ട ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണ്‍ നാളെ കേരള പോലീസില്‍ നിന്നു പടിയിറങ്ങും. പോലീസില്‍ സബ് ഇന്‍സ്‌പെക്ടറായി ജോലിക്ക് കയറിയ കെ.ജി. സൈമണ്‍, കേസുകളുടെ അന്വേഷണത്തില്‍ സര്‍വിസിന്റെ തുടക്കം മുതല്‍ കൗതുകവും ത്വരയും നിലനിര്‍ത്തിപ്പോന്ന ഉദ്യോഗസ്ഥനാണ്.
കൂടത്തായി കൂട്ടക്കൊല കേസുള്‍പ്പെടെയുള്ള നിരവധി കേസുകളില്‍ തുമ്പുണ്ടാക്കാനും പ്രതികളെ നിയമത്തിനു മുന്നിലെത്തിക്കാനും സാധിച്ചു.
സ്വയം ആര്‍ജിച്ചെടുത്ത കഴിവും പോലീസിലെ പുത്തന്‍ സാങ്കേതികത്വവും സമന്വയിപ്പിച്ച് കേസ് അന്വേഷണരംഗത്തു തന്റേതായ പാത വെട്ടിത്തുറന്ന അദ്ദേഹം’കൂടത്തായി സൈമണ്‍’ എന്ന വിളിപ്പേര് സമ്പാദിച്ചു.
മികവിന്റെ പേരാണ് സൈമണ്‍
കേരളാപോലീസിലെ അന്വേഷണ മികവേറിയ പോലീസ് ഉദ്യോഗസ്ഥരുടെ ഗ്രാഫ് പരിശോധിക്കുമ്പോള്‍ ഏറ്റവും ആദ്യം എണ്ണപ്പെടുന്ന പേരുകളില്‍ ഒന്നാണ് കെ.ജി. സൈമണിന്റേത്. ബാഡ്ജ് ഓഫ് ഓണര്‍, സ്തുത്യര്‍ഹ സേവനപുരസ്‌കാരങ്ങള്‍, പ്രശംസാ പത്രങ്ങള്‍ കാഷ് അവാര്‍ഡുകള്‍ തുടങ്ങി 200ല്‍ പരം ബഹുമതികള്‍ സ്വന്തമാക്കി.
വിശിഷ്ടസേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡലും, അന്വേഷണ മികവിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അവാര്‍ഡുമെന്ന ഇരട്ടനേട്ടങ്ങള്‍ ഒരേസമയം കരസ്ഥമാക്കി കേരളാപോലീസില്‍ അപൂര്‍വ ബഹുമതിയും സമീപകാലത്ത് അദ്ദേഹത്തിനു സ്വന്തമായി.
തിരോധാനങ്ങള്‍ക്കു പിന്നാലെ
ചങ്ങനാശേരി മധുമൂലയില്‍ മഹാദേവന്റെ തിരോധനം, 19 വര്‍ഷങ്ങള്‍ക്കുശേഷം കൊലപാതകമായിരുന്നെന്നു കണ്ടെത്തിയതിനാണ് അന്വേഷണ മികവിനുള്ള കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ അവാര്‍ഡ് ലഭിച്ചത്.
18 ദിവസം തുടര്‍ച്ചയായി പാറമടയിലെ കുളം തോണ്ടി പരിശോധിച്ച പോലീസ് കാണാതായ ആളുടെ തലയോട്ടി കണ്ടെത്തി. തുടര്‍ന്ന് ശാസ്ത്രീയ അന്വേഷണത്തില്‍ കൊലപാതകമാണെന്ന് തെളിയുകയായിരുന്നു.
സംസ്ഥാനത്ത് ആദ്യമായാണ് ഒരു പോലീസ് ഓഫീസര്‍ക്ക് വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡലും, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അന്വേഷണ മികവിനുള്ള അവാര്‍ഡും ലഭിക്കുന്നത്.
നേരിന്റെ വഴിയില്‍
കോവിഡ് രണ്ടാംഘട്ട വ്യാപനത്തിനു പത്തനംതിട്ട ജില്ലയില്‍ തുടക്കമിട്ട കഴിഞ്ഞ മാര്‍ച്ചിലാണ് ജില്ലാ പോലീസ് മേധാവിയായി കെ.ജി. സൈമണ്‍ പത്തനംതിട്ടയിലെത്തുന്നത്.
സത്യസന്ധമായും നേര്‍വഴിക്കും ജോലിചെയ്യുകയും സാമ്പത്തികമോ മറ്റോ ആയ താത്പര്യങ്ങള്‍ ആഗ്രഹിക്കാതിരിക്കുകയും ചെയ്യുന്നവരെ ജനം അംഗീകരിക്കുമെന്നും അത്തരക്കാര്‍ക്ക് കേരളാപോലീസ് ജോലിചെയ്യാനുള്ള ഏറ്റവും നല്ല ഡിപ്പാര്‍ട്ട്‌മെന്റാണ് കേരള പോലീസെന്നും സൈമണ്‍ പറഞ്ഞു.
തന്നില്‍ വന്നുഭവിച്ച സമ്മര്‍ദ്ദങ്ങള്‍ ഒന്നുംതന്നെ താഴെത്തട്ടിലേക്കു കൈമാറാതെ കൈകാര്യം ചെയ്യുകയും ദൈവാധീനം വളരെയധികം തന്നിലേക്ക് എത്തുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു.
യാത്രയയപ്പു നല്‍കി
സര്‍വീസില്‍ നിന്നു വിരമിക്കുന്ന ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണ് ജില്ലാപോലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ യാത്രയയപ്പു നല്‍കി.
സമ്മേളനം രാജു ഏബ്രഹാം എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഷാനു സ്റ്റീഫന്‍ സംവിധാനം ചെയ്ത ജില്ലാപോലീസ് മേധാവിയെപ്പറ്റിയുള്ള ഡോക്കുമെന്ററിയുടെ പ്രകാശനവും നടന്നു. ചടങ്ങില്‍ പോലീസ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ടി. എന്‍. അനീഷ് അധ്യക്ഷത വഹിച്ചു.
അഡിഷണല്‍ എസ്പി എ.യു., സുനില്‍കുമാര്‍, ജില്ലാ സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി ആര്‍. ജോസ്, സി ബ്രാഞ്ച് ഡിവൈഎസ്പി ആര്‍. സുധാകരന്‍ പിള്ള, പത്തനംതിട്ട ഡിവൈഎസ്പി കെ. സജീവ്, ഓഫീസര്‍സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എസ്.ന്യുമാന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പോലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ ജില്ലാസെക്രട്ടറി ജി. ജയചന്ദ്രന്‍ സ്വാഗതവും പോലീസ് അസോസിയേഷന്‍ ജില്ലാ ട്രഷറര്‍ അന്‍സി നന്ദിയും പറഞ്ഞു